കുറുമ്പും കുസൃതിയും നിറഞ്ഞ, സാന്ത്വനം വീട്ടിലെ കണ്ണനെ അഭിനയിച്ച് കൈയടി നേടുന്ന അച്ചു സുഗന്ധിന്റെ വിശേഷങ്ങൾ...
'സാന്ത്വനം" കാണുന്നവർക്കെല്ലാം പ്രിയപ്പെട്ടവനാണ് കണ്ണൻ. സ്നേഹം നിറഞ്ഞു തുളുമ്പുന്ന ആ വീട്ടിലെ ചെല്ലക്കുട്ടിയായി എത്തുന്ന അച്ചു സുഗന്ധ് എന്ന പുതുമുഖനടന് ഇപ്പോഴത്തെ ജീവിതം സ്വപ്നതുല്യമാണ്. ഒരുപാട് നാളത്തെ അലച്ചിലിനൊടുവിൽ മനസിൽ കൊണ്ടു നടന്നിരുന്ന ആഗ്രഹം നിറവേറി. പ്രായമായവരും വീട്ടമ്മമാരും പുതുതലമുറയും ഒരുപോലെ കണ്ണനെ ഇഷ്ടപ്പെടുന്നു, അവന്റെ കുസൃതിയും കറുമ്പും ആസ്വദിക്കുന്നു. കാത്തു കാത്തിരുന്ന് നല്ലൊരു വേഷം കിട്ടിയതിന്റെ സന്തോഷം അച്ചുവിന്റെ മുഖത്തും വാക്കുകളിലുമുണ്ട്.
അപ്രതീക്ഷിതമായിരുന്നു ഈ എൻട്രി
'സാന്ത്വന"ത്തിന് മുന്നേ രജപുത്ര ചെയ്ത 'വാനമ്പാടി"യിൽ ആദിത്യൻ സാറിന്റെ അസിസ്റ്റന്റ് ആയിട്ട് ജോലി നോക്കിയിട്ടുണ്ട്. അവിടെ എല്ലാവർക്കും അറിയാമായിരുന്നു ഞാനെത്തിയത് അഭിനയിക്കാനാണെന്ന്. പക്ഷേ, കിട്ടിയ അവസരം കാമറയ്ക്ക് പിന്നിൽ നിൽക്കാനായിരുന്നു. എന്നാലും സംവിധാനരംഗത്ത് ഞാനെന്റെ നൂറ് ശതമാനവും ആത്മാർത്ഥമായിട്ട് തന്നെ ജോലി ചെയ്തത്. ആ സീരിയലിൽ തന്നെ പാപ്പിക്കുഞ്ഞ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ അവരെനിക്ക് തന്നു. ഇടയ്ക്ക് വച്ച് എഴുതിച്ചേർത്ത കഥാപാത്രമാണ്. അതിൽ ആകെ 28 എപ്പിസോഡാണ് എനിക്ക് ചെയ്യാനുണ്ടായിരുന്നത്. മരങ്ങോടൻ എന്നാണ് എന്റെ കഥാപാത്രത്തെ വിളിക്കുന്നത്. ജെ. പള്ളാശേരി സാർ എഴുതിയ കഥാപാത്രമായിരുന്നു. പ്രതീക്ഷിക്കാതെ കിട്ടിയതുകൊണ്ട് അതെനിക്ക് വലിയ സന്തോഷമായിരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ ആ കഥാപാത്രം നിന്നു. നാട്ടുകാരുടെയും ബന്ധുക്കളുടെയും ചോദ്യം സ്വാഭാവികമായും ഉണ്ടായി. എനിക്കും വിഷമം തോന്നി. വിഷമത്തേക്കാൾ കോംപ്ലക്സാണ് തോന്നിയതെന്ന് പറയാം. ഈ മെലിഞ്ഞ ശരീരം കൊണ്ട് നടനാകാനൊന്നും പറ്റില്ലെന്ന് തോന്നി. എന്നാൽ പിന്നെ സംവിധായകനാകാമെന്ന് കരുതി ആത്മാർത്ഥമായി തന്നെ അസിസ്റ്റന്റായി ജോലി ചെയ്തു. അപ്പോഴാണ് 'വാനമ്പാടി"യുടെ പ്രൊഡക്ഷൻ കൺട്രോളർ സജിസൂര്യ ചേട്ടൻ രജപുത്രയുടെ പുതിയ സീരിയൽ വരുന്നുണ്ടെന്നും അതിലൊരു അനിയൻ കഥാപാത്രമുണ്ടെന്നും ഓഡിഷന് പങ്കെടുക്കാനും പറയുന്നത്. ഓഡിഷന് ചെന്നപ്പോൾ കൂടെയുണ്ടായിരുന്നവരെല്ലാം നല്ല പയ്യന്മാർ. അതോടെ ഞാനൊന്ന് തളർന്നു. കിട്ടുമെന്ന് പ്രതീക്ഷിച്ചതേ ആയിരുന്നില്ല, പക്ഷേ ദൈവാനുഗ്രഹം പോലെ ആ വേഷം കിട്ടി. ഒരുപാട് അലഞ്ഞു തിരിഞ്ഞ ശേഷം കിട്ടിയ വേഷമായിരുന്നു കണ്ണൻ. ഇന്നിപ്പോൾ പ്രേക്ഷകരുടെ സ്നേഹം കാണുമ്പോൾ മനസ് നിറയുന്നുണ്ട്.
ചിപ്പി ചേച്ചി പകർന്നുതന്ന ആത്മവിശ്വാസം
സ്ക്രിപ്ട് വായിച്ചപ്പോൾ തന്നെ കണ്ണനെ എനിക്കും ഒത്തിരിയിഷ്ടമായി. എന്റെ ഓരോ സീനും ഷൂട്ട് ചെയ്തു കഴിയുമ്പോൾ ഞാൻ സംവിധായകൻ ആദിത്യൻസാറിനോട് ചോദിക്കാറുണ്ട് ഓക്കെയാണോയെന്ന്. ഓക്കെ കേൾക്കുന്നതുവരെ എനിക്ക് സംശയമാണ്. ശരീരമായിരുന്നു എന്റെ കോംപ്ലക്സ്. പക്ഷേ, രഞ്ജിത്ത് സാറിന് പൂർണ വിശ്വാസമായിരുന്നു. 'സാന്ത്വന"ത്തിലെ എല്ലാ കാരക്ടേഴ്സും തിരഞ്ഞെടുത്തിരിക്കുന്നത് അദ്ദേഹം നേരിട്ട് തന്നെയാണ്. കാസ്റ്റിംഗെല്ലാം പെർഫെക്ടാണെന്ന് പ്രേക്ഷകർ പറയാറുണ്ട്. അത് രഞ്ജിത്ത് സാറിന്റെ മികവാണ്. ജെ. പള്ളാശേരിസാർ, ആദിത്യൻ സാർ, ചിപ്പി ചേച്ചി ഒക്കെ തരുന്ന പ്രോത്സാഹനം അത്രയും വലുതാണ്. തുടക്കത്തിലൊക്കെ ഞാൻ ചിപ്പി ചേച്ചിയോട് പറയുമായിരുന്നു, ഞാനൊന്ന് ജിമ്മിൽ പോയി കുറച്ച് വണ്ണം വച്ചാലോയെന്ന്. ഈ ശരീരം കൊണ്ടാണ് കണ്ണനെ നിനക്ക് കിട്ടിയതെന്ന് ചിപ്പി ചേച്ചി പറയും. അപ്പോഴാണ് എനിക്ക് തന്നെ എന്നോടൊരു അഭിമാനമൊക്കെ തോന്നി തുടങ്ങിയത്.
സാന്ത്വനം ഞങ്ങൾക്കെല്ലാം സ്വന്തം വീടാണ്
സീരിയലിറങ്ങി കുറച്ച് കഴിഞ്ഞപ്പോൾ തന്നെ കണ്ണനും നല്ല റീച്ച് കിട്ടി. സോഷ്യൽ മീഡിയയിൽ ഇപ്പോഴെനിക്ക് നല്ല ഫോളോവേഴ്സുണ്ട്. അതുപോലെ, നാട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം നല്ല അഭിപ്രായം പറയുന്നുണ്ട്. ഇത്രയൊന്നും പ്രതീക്ഷിച്ചതല്ല. കുറേ നാളായിട്ട് സ്ട്രഗിൾ തന്നെയായിരുന്നു ജീവിതം. മനസ് മടുത്ത അവസരങ്ങളുമുണ്ട്. കരിയറിലെ ഏറ്റവും വലിയ ബ്രേക്കാണ് കണ്ണൻ. കഥ കേട്ടപ്പോഴേ പ്രേക്ഷകർക്ക് ഇഷ്ടപ്പെടുമെന്ന് ഉറപ്പായിരുന്നു, എങ്ങനെ അവതരിപ്പിക്കും, എന്നെ കൊണ്ട് പറ്റുമോയെന്നൊക്കെയായിരുന്നു ആശങ്കകൾ.
കണ്ണനും ഞാനും തമ്മിൽ നല്ല സാമ്യമുണ്ട്. അസിസ്റ്റന്റ് ഡയറക്ട്റായിട്ട് നിൽക്കുന്ന സമയത്ത് ഇതുപോല തമാശ കാണിച്ച് നിൽക്കാനൊന്നും പറ്റില്ല. പക്ഷേ, ജോലി കഴിഞ്ഞാൽ ഞാനിങ്ങനെയൊക്കെ തന്നെയാണ്. 'സാന്ത്വനം" ഇപ്പോൾ ഞങ്ങൾക്കെല്ലാവർക്കും സ്വന്തം വീട് പോലെയാണ്. അവിടെയെല്ലാരും എന്നെ കണ്ണാ എന്നാണ് വിളിക്കാറ്. ചേട്ടന്മാരും ചേട്ടത്തിയുമൊക്കെ അങ്ങനെ തന്നെ. ഞാനും അവരെയൊക്കെ അങ്ങനെയാണ് വിളിക്കുന്നത്, വല്യേട്ടൻ, ഹരിയേട്ടൻ, ശിവേട്ടൻ, ഏട്ടത്തി... സോഷ്യൽ മീഡിയയിലൊക്കെ പലരും പറയാറുണ്ട് ഞങ്ങൾ ഒറിജിനൽ ചേട്ടാനിയന്മാരെ പോലെയുണ്ടെന്ന്.
സെറ്റിൽ എല്ലാവരുമായും നല്ല അടുപ്പമാണ്. കിടന്നുറങ്ങുന്നതും കൂടുതൽ സംസാരിക്കുന്നതും ശിവേട്ടനോടാണ്, കളിയും തമാശയും കൂടുതൽ ഹരിയേട്ടനോടും. അഭിപ്രായങ്ങളൊക്കെ ചോദിക്കുന്നത് വല്യേട്ടനോടും ഏട്ടത്തിയായി എത്തുന്ന ചിപ്പി ചേച്ചിയോടുമാണ്. ആദിത്യൻ സാർ എന്റെ ആശാനാണ്. അനിയനെ പോലെയാണ് കാണുന്നത്. അച്ഛനും അമ്മയും കഴിഞ്ഞാൽ പിന്നെ ഇഷ്ടം ആദിത്യൻ സാറിനോടാണ്.
കാമറയ്ക്ക്
മുന്നിൽ മാത്രമല്ല, പിന്നിലുമുണ്ട്
അഭിനയം എനിക്ക് പാഷനെന്നല്ല, ഭ്രാന്താണെന്ന് പറയാം. ചെറുപ്പത്തിൽ സിനിമാഡയലോഗുകൾ കാണാതെ പഠിച്ച് അഭിനയിച്ച് കാട്ടുന്നതായിരുന്നു പ്രധാന ഹോബി. ആ ഇഷ്ടം തിരിച്ചരിഞ്ഞതു കൊണ്ടാകാം അച്ഛനും അമ്മയും ഭയങ്കരസപ്പോർട്ടായിരുന്നു. അന്നേ പഠനത്തേക്കാൾ ഇഷ്ടം കലയോടായിരുന്നു. ഒൻപതിൽ പഠിക്കുമ്പോൾ മിമിക്രിയിൽ സമ്മാനം വാങ്ങിതുടങ്ങി. തമിഴ് നടൻ വിജയ്യുടെ ശബദം അനുകരിച്ച് ഒത്തിരി സ്റ്റേജുകളിൽ ചെയ്തിട്ടുണ്ട്. പ്ലസ് ടുവിന് പഠിക്കുന്ന സമയത്ത് സ്വന്തമായൊരു നാടകമെഴുതി അവതരിപ്പിച്ചിട്ടുണ്ട്. അങ്ങനെ അഭിനയവുമായി ബന്ധപ്പെട്ടാണ് അന്നേ ജീവിതം മുന്നോട്ട് പോയത്. എങ്ങനെയും കാമറയ്ക്ക് മുന്നിലെത്തണമെന്നതായിരുന്നു ഏറ്റവും വലിയ സ്വപ്നവും. എന്തായാലും ഇപ്പോൾ നല്ല സന്തോഷത്തിലാണ്.
ഇപ്പോൾ ഈ ഫീൽഡിൽ എല്ലാമെനിക്ക് ഇഷ്ടമാണ്. അഭിനയം, ഡയറക്ഷ്ൻ, എഡിറ്റിംഗ്, ഡബ്ബിംഗ് ഒക്കെയുണ്ട്. ഡാൻസ് ചെയ്യാനും ഇഷ്ടമാണ്. പറ്റുന്ന രീതിയിൽ ചെയ്യാറുമുണ്ട്. 'സാന്ത്വന"ത്തിലും ഞാൻ ഈ രംഗത്തെല്ലാമുണ്ട്. ഭാവിയിൽ സിനിമ തന്നെയാണ് സ്വപ്നം. കഥയെഴുതി ഒരു സിനിമ സംവിധാനം ചെയ്യണമെന്നുണ്ട്. പിന്നെ പരസ്യചിത്രങ്ങൾ ഒരുക്കണം. അങ്ങനെ സ്വപ്നങ്ങൾ ഒത്തിരിയുണ്ട്.
അച്ഛന്റെ തീരുമാനമായിരുന്നു
എനിക്ക് അഭിനയിക്കാൻ അവസരം തരാമെന്ന് പറഞ്ഞ്, അച്ഛനെ ഒരിക്കൽ ഒരാൾ പറ്റിച്ചു. അതൊരു തട്ടിപ്പാണെന്ന് ഞങ്ങൾ പിന്നീടാണ് അറിഞ്ഞത്. ആകെ തകർന്നു പോയി. അന്ന് അച്ഛനൊരു തീരുമാനമെടുത്തു, ഇനി അഭിനയമാണ് നിന്റെ ജീവിതമെന്ന്. അതിന് വേണ്ടി ഒരുപാട് ശ്രമിച്ചു. ഞാനാരു നടനാകണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് അച്ഛനാണ്. ഇന്നിപ്പോൾ ഏറെ സന്തോഷിക്കുന്നതും അച്ഛനാണ്. അഭിനയം കണ്ടിട്ട് വിലയിരുത്തുന്നത് അമ്മയും അനിയത്തിയുമാണ്. നമ്മൾ എന്താഗ്രഹിച്ചാലും അതിന് വേണ്ടി പരിശ്രമിച്ചാൽ കിട്ടുമെന്ന് എനിക്കും ബോദ്ധ്യമായി. നാലരവർഷം അസിസ്റ്റന്റായിട്ട് നിന്ന ശേഷമാണ് നല്ലൊരു വേഷം കിട്ടിയത്. ഊണിലും ഉറക്കത്തിലുമെല്ലാം അഭിനയം തന്നെയാണ്. കണ്ണാടിയുടെ മുന്നിലും അഭിനയം തന്നെയാണ്.. അതാണ് സന്തോഷം. മനസിൽ എനിക്ക് ഹീറോയുടെ പരിവേഷമാണ് ഞാൻ നൽകിയിരിക്കുന്നത്.
എന്നെയും കൂട്ടി അച്ഛൻ ഒത്തിരി സ്ഥലങ്ങളിൽ ഓഡിഷന് പോയിട്ടുണ്ട്. പക്ഷേ, പലയിടങ്ങളിലും പൈസ ചോദിച്ചിട്ടുണ്ട്. ഒടുവിൽ അച്ഛൻ തന്നെ പറഞ്ഞിട്ടുണ്ട്, നിന്റെ സ്വന്തം കഴിവിൽ നീ നടനായാൽ മതിയെന്ന്. അക്കാലത്ത് ജീവിക്കാനായി പല പല ജോലികൾ ചെയ്തു. വെൽഡിംഗ് വർക്ക് ഷോപ്പിൽ പോയിട്ടുണ്ട്, പ്ലംബ്ലിംഗ് ജോലി ചെയ്തിട്ടുണ്ട്, സ്റ്റുഡിയോയിൽ ജോലി ചെയ്തിട്ടുണ്ട്, പെട്രോൾ പമ്പിൽ ജോലി നോക്കിയിട്ടുണ്ട്. പക്ഷേ ഒന്നും എനിക്ക് ശരിയായില്ല. ഇതൊന്നുമല്ല നമ്മുടെ ലൈഫ് എന്ന് തോന്നിയിട്ടുണ്ട്. അച്ഛന്റെ സുഹൃത്തുക്കളും ഒരുപാട് ശ്രമിച്ചിട്ടുണ്ട്.അവർക്കൊക്കെ എന്റെ അഭിനയമോഹം അറിയാം.
കഴിഞ്ഞതൊക്ക ഓർമ്മയിലുണ്ട്
ബന്ധങ്ങളുണ്ടെങ്കിൽ മാത്രമേ സിനിമയിൽ എത്തിപ്പെടാൻ പറ്റൂവെന്ന് അതോടെ മനസിലായി. അങ്ങനെയാണ് ഭരതന്നൂർ ഷെമീർ ചേട്ടൻ പറഞ്ഞിട്ട് പ്രൊഡക്ഷൻ കൺട്രോളർ ചന്ദ്രമോഹൻ ചേട്ടൻ വഴി ഒരു സിനിമയിലേക്ക് അവസരം കിട്ടുന്നത്. അസിസ്റ്റന്റ് ഡയറക്ടറായിട്ടായിരുന്നു ഒഴിവ്. എന്തായാലും അവിടെ പോയി കുറച്ച് പരിചയമൊക്കെയുണ്ടാക്കി എങ്ങനെയെങ്കിലും സിനിമയിൽ മുഖം കാണിക്കാമെന്നതായിരുന്നു പ്ലാൻ. അങ്ങനെ ഏറെ സന്തോഷത്തോടെയാണ് ആ സിനിമയ്ക്ക് വേണ്ടി യാത്ര തിരിച്ചത്. പക്ഷേ, അവിടെയെത്തിയപ്പോഴേക്കും ഞാൻ സ്വപ്നം കണ്ടയിടമല്ലെന്ന് മനസിലായി. തിരക്കിട്ട ജോലി, എല്ലാരും വഴക്ക് പറയുന്നു. അങ്ങനെ മനസ് മടുപ്പിച്ച ഒരുപാട് സംഭവങ്ങളുണ്ടായിട്ടുണ്ട്. സിനിമയുടെ പേര് പറയുന്നില്ല. അഭിനയിക്കാനാണ് ഇഷ്ടമെന്ന് അറിഞ്ഞതോടെ അതിലെ പല ആർട്ടിസ്റ്റുകളും അന്ന് കളിയാക്കി. ഈ ശരീരവും വച്ചാണോ നടനാകാൻ ഇറങ്ങിയതെന്നൊക്കെ ചോദിച്ചായിരുന്നു കളിയാക്കലുകൾ. ഒടുവിൽ പഴയതുപോലെ വീണ്ടും പെട്രോൾ പമ്പിലേക്ക് തന്നെ തിരിച്ചു വന്നു. അത് കഴിഞ്ഞ് കിട്ടിയ പടം 'ഒരു വിശേഷപ്പെട്ട ബിരിയാണിക്കഥ"യാണ്. അതിലും അസിസ്റ്റന്റ് ഡയറക്ടറായിട്ടാണ് ജോലി നോക്കിയത്. അവിടെ വച്ചാണ് സജു പൊറ്റയിൽക്കട ചേട്ടനെ പരിചയപ്പെടുന്നത്. അദ്ദേഹം വഴിയാണ് 'വാനമ്പാടി"യിലേക്ക് അവസരമുണ്ടെന്ന് അറിയുന്നത്. അതാണ് ശരിക്കുമെന്റെ തുടക്കം. രണ്ട് ദിവസത്തേക്ക് വിളിച്ചതാണ്, പക്ഷേ എന്റെ കരിയർ അവിടെയാണ് ശരിയായത്. 'വാനമ്പാടി"യിൽ എത്തിയതോടെയാണ് സംവിധാനം ഇഷ്ടപ്പെട്ടു തുടങ്ങിയത്. ആ ടീമിനെ പരിചയപ്പെടാൻ പറ്റിയത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി.
തിരുവനന്തപുരം കല്ലറ സ്വദേശിയാണ് ഞാൻ. ഒരു ചെറിയ കുടുംബമാണ് ഞങ്ങളുടേത്. അച്ഛൻ സുഗന്ധന് കൊത്തപ്പണിയാണ്. അമ്മ രശ്മി വീട്ടമ്മയാണ്. ഒരു അനിയത്തിയുണ്ട് അഞ്ജു, നഴ്സാണ്.