ഒരിക്കലും എത്തിച്ചേരാൻ ഇഷ്ടപ്പെടാത്ത ഒരിടമാണ് ജയിൽ. ജയിൽ ജീവിതത്തിന്റെ നേർക്കാഴ്ച്ചകൾ പലതും നമ്മൾ മാദ്ധ്യമങ്ങളിലൂടെ കണ്ടും കേട്ടും അറിഞ്ഞിട്ടുണ്ട്. എന്നാൽ, ജയിലിൽ ലഭിക്കുന്ന ആഹാരത്തെപ്പറ്റി ഒരിക്കലെങ്കിലും നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? വിവിധ നാടുകളിൽ തടവുകാർക്ക് വ്യത്യസ്തമായ ആഹാരം വിളമ്പുന്ന ജയിലുകളെ അടുത്തറിഞ്ഞാലോ?
ജാപ്പനീസ് പ്രിസൺ ഫുഡ്
ജപ്പാനിൽ ഡയറ്ററി ഫുഡ് ആണ് തടവുകാർക്ക് നൽകുന്നത്. ഡയറ്ററി ഫുഡ് എന്നാൽ തടവുകാരുടെ ഇഷ്ടാനുസരണമുള്ള വിഭവങ്ങൾ. മീൻ, ചോറ്, മുട്ട അങ്ങനെ ഭക്ഷണങ്ങളുടെ നിര നീണ്ടു പോകും. ഇതു മാത്രമല്ല സൂപ്പും നൂഡിൽസുമെല്ലാം അവിടെ തടവുകാർക്ക് നൽകാറുണ്ട്. വികസിത രാജ്യമായ ജപ്പാനിൽ തെറ്റ് ചെയ്തവരെ ജയിലിലിട്ട് ശിക്ഷിക്കുന്നതിനു പകരം അവരെ നല്ല ശീലങ്ങൾ പറഞ്ഞുകൊടുത്ത് സമൂഹത്തിലെ മികച്ച പൗരന്മാരാക്കി തീർക്കുവാനാണ് ജയിൽ അധികൃതർ ശ്രമിക്കുന്നത്.
ചൈനീസ് പ്രിസൺ ഫുഡ്
സാധാരണയായി കാബേജ്, റാഡിഷ് എന്നിവ ഉപയോഗിച്ചുള്ള ഭക്ഷണമാണിവിടെ പാകം ചെയ്യാറുള്ളത്. ആഴ്ചയിൽ രണ്ടു തവണ മുട്ടയും മാംസവും നൽകാറുണ്ട്. എന്നാൽ, ചില ജയിലുകളിൽ ന്യൂഡിൽസും നൽകും. തടവുകാർക്ക് ആവശ്യത്തിലധികം ഭക്ഷണം അവിടെ നൽകാറുണ്ട്. ചില ദിവസങ്ങളിൽ പ്രഭാതഭക്ഷണമായി ചിക്കൻ സൂപ്പും സാൻവിച്ചും നൽകാറുണ്ട്. ഇവ നൽകുന്നതിനു പുറമേ തടവുകാർക്ക് പണം കൊടുത്ത് ഭക്ഷണം വാങ്ങുവാനുള്ള സൗകര്യവും ഇവിടെ ലഭിക്കും.
സൗത്ത് കൊറിയ പ്രിസൺ ഫുഡ്
സൗത്ത് കൊറിയയിൽ ജോലി ഭാരം മൂലം പലപ്പോഴും ആളുകൾ വിഷാദരോഗത്തിനും മറ്റും അടിമകളാകാറുണ്ട്. ചിലർ ആത്മഹത്യയിൽ അഭയം തേടും. എന്നാൽ, ഇത് ഒഴിവാക്കുവാനായി പലരും സൗത്ത് കൊറിയയിലെ 'ഫേക്ക് ജയിലുകളി"ൽ പോയി കിടക്കാറുണ്ട്. ഫേക്ക് ജയിൽ എന്നു വച്ചാൽ ഒരു ജയിലിലെ നിയമങ്ങളും നിയന്ത്രണങ്ങളും പുനഃസൃഷ്ടിക്കും. ഇത്തരം ജയിലുകളിൽ എത്ര നാളുകൾ വേണമെങ്കിലും ആൾക്കാർക്ക് ജീവിക്കാം അതനുസരിച്ച് പണം നൽകണമെന്നേയുള്ളൂ. ഇവിടെ പ്രഭാതഭക്ഷണത്തിൽ തടവുകാർക്ക് തക്കാളി സോസ്, ചീസ്, സൂപ്പ്, സാലഡുകൾ, സോയാ, പാൽ എന്നിവയും റൊട്ടിയുമാണ് നൽകാറുള്ളത്.
ഇറ്റലി
മറ്റു രാജ്യങ്ങളിലെ ജയിലുകളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് ഇറ്റലിയിലെ രീതികൾ. അവിടുത്തെ തടവുകാർക്ക് ആദ്യം തന്നെ ഫ്രൈയിംഗ് പാനും ഗ്യാസ് സ്റ്റൗവുമെല്ലാം നൽകും. തടവുകാർക്ക് ഇഷ്ടാനുസരണം പാസ്തയോ, കാപ്പിയോ എന്തു വേണമെങ്കിലും പാകം ചെയ്ത് കഴിക്കാനുള്ള സ്വാതന്ത്ര്യം ഇറ്റാലിയൻ ജയിലിലുണ്ട്. സംശയിക്കേണ്ട, ഇറ്റലിയിലെ ജയിലുകൾ തടവുകാർക്ക് സ്വന്തം വീട് പോലെ തന്നെയാണ്. മാത്രവുമല്ല, തടവുകാർക്ക് വൈൻ കുടിക്കണമെന്നോ ബിയർ കുടിക്കണമെന്നോ തോന്നിയാൽ അതിനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്.
അമേരിക്ക
അമേരിക്കൻ തടവുകാരുടെ യൂണിഫോമിനു ഓറഞ്ച് നിറമാണുള്ളത്. തടവുകാരുടെ ഇഷ്ടാനുസരണമാണ് ഇവിടെ ആഹാരം പാകം ചെയ്ത് നൽകുന്നത്. ഭക്ഷണം വിളമ്പുന്നത് ബുഫെ സിസ്റ്റത്തിലാണ്. ആവശ്യമുള്ളത്ര എടുത്ത് കഴിക്കാം. ബർഗർ, ഓട്സ്, പാൽ തുടങ്ങിയവയാണ് ഭക്ഷണവിഭവങ്ങളിൽ ഉള്ളത് . വെജിറ്റേറിയൻ ഭക്ഷണപ്രിയർക്ക് വ്യത്യസ്തമായ സാലഡുകളും നൽകാറുണ്ട്.
നോർവേ
നോർവേയിൽ തടവുകാരെ ഒരു വില്ല പോലെയുള്ള സ്ഥലത്താണ് പാർപ്പിക്കുന്നത്. ഇവിടെ ഒരു തടവുകാരന് മറ്റു തടവുകാരനുമായി അയൽവാസികളെ പോലെ സംസാരിക്കുവാനും അടുത്തിടപഴകാനും സൈക്ലിംഗിന് പോകുവാനും മറ്റുമുള്ള സൗകര്യങ്ങളുണ്ട്. ചായ, കാപ്പി, ബ്രെഡ്, സാൻവിച്ച് തുടങ്ങി എല്ലാ ആഹാരവും ഈ ജയിലിൽ ലഭിക്കും