maoist

ദന്തേവാട: തലയ്‌ക്ക് പൊലീസ് ലക്ഷങ്ങൾ വിലയിട്ടിരുന്ന മാവോയിസ്‌റ്റ് ഭീകരൻ ദന്തേവാടയിൽ പൊലീസുമായുള‌ള ഏ‌റ്റുമുട്ടലിൽ മരിച്ചു. മാവോയിസ്‌റ്റ് കമാന്റർ ഹിദ്മ മു‌ചകിയാണ് കൊല്ലപ്പെട്ടത്. ഛത്തീസ്ഗഡിലെ ചിക്‌പൽ, മർജും ഗ്രാമങ്ങളോട് ചേർന്നുള‌ള വനത്തിലായിരുന്നു സംഭവം. പൊലീസ് തലയ്‌ക്ക് അഞ്ച് ലക്ഷം രൂപ വിലയിട്ടിരിക്കുന്നയാളാണ് ഹിദ്‌മ മുചകി.

2008-09 മുതൽ സംസ്ഥാനത്തെ മാവോയിസ്‌റ്റുകളിൽ പ്രധാനിയായിരുന്നു മുചകി. ബസ്‌തർ കൂട്ടക്കൊലയിൽ ഇയാൾ പ്രതിയാണ്. നിരവധി മാവോയി‌സ്‌റ്റ് നടപടികളിൽ നേരിട്ട് പങ്കെടുത്തിട്ടുണ്ട് ഇയാൾ. ഒരു ആദിവാസി യുവാവിനെ പൊലീസിന്റെ ചാരനെന്ന് ആരോപിച്ച് മാവോയിസ്‌റ്റുകൾ പിടികൂടി വധിക്കാൻ ഒരുങ്ങവെ പൊലീസ് സംഘം എത്തി യുവാവിനെ രക്ഷിച്ചു. പിന്നീട് മർജും ഗ്രാമത്തിൽ മാവോയിസ്‌റ്റുകൾ യോഗം ചേരുന്നതായി ഇയാൾ നൽകിയ വിവരത്തെ തുടർന്ന് ഛത്തീസ്‌ഗഡ് പൊലീസ് സായുധ സേനയും ജില്ലാ റിസർവ് ഗാർഡും ചേർന്ന് റെയ്‌ഡ് നടത്തി. ഇതിനുനേരെ മാവോയിസ്‌റ്റുകൾ വെടിവച്ചതോടെ മണിക്കൂറുകൾ നീണ്ട പോരാട്ടം തുടങ്ങി. പോരാട്ടം അവസാനിച്ച ശേഷം പൊലീസ് നടത്തിയ തിരച്ചിലിൽ വെടിയേ‌റ്റ് മരിച്ച മുചകിയെ കണ്ടെത്തിയെന്ന് ദന്തേവാട പൊലീസ് സൂപ്രണ്ട് അഭിഷേക് പല്ലവ അറിയിച്ചു.