നാഗ്പൂർ: ചിക്കൻ നൽകാൻ വിസമ്മതിച്ച വഴിയോരത്തെ ഭക്ഷണശാലയ്ക്ക് തീയിട്ട് യുവാക്കൾ. നാഗ്പൂരിലെ ബെൽറ്ററോഡി പ്രദേശത്ത് ജനുവരി പത്തിനാണ് സംഭവം. പ്രതികളായ സാഗർ പട്ടേൽ, ശങ്കർ ടെയ്‌ഡെ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. യുവാക്കൾ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു
ഞായറാഴ്ച പുലർച്ചെ ഹോട്ടലിലെത്തിയ യുവാക്കൾ ചിക്കൻ ആവശ്യപ്പെടുകയായിരുന്നു. ചിക്കനില്ലെന്ന് കടയുടമ അറിയിച്ചതോടെ ഇവർ ഹോട്ടലിന് തീയിടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ആർക്കും പരിക്കില്ല.
നേരത്തെയും സമാന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഡിസംബറിൽ ഉത്തർപ്രദേശിൽ തണുത്ത ചപ്പാത്തി നൽകിയതിന് യുവാവ് ഹോട്ടലുടമയുടെ കാലിൽ വെടിവച്ചിരുന്നു. പരിക്കേറ്റ ഹോട്ടലുടമയെ ഉടൻ ആശുപത്രിയിലെത്തിച്ച് വെടിയുണ്ട നീക്കം ചെയ്തു.
കഴിഞ്ഞ ഒക്ടോബറിൽ മുട്ടക്കറി ഉണ്ടാക്കാത്തതിന് ഒരാൾ സുഹൃത്തിനെ കൊലപ്പെടുത്തിയിരുന്നു.നാഗ്പൂരിലെ മനക്പൂർ പ്രദേശത്തായിരുന്നു സംഭവം. ബനാറസി എന്നയാൾ സുഹൃത്തിനെ അത്താഴത്തിന് ക്ഷണിക്കുകയായിരുന്നു. ഇരുവരും ഒന്നിച്ച് മദ്യപിച്ചു. ശേഷം അത്താഴത്തിന് മുട്ടയുണ്ടാക്കത്തതിന് വഴക്കിടുകയും, കൊലപ്പെടുത്തുകയുമായിരുന്നു.