കൊച്ചി:കേരളത്തിനുള്ള ആദ്യ ബാച്ച് കവിഡ് വാക്‌സിൻ കൊച്ചിയിലെത്തി. മുംബയിൽ നിന്നുള്ള ഗോ എയർ വിമാനത്തിലാണ് വാക്‌സിൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ചത്. ശീതീകരിച്ച പ്രത്യേക വാഹനത്തിൽ എറണാകുളം ജനറൽ ആശുപത്രിയിലെ റീജനൽ വാക്സിൻ സ്റ്റോറിൽ എത്തിക്കും.
ഗേറ്റ് നമ്പര്‍ നാലിലൂടെയാണ് കേരളത്തിലേക്കുള്ള വാക്‌സിന്‍ വിമാനത്താവളത്തില്‍ നിന്നും പുറത്തെത്തിച്ചത്. ഉച്ചയോടെ മറ്റ് ജില്ലകളിലേക്ക് കൊണ്ടുപോകും. ബിജെപി ജില്ലാ പ്രസിഡന്റടക്കമുള്ളവര്‍ എത്തി വാക്‌സിന്‍ കൊണ്ടുപോകുന്ന വാഹനത്തില്‍ മാല ചാര്‍ത്തിയാണ് സ്വീകരിച്ചത്.
1,33,500 ഡോസ് കൊവിഷീൽഡ് വാക്‌സിനാണ് കൊച്ചിയിലെത്തിച്ചത്. പത്ത് പെട്ടി വാക്‌സിൻ റോഡ് മാർഗം കോഴിക്കോട്ടേക്ക് കൊണ്ടുപോകും. കനത്ത പൊലീസ് സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. രണ്ടാമത്തെ ബാച്ച് വാക്സിനുമായി വിമാനം വൈകുന്നേരം ആറ് മണിക്ക് തിരുവനന്തപുരത്തെത്തും.
ജനുവരി 16നാണ് വാക്‌സിനേഷൻ തുടങ്ങുന്നത്. ഇതിനായി റീജിയണൽ സ്റ്റോറുകളിൽ നിന്ന് പ്രത്യേക വാഹനങ്ങളിൽ സംസ്ഥാനത്തുടനീളമുള്ള 133 വാക്സിനേഷൻ കേന്ദ്രങ്ങളിലെത്തിക്കും.ആദ്യഘട്ടത്തിൽ ആരോഗ്യപ്രവർത്തകർക്കാണ് കുത്തിവയ്‌പ്. 3,62,870 പേരാണ് വാക്സിനേഷന് രജിസ്റ്റർ ചെയ്തിട്ടുള്ളത്. എല്ലാ കേന്ദ്രങ്ങളിലും വെബ്കാസ്റ്റിംഗ് ഉണ്ടാവും.ഒരു കേന്ദ്രത്തിൽ ഒരു ദിവസം 100 പേർക്ക് വാക്‌സിൻ കുത്തിവയ്ക്കും.