തിരുവനന്തപുരം: കൊവിഡ് ലോക്‌ഡൗൺ പ്രഖ്യാപിച്ചതോടെ താഴ് വീണ സംസ്ഥാനത്തെ തീയേറ്ററുകൾ നീണ്ട പത്ത് മാസത്തിന് ശേഷം ഇന്ന് വീണ്ടും പ്രവർത്തനം ആരംഭിച്ചു. തമിഴ് ബിഗ്ബജറ്റ് ചിത്രമായ വിജയ്‌യുടെ 'മാസ്‌റ്റർ' ആണ് മിക്കയിടത്തും ഇന്ന് പ്രദർശിപ്പിച്ചത്. അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ കണ്ണൂർ നഗരത്തിലെ തീയേറ്ററുകൾ തുറന്നില്ല.കർശന കൊവിഡ് പ്രോട്ടോകോൾ പാലിച്ച് അൻപത് ശതമാനം സീറ്റുകളിൽ മാത്രം പ്രവേശനം അനുവദിച്ചും മറ്റ് കൊവിഡ് നിബന്ധനകൾ പാലിച്ചും രാവിലെ ഒൻപത് മണിയ്‌ക്ക് ആരംഭിച്ച ഫസ്‌റ്റ് ഷോയോടെ തീയേറ്ററുകൾ പ്രവർത്തിച്ചു തുടങ്ങി.
ധാരാളം ജനങ്ങൾ ഇന്ന് വലിയ ആവേശത്തോടെയാണ് തീയേറ്ററുകളിൽ എത്തിയത്. സംസ്ഥാനത്ത് ആകെ 670 സ്‌ക്രീനുകളാണുളളത്. ഇതിൽ അഞ്ഞൂറെണ്ണത്തിലാണ് പ്രദർശനം തുടങ്ങിയത്. ഒരു ദിവസം മൂന്ന് ഷോകൾ മാത്രമാണുളളത്. ഇന്ന് പുതിയ മലയാളം ചിത്രങ്ങളൊന്നും റിലീസിനെത്തുന്നില്ല. അടുത്തയാഴ്‌ചയോടെ സെൻസറിംഗ് പൂർത്തിയാക്കിയ പതിനൊന്നോളം ചിത്രങ്ങൾ പ്രദർശനത്തിനെത്തും. ജയസൂര്യ നായകനായ വെളളം, ഉണ്ണി ആറിന്റെ കഥയിൽ കാവ്യ പ്രകാശ് സംവിധാനം ചെയ്‌ത് അനശ്വര രാജൻ മുഖ്യകഥാപാത്രമായ 'വാങ്ക്' എന്നിവയുൾപ്പടെ ചിത്രങ്ങൾ വരും ആഴ്‌ചകളിൽ പ്രദർശനത്തിനെത്തും.
രണ്ട് മാസം മുൻപ് സിനിമ ചിത്രീകരണം പുനരാരംഭിച്ചെങ്കിലും വിനോദ നികുതി വിഷയത്തിൽ തീയേറ്ററുകൾ തുറക്കുന്നത് വൈകുകയായിരുന്നു. നികുതിയിൽ സർക്കാർ ഇളവ് പ്രഖ്യാപിച്ചതോടെയാണ് തീയേറ്രറുകൾ തുറക്കാൻ വഴിതെളിഞ്ഞത്. ജനുവരി 5ന് കൊവിഡ് മാനദണ്ഡമനുസരിച്ച് പ്രവർത്തനം ആരംഭിക്കാൻ സർക്കാർ അനുമതി നൽകിയെങ്കിലും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും തീയേറ്റർ ഉടമകളും വിനോദ നികുതി ഒഴിവാക്കിയാൽ മാത്രമേ തുറക്കൂ എന്നറിയിച്ചതിനാൽ തുറക്കുന്നത് വൈകുകയായിരുന്നു.