kamal

തിരുവനന്തപുരം: സാംസ്‌കാരിക മന്ത്രി എകെ ബാലന് കത്തെഴുതിയതിൽ ജാഗ്രതക്കുറവുണ്ടായെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ.അക്കാദമിക്ക് ഇടത് സ്വഭാവം എന്നെഴുതിയതിൽ വീഴ്ച പറ്റിയെന്ന് അദ്ദേഹം പറഞ്ഞു. കത്ത് വ്യക്തിപരമാണെന്നും, അതിനാലാണ് സെക്രട്ടറി കത്ത് കാണാതിരുന്നതെന്നും കമൽ വ്യക്തമാക്കി.

കേരള ചലച്ചിത്ര അക്കാദമിയിലെ നാല് കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന് സാംസ്‌കാരിക മന്ത്രിക്ക് എഴുതിയ കത്തിൽ കമൽ ശുപാർശ ചെയ്തിരുന്നു. ഇടതുപക്ഷക്കാരായ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് ചലച്ചിത്ര അക്കാദമിയുടെ ഇടതുപക്ഷ സ്വഭാവം നിലനിറുത്തുന്നതിന് സഹായകമാകും എന്ന ശുപാർശ വിവാദമായിരുന്നു.

കമലിന്റെ കത്തിനെതിരെ ബിജെപിയും കോൺഗ്രസുമൊക്കെ രംഗത്തെത്തിയിരുന്നു. സംസ്ഥാന ചലച്ചിത്ര അക്കാദമിയിലെ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നാവശ്യം പിഎസ്‌സി വഴി ജോലി കാത്തിരിക്കുന്ന ലക്ഷക്കണക്കിന് യുവാക്കളോടുള്ള അനീതിയാണെന്ന് കോൺഗ്രസ് എം എൽ എ ശബരീനാഥൻ വിമർശിച്ചിരുന്നു. അക്കാദമിയുടെ ചെയർമാൻ സ്ഥാനത്തുനിന്ന് കമലിനെ പുറത്താക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു.