cpm

പത്തനംതിട്ട: കോന്നിയിൽ സി പി എം മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി തൂങ്ങിമരിച്ച സംഭവത്തിൽ പാർട്ടിക്കെതിരെ ആരോപണവുമായി ഭാര്യ രാധ. കോന്നി വട്ടക്കാവ് സ്വദേശി സി കെ ഓമനക്കുട്ടന്റെ മരണത്തിലാണ് സി പി എം പ്രാദേശിക നേതൃത്വത്തിനെതിരെ ആരോപണമുയരുന്നത്. ഓമനക്കുട്ടനെ പാർട്ടിക്കാർ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നുവെന്നാണ് ഭാര്യ രാധയുടെ ആരോപണം.

'കളളക്കേസിൽ കുടുക്കുമെന്ന് അനീഷും ശ്രീകുമാറും അജിതയും പറഞ്ഞിരുന്നു. പാർട്ടിക്ക് വേണ്ടി ഇത്രയും നാൾ ജീവിച്ചതാണ്. പതിനെട്ടാമത്തെ വയസിൽ തുടങ്ങിയതാണ് പാർട്ടി പ്രവർത്തനം. തിരഞ്ഞെടുപ്പിന് ശേഷമായിരുന്നു ഭീഷണി.' എന്നാണ് ഭാര്യ രാധയുടെ പ്രതികരണം.

തദ്ദേശ തിരഞ്ഞെടുപ്പിൽ സി പി എം സ്ഥാനാർത്ഥി തോറ്റതിന് പിന്നിൽ ഓമനക്കുട്ടനാണ് എന്നായിരുന്നു ഭീഷണിപ്പെടുത്തിയവർ പറഞ്ഞിരുന്നത്. എന്നാൽ ഓമനക്കുട്ടൻ യാതൊരു തരത്തിലും പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയിട്ടില്ലെന്നാണ് രാധ പറയുന്നത്.

രാവിലെ നടക്കാൻ പോയ ഭാര്യ തിരികെ വന്നപ്പോഴാണ് വീടിന്റെ പരിസരത്ത് ഓമനക്കുട്ടനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നേതൃത്വവുമായുളള അസ്വാരസ്യവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒരു വർഷമായി ഓമനക്കുട്ടൻ പാർട്ടിയിൽ സജീവമല്ല. ഒരിക്കൽ ഓമനക്കുട്ടനെ കൈയേറ്റം ചെയ്യാനുളള ശ്രമം പാർട്ടിയുടെ ഭാഗത്ത് നിന്നുണ്ടായതായും ആരോപണമുണ്ട്. ഓമനക്കുട്ടന്റെ മരണത്തിൽ പ്രതികരിക്കാൻ പാർട്ടി നേതൃത്വം ഇതുവരെ തയ്യാറായിട്ടില്ല.