കൊച്ചി: എറണാകുളത്ത് അച്ഛന്റെ പീഡനത്തിന് ഇരയായി കാക്കനാട് ചിൽഡ്രൻസ് ഹോമിൽ കഴിയുകയായിരുന്ന പതിനാലുകാരിയുടെ മരണത്തിൽ ദുരൂഹത. പൂർണ ആരോഗ്യവതിയായ കുട്ടി എങ്ങനെ പെട്ടെന്ന് മരിച്ചെന്നതിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ കാക്കനാട് ചിൽഡ്രൻസ് വെൽഫെയർ കമ്മിഷൻ ഓഫീസിന് മുന്നിൽ കുട്ടിയുടെ മൃതദേഹവുമായി പ്രതിഷേധിച്ചു.
ചൈൽഡ് വെൽഫെയർ ഓഫീസർ കുട്ടിയുടെ സുരക്ഷ ഉറപ്പാക്കിയില്ലെന്നും, അതാണ് കുട്ടിയുടെ മരണത്തിന് കാരണമെന്നും ആരോപിച്ചായിരുന്നു പ്രതിഷേധം. സംഭവത്തിൽ അന്വേഷണം ഉറപ്പ് നൽകാതെ പെൺകുട്ടിയുടെ മൃതദേഹം അടക്കം ചെയ്യില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. തുടർന്ന് തൃക്കാക്കര എ സി പി നേരിട്ടെത്തി ചർച്ച നടത്തി അന്വേഷണം ഉറപ്പ് നൽകിയതിനെത്തുടർന്നാണ് ബന്ധുക്കൾ സമരം അവസാനിപ്പിച്ചത്.
രണ്ട് ദിവസം മുമ്പാണ് കുട്ടിയെ പച്ചാളത്തെ ശിശുവികസനവകുപ്പിന്റെ കെട്ടിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. അച്ഛൻ പീഡിപ്പിച്ചു എന്ന പരാതിയെത്തുടർന്ന് 2019 ഏപ്രിൽ മുതൽ ചൈൽഡ് വെൽഫെയർ കമ്മിഷന്റെ സംരക്ഷണയിലായിരുന്നു കുട്ടി. ഡിസംബർ 30 മുതൽ കുട്ടിക്ക് പനിയുണ്ടായിരുന്നു. ഇതിന് ചികിത്സ നൽകിയിരുന്നെന്നും ഉദ്യോഗസ്ഥർ പറയുന്നു. കുട്ടിക്ക് സുരക്ഷ ഉറപ്പാക്കാതിരുന്നത് ചൈൽഡ് വെൽഫെയർ ഓഫീസറുടെ വീഴ്‌ചയാണെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.
പെൺകുട്ടിയുടെ മരണകാരണം ന്യൂമോണിയയാണെന്നാണ് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് കൊച്ചി ഡി സി പി ഐശ്വര്യ ഡോംഗ്‌രെ മാദ്ധ്യമങ്ങളോട് പറഞ്ഞു. പെൺകുട്ടിയുടെ മരണത്തിൽ ശിശുക്ഷേമ സമിതിക്ക് വീഴ്‌ചയില്ലെന്നാണ് പ്രാഥമിക നിഗമനമെന്നും ഡി സി പി വ്യക്തമാക്കി.