തിരുവനന്തപുരം: സീറ്റ് വിഭജന ചർച്ച വൈകിപ്പിച്ച് വെട്ടിലാക്കാനാണ് സി പി എം ശ്രമിക്കുന്നതെന്ന വിമർശനവുമായി എൻ സി പി. മുഖ്യമന്ത്രിയുടെ കൂടിക്കാഴ്‌ച മെല്ലെപ്പോക്കിനുളള തന്ത്രമാണെന്ന് മനസിലാക്കി കേന്ദ്രനേതൃത്വത്തിന്റെ സന്ദർശനത്തിന് കാക്കുകയാണ് സംസ്ഥാന നേതൃത്വം.
മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ പാലാ സീറ്റിന്റെ കാര്യത്തിൽ ഉറപ്പ് നൽകിയിരുന്നില്ല. ഇത് സി പി എമ്മിന്റെ തന്ത്രമാണെന്നാണ് എൻ സി പി നേതാക്കൾ പറയുന്നത്. ചർച്ചകൾ വേഗത്തിലാക്കണമെന്ന് എൻ സി പി ആവശ്യപ്പെടുമ്പോഴും അതിന് സി പി എം മുതിരുന്നില്ല. എൻ സി പി പോയാലും ഒരു മണ്ഡലത്തിലും ക്ഷീണമുണ്ടാകില്ലെന്നാണ് സി പി എം നേതാക്കളുടെ അഭിപ്രായം. ടി പി പീതാംബരനെ ഇടുക്കിയിൽ നിന്ന് വിളിച്ചുവരുത്തിയിട്ടും മുഖ്യമന്ത്രി ഒരു ഉറപ്പും നൽകാത്തതിൽ എൻ സി പിക്കുളളിൽ കടുത്ത അമർഷമുണ്ട്.
ഇന്ന് നേത്രശസ്ത്രക്രിയക്ക് വിധേയനാകുന്ന എ കെ ശശീന്ദ്രൻ ഇനി ഒരാഴ്‌ച വിശ്രമത്തിലായിരിക്കും. നിയമസഭാ സമ്മേളനമാണെങ്കിലും വ്യക്തിപരമായ ആവശ്യത്തിന് മാണി സി കാപ്പൻ സംസ്ഥാനത്തിന് പുറത്തേക്ക് പോയി. ഇതോടെ ചർച്ചകൾ താത്‌ക്കാലികമായി നടക്കില്ല.
ശരദ്‌പവാർ കേരളത്തിലെത്തുമെന്ന് മാണി സി കാപ്പൻ വിഭാഗം പറയുമ്പോഴും ഇതുവരെ ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ല.
ശരദ് പവാർ കേരളത്തിലേക്ക് എത്തുമോ അതോ പ്രഫുൽ പട്ടേലിനെ നിയോഗിക്കുമോ എന്ന് രണ്ട് ദിവസത്തിനകം അറിയാം. പാലാ സീറ്റ് നൽകാനാവില്ലെന്ന് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞിരുന്നെങ്കിൽ ഇന്നലെ തന്നെ മുന്നണി വിടുന്നത് പ്രഖ്യാപിക്കാനായിരുന്നു മാണി സി കാപ്പൻ വിഭാഗത്തിന്റെ ആലോചന.