കേസരി തൈര്
ചേരുവകൾ
ബസുമതി അരി - 2 കപ്പ്
പഞ്ചസാര - 1 കപ്പ്
ഏലയ്ക്കാ - 2 എണ്ണം
കുങ്കുമപ്പൂവ് - കുറച്ച്
പട്ട, കുരുമുളക്,
പനിനീര് - കുറച്ച് വീതം
നെയ്യ് - ആവശ്യത്തിന്
ബദാം, പിസ്റ്റ - കുറച്ച്
റോസാ ദളങ്ങൾ,
കുങ്കുമപ്പൂവ് - അലങ്കരിക്കാൻ
തയ്യാറാക്കുന്ന വിധം
ബസുമതി അരി കഴുകി കുതിരാൻ വയ്ക്കുക. ബേലീഫിട്ട് വെള്ളം തിളപ്പിക്കുക. കുരുമുളകും, പട്ട, കുരുമുളക് എന്നിവയിടുക. കുതിർത്ത ബസുമതിയരി ചേർത്ത് പകുതി വേവിക്കുക. വാങ്ങി വയ്ക്കുക. ഒരു കപ്പ് പഞ്ചസാര ഒരു പാത്രത്തിൽ ഇട്ട് ഒരു കപ്പ് വെള്ളമൊഴിച്ച് തിളപ്പിച്ച് നൂൽപ്പരുവത്തിൽ ആക്കുക. ഏലയ്ക്കയും ചേർത്തിരിക്കണം. കുറച്ച് ചൂട് വെള്ളത്തിൽ കുങ്കുമപ്പൂവ് വയ്ക്കുക. നിറം വന്നു തുടങ്ങുമ്പോൾ പനിനീര് ചേർക്കുക. ഇത് പഞ്ചസാരപ്പാനിയിൽ ഒഴിക്കുക. ഒരു പാത്രത്തിൽ നെയ്യൊഴിക്കുക. ഇതിൽ ബദാം, പിസ്റ്റ എന്നിവയിൽ പകുതി വീതമെടുത്ത് വറുക്കുക. കോരിവയ്ക്കുക. ഇതേ പാത്രത്തിൽ ചോറ് ഒരു ലെയറായി വിളമ്പുക. സാഫ്രൺ ഷുഗർ നിറച്ച് ഒഴിക്കുക. ബദാം, പിസ്റ്റ എന്നിവ വറുത്തത് വിതറുക. ഈ രീതിയിൽ ആവർത്തിക്കുക. മീതെയായി നട്സ് വിതറുക. ഏറ്റവും മീതെയായി സിറപ്പ് ഒഴിക്കുക. അൽപ്പം നെയ്യും ഒഴിക്കാം. ഏതാനും നിമിഷം അടച്ച് ഉയർന്ന തീയിൽ വയ്ക്കുക. വിളമ്പാൻ നേരത്ത് തുറക്കാം. റോസാ ദളങ്ങളും കുങ്കുമപ്പൂവും ഇട്ട് അലങ്കരിക്കുക.
കേസരി പനീർ
ചേരുവകൾ
പനീർ - 1 കിലോ
നെയ്യ് - 150 എം.എൽ
ബദാം അരച്ചത് - 200 ഗ്രാം
അണ്ടിപ്പരിപ്പ് - 50 ഗ്രാം
ഇഞ്ചി, വെളുത്തള്ളി
പേസ്റ്റ് - 100 ഗ്രാം
മുളകുപൊടി - 2 ടേ. സ്പൂൺ
മല്ലിപ്പൊടി - 2 ടേ. സ്പൂൺ
തൈര് (വെള്ളം
മാറ്റിയത്) - 50 ഗ്രാം
കടലമാവ് വറുത്തത് - 10 ഗ്രാം
ഉപ്പ് - പാകത്തിന്
കുങ്കുമപ്പൂവ് - 2 ഗ്രാം, ചൂട് പാലിൽ
കുതിർത്തത്.
എണ്ണ - ഏതാനും ടേ. സ്പൂൺ
തയ്യാറാക്കുന്നത്
പനീർ വലിയ സമചതുരക്കഷണങ്ങൾ ആക്കുക. ഇതിൽ ഏതാനും ടേ.സ്പൂൺ എണ്ണ ഒഴിക്കുക. ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, തൈര്, കടലമാവ് വറുത്തത്, ബദാം അരച്ചത്, അണ്ടിപ്പരിപ്പരച്ചത്, മുളക് പൊടി, മല്ലിപ്പൊടി, ഉപ്പ് എന്നിവയും ചേർക്കുക. പനീർ ക്യൂബുകൾ ഇതിൽ ചേർത്ത് നന്നായി പിടിപ്പിച്ച് ഏതാനും മണിക്കൂറുകൾ വയ്ക്കുക. നെയ്യ് ഒരു പാനിൽ ഒഴിക്കുക. പനീറിട്ട് വറുക്കുക. കോരി വയ്ക്കുക. മറ്റൊരു പാനിൽ കുറച്ച് നെയ്യാഴിക്കുക. വറുത്ത പനീർ കഷണങ്ങളിടുക. മാരിനേറ്റും ചേർക്കുക. കുങ്കുമപ്പൂവ് കുതിർത്ത പാലും കുങ്കുമപ്പൂവും ചേർക്കുക. പാൽ മുഴുവനും പനീർ കഷണങ്ങളിൽ പിടിച്ചിരിക്കണം. പനീർ ക്രീം പരുവത്തിൽ ആയിരിക്കും.
കേസരി ബദാം മിൽക്ക്
ചേരുവകൾ
പാൽ - 1 കിലോ
ബദാം കുതിർത്തത്
തരിതരിപ്പായരച്ചത് - 250 ഗ്രാം
കുങ്കുമപ്പൂവ് - 2 ഗ്രാം
പനിനീര് - ഗ്ളാസിൽ തേയ്ക്കാൻ
പഞ്ചസാര - പാകത്തിന്
ജാതിയ്ക്കാപൊടി - 1 നുള്ള്
ബദാം അരിഞ്ഞത്,
റോസാദളങ്ങൾ - ആവശ്യത്തിന്
അലങ്കരിക്കാൻ
തയ്യാറാക്കുന്ന വിധം
പാൽ തിളപ്പിക്കുക. 2 ഗ്രാം കുങ്കുമപ്പൂവിട്ട് അല്പം പഞ്ചസാരയും ചേർത്ത് ജാതിക്കാപ്പൊടി വിതറി കുറുക്കുക. ബദാം തരിതരിപ്പായരച്ച് പേസ്റ്റ് രൂപത്തിൽ ആക്കിയത് ചേർക്കുക. വാങ്ങി ആറിയ ശേഷം ഫ്രിഡ്ജിൽ വയ്ക്കുക. ഉയരമുള്ള ഗ്ളാസുകൾ എടുത്ത് ചുവട്ടിലായി പനിനീര് തേയ്ക്കുക. ഐസ് കട്ടകൾ ഇടുക. ബദാം മിൽക്ക് മീതെ ഒഴിക്കുക. തണുപ്പിച്ച് റോസാദളങ്ങളും ബദാം അരിഞ്ഞതുമിട്ട് അലങ്കരിച്ച് കുടിക്കുക.
സാഫ്രൺ പുഡ്ഡിംഗ്
ചേരുവകൾ
തേങ്ങാപ്പാൽ - 2 കപ്പ്
വെള്ളം - 1 /4 കപ്പ്
പഞ്ചസാര - 1/2 കപ്പ്
അരിപ്പൊടി - 3/4 കപ്പ്
പട്ട 1 ഇഞ്ച്
നീളമുള്ള - 1 എണ്ണം
കുങ്കുമപ്പൂവ് - 1/2 ടീ.സ്പൂൺ
സ്റ്റാർ എനൈസ് - 1 എണ്ണം
ഏലയ്ക്കാൽ - 10 എണ്ണം
ഉപ്പ് - 1 നുള്ള്
മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
അണ്ടിപ്പരിപ്പ്
കുറച്ച് - അലങ്കരിക്കാൻ
തയ്യാറാക്കുന്ന വിധം
ഒരു ബൗളിൽ സ്റ്റാർ ഏനൈസ്, പട്ട, മഞ്ഞൾ, കുങ്കുമപ്പൂവ്, ഏലയ്ക്കാ, 1/4 കപ്പ് വെള്ളം എന്നിവ എടുത്ത് ഏതാനും നിമിഷം തിളപ്പിക്കുക. ഒരു പാനിൽ പഞ്ചസാര, തേങ്ങാപ്പാൽ, ഉപ്പ്, വെള്ളം എന്നിവ എടുത്ത് തിളപ്പിക്കുക. അരിപ്പൊടി ഇട്ടിളക്കുക. മയമുള്ള പേസ്റ്റാകുമ്പോൾ സ്റ്റാർ ഏനൈസ്, പട്ട, മിശ്രിതം, (ആദ്യം തയ്യാറാക്കിയത്) ചേർക്കുക. 15 മിനിട്ട് തുടർച്ചയായി ഇളക്കുക. വാങ്ങി പുഡ്ഡിംഗ് ഡിഷിലേക്ക് പകർന്ന് തണുപ്പിച്ച് വിളമ്പുക.