rape-case

മുംബയ്: മഹാരാഷ്ട്ര മന്ത്രിയും എൻ സി പി നേതാവുമായ ധനഞ്ജയ് മുണ്ടെക്കെതിരേ ഗുരുതര ആരോപണങ്ങളുമായി ഗായിക.ബോളിവുഡിൽ അവസരങ്ങൾ ഒരുക്കി തരാമെന്ന് പറഞ്ഞ് സഹോദരിയുടെ ഭർത്താവായ മന്ത്രി പലതവണ ലൈംഗിക പീഡനത്തിനിരയാക്കിയെന്നാണ് യുവതിയുടെ ആരോപണം.

ഓഷിവാര പൊലീസിൽ യുവതി പരാതി നൽകി. പരാതിയുടെ പകർപ്പ് മദ്ധ്യപ്രദേശിൽ നിന്നുള്ള ഗായികയായ യുവതി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ആദ്യം പരാതി സ്വീകരിക്കാൻ പൊലീസ് തയ്യാറായില്ലെന്നും തന്റെ ജീവന് ഭീഷണിയുണ്ടെന്നും യുവതി പറഞ്ഞു.


14 വർഷത്തോളം മന്ത്രി തന്നെ ബലാത്സംഗം ചെയ്തുവെന്നും യുവതി ആരോപിക്കുന്നു. സഹോദരീ ഭർത്താവ് എന്നാണ് പരാതിയിൽ മന്ത്രിയെ യുവതി വിശേഷിപ്പിക്കുന്നത്. അതേസമയം ആരോപണം അടിസ്ഥാനരഹിതമാണെന്ന് മന്ത്രി പ്രതികരിച്ചു.

പരാതിക്കാരിയുടെ മൂത്ത സഹോദരിയുമായി 2003 മുതൽ തനിക്ക് ബന്ധമുണ്ടെന്നും, ആ ബന്ധത്തിൽ രണ്ട് മക്കളുള്ള കാര്യം തന്റെ ഭാര്യയ്ക്കും ബന്ധുക്കൾക്കും അറിയാമെന്നും മന്ത്രി വ്യക്തമാക്കി. സഹോദരി എന്ന നിലയിൽ യുവതിയെ സഹായിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 2019 മുതൽ ഇവർ പണം ആവശ്യപ്പെട്ട് തന്നെ ബ്ലാക്ക്‌മെയിൽ ചെയ്യുകയാണെന്നും, ഇക്കാര്യം ചൂണ്ടിക്കാട്ടി പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.