godse-school-

ഭോപ്പാൽ : രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ ഘാതകനായ നാഥുറം ഗോഡ്‌സെയ്ക്കായി പഠനശാല തുറന്ന് ഹിന്ദു മഹാസഭയുടെ പ്രവൃത്തി ഏറെ ചർച്ചയായിരുന്നു. ഗോഡ്‌സെയുടെ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഹിന്ദു മഹാസഭ വായനശാല ആരംഭിച്ചത്. എന്നാൽ പാഠശാല ആരംഭിച്ച് രണ്ടാം ദിവസം തന്നെ അടച്ചുപൂട്ടി എന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഗ്വാളിയോറിൽ ആരംഭിച്ച ലൈബ്രറി ജില്ലാ ഭരണകൂടം ഇടപെട്ടാണ് അടച്ചുപൂട്ടിയത്. ഇവിടെ നിന്നും ഗോഡ്‌സേയുടെ ചിത്രങ്ങളും, പുസ്തകങ്ങളും മറ്റും പിടിച്ചെടുത്തിട്ടുമുണ്ട്. സംസ്ഥാനത്തെ പ്രതിപക്ഷമുൾപ്പടെ എതിർപ്പുമായി രംഗത്ത് വന്നതോടെ സ്ഥലത്ത് 144 പ്രഖ്യാപിച്ചിരിക്കുകയായിരുന്നു ജില്ലാ ഭരണകൂടം. ക്രമസമാധാന നില പാലിക്കുന്നതിന്റെ ഭാഗമായിട്ടാണ് ലൈബ്രറി അടച്ചു പൂട്ടിയതെന്നാണ് അധികാരികൾ നൽകുന്ന വിവരണം.

അതേസമയം രാഷ്ട്രപിതാവിനെ വധിച്ചയാളെ പ്രകീർത്തിച്ചുകൊണ്ട് സ്ഥാപനം ആരംഭിച്ചവർക്ക് എതിരെ കേസ് രജിസ്റ്റർ ചെയ്യാത്തതെന്തെന്ന ചോദ്യവുമായി രംഗത്ത് എത്തിയിരിക്കുകയാണ് പ്രതിപക്ഷം ഇപ്പോൾ. 2017ൽ സമാനമായ രീതിയിൽ ഗോഡ്‌സെയുടെ പ്രതിമ സ്ഥാപിച്ച ഹിന്ദു മഹാസഭ പ്രവർത്തകർക്കെതിരെ കേസെടുത്ത കാര്യവും അവർ ചൂണ്ടിക്കാട്ടുന്നു.

ഗോഡ്‌സെയ്ക്ക് പ്രചോദനം നൽകിയ ഗുരുക്കൻമാരുടെ ചിത്രങ്ങളും പാഠശാലയിൽ സ്ഥാപിച്ചിരുന്നു. അടുത്ത തലമുറയ്ക്ക് ദേശീയതയുടെ ചൈതന്യം പകരുക എന്ന ഉദ്ദേശത്തോടെയാണ് ലൈബ്രറി സ്ഥാപിച്ചതെന്നാണ് ഉദ്ഘാടനത്തിനിടെ ഹിന്ദു മഹാസഭാ ദേശീയ വൈസ് പ്രസിഡന്റ് ജയ്വീർ ഭരദ്വാജ് പറഞ്ഞത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഗോഡ്‌സെയുടെ ജന്മദിനവും, തൂക്കിലേറ്റിയ ദിനവുമെല്ലാം ഹിന്ദു മഹാസഭ ആചരിക്കുന്നുണ്ട്.