karipur-airport

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിലെ കസ്റ്റംസ് ഹാളിൽ നടത്തിയ സി ബി ഐ പരിശോധനയിൽ ഗുരുതര ക്രമക്കേടുകൾ കണ്ടെത്തി. ഇന്നലെ പുലർച്ചെ തുടങ്ങിയ പരിശോധന ഇന്ന് പുലർച്ചെയാണ് അവസാനിച്ചത്. കസ്റ്റംസ് ഉദ്യോഗസ്ഥരിൽ നിന്ന് മൂന്നര ലക്ഷം രൂപ പിടിച്ചെടുത്തു.

കസ്റ്റംസ് ഡ്യൂട്ടി ഓഫീസിൽ നിന്ന് 650 ഗ്രാം സ്വർണവും സി ബി ഐ പിടിച്ചെടുത്തു. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ യാത്രക്കാരിൽ നിന്ന് 750 ഗ്രാം സ്വർണവും പിടികൂടി. പാസ്‌‌പോർട്ട് വാങ്ങി വച്ചശേഷം ഇവരെ സി ബി ഐ വിട്ടയച്ചു. വിദേശ സിഗരറ്റ് പെട്ടികളും പിടിച്ചെടുത്തിട്ടുണ്ട്.

ഇന്നലെ പുലർച്ചെ കൊച്ചിയിൽ നിന്നെത്തിയ സി ബി ഐയുടെ നാലംഗ സംഘമാണ് കോഴിക്കോട് നിന്നുള്ള ഡി ആർ ഐ സംഘത്തിന്റെ സഹായത്തോടെ റെയ്ഡ് നടത്തിയത്. കരിപ്പൂരിൽ സ്വർണക്കടത്ത് വർദ്ധിച്ചതിനെ തുടർന്ന് കസ്റ്റംസും കള്ളക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന പരാതിയിലാണ് റെയ്ഡ് നടത്തിയത്. പുലർച്ചെ എയർ അറേബ്യയുടെ ഷാർജ വിമാനം എത്തുമ്പോഴാണ് സംഘം എത്തിയത്.