നാടോടുമ്പോൾ നടുവേ ഓടണമെന്നാണല്ലൊ പഴഞ്ചൊല്ല്. എന്നാൽ, നടുവെ അല്ല ഒരു മുഴം മുന്നേയാണ് ശാസ്ത്ര സാങ്കേതിക വിദ്യയുടെ കുതിച്ചുചാട്ടം. അത്തരത്തിലൊരു കണ്ടുപിടിത്തമാണ് ഹെക്‌സ പ്ലാന്റ്. സംശയിക്കേണ്ട, വെള്ളം തേടി നടക്കുന്ന ചെടിച്ചട്ടിയാണ് ഇത്. രാവിലെ ചെടിക്ക് വെള്ളമൊഴിക്കാൻ മറന്നുപോയാൽ ചെടിച്ചട്ടി നടന്നു വരും. കുറച്ച് വെള്ളമൊഴിക്കണമെന്ന് ഓർമ്മപ്പെടുത്തുകയും ചെയ്യും. കേൾക്കുമ്പോൾ അൽപം കൗതുകം തോന്നുമെങ്കിലും സംഗതി സത്യമാണ്. ഹെക്‌സ പ്ലാന്റ് എന്നത് ഒരു ഡിജിറ്റൽ ചെടിച്ചട്ടിയാണ്. ആറ് കാലുകളുള്ള ഒരു റോബോട്ട് ആണ് ഹെക്‌സ എന്ന ചെടിച്ചട്ടി. ലൈറ്റ്, ഹീറ്റ് സെൻസറുകളും ചെടിച്ചട്ടിയിൽ ക്രമീകരിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ചെടിക്ക് താങ്ങാവുന്നതിലും അധികം വെയിലേറ്റാൽ സുരക്ഷിത സ്ഥാനത്തേയ്ക്ക് ചെടിയുമായി ഹെക്‌സ നടന്നു നീങ്ങും. മാത്രമല്ല വെയിൽ ആവശ്യമുള്ള സമയങ്ങളിൽ വെയിലുള്ള ഇടത്തേയ്ക്കും സഞ്ചരിക്കുന്നു.
വെള്ളമൊഴിക്കാൻ സമയമാകുമ്പോൾ ഹെക്‌സ കൃത്യമായി സൂചനകൾ നൽകും. മനുഷ്യർ നൽകുന്ന സിഗ്നലുകൾക്ക് അനുസരിച്ച് പ്രതികരിക്കാനുള്ള ശേഷിയുമുണ്ട് ഹെക്‌സയ്ക്ക്. ചൈന ആസ്ഥാനമായി പ്രവർത്തിക്കുന്ന വിൻക്രോസ് കമ്പനിയുടെ സ്ഥാപകനായ സുൻടിയാൻഡഷിയാണ് ഈ ചെടിച്ചട്ടിയുടെ നിർമ്മാതാവ്.
നിലവിൽ പ്രധാനമായും ഇൻഡോർ പ്ലാന്റുകൾക്കുവേണ്ടിയാണ് ഹെക്‌സ പ്ലാന്റ് എന്ന ചെടിച്ചട്ടി രൂപകൽപന ചെയ്തിരിക്കുന്നത്. ഏകദേശം 1.15 ലക്ഷം രൂപയാണ് ഹെക്‌സ റോബോട്ടിന്റെ വില. സാങ്കേതിക വിദ്യയേയും പ്രകൃതിയേയും പരസ്പരം ബന്ധിപ്പിച്ചിരിക്കുന്ന ഒരു കണ്ടുപിടിത്തമാണ് ഹെക്സപ്ളാന്റ്.