infantകുഞ്ഞിന്റെ വളർച്ച എല്ലാ അമ്മമാരുടെയും സംശയകാലം കൂടിയാണ്. ഏതൊക്കെ പ്രായത്തിൽ കുട്ടി എന്തൊക്കെ ചെയ്യുമെന്ന് പുതിയ അമ്മമാരിൽ പലർക്കും അറിയില്ല.മൂന്നുമാസം പ്രായമാകുന്നതോടെ കുഞ്ഞിന്റെ കണ്ണിന് സാമാന്യം നല്ല കാഴ്‌ചശക്തി ലഭിക്കും. ആറ് മാസത്തോടെ തന്റെ മുന്നിലെ വസ്‌തുക്കളെ കണ്ടെത്തി കൈയിലെടുത്ത് കളിക്കാനാവും. കൈയിലുള്ള സാധനം വാങ്ങി നിലത്ത് വയ്‌ക്കണമെങ്കിലും കൃത്യമായി അത് തിരിച്ചു കൈയിലെടുക്കണമെങ്കിലും കൃത്യമായ കാഴ്‌ചശക്തി ഉണ്ടായിരിക്കാണം. കൈയിലുള്ള വസ്‌തുവിലേക്ക് നോക്കാതിരിക്കുക, അടുത്തിരിക്കുന്ന കളിപ്പാട്ടം എടുക്കാതിരിക്കുക, നിറമുള്ള വസ്‌തുക്കൾ മാ​റ്റി മാ​റ്റിപ്പിടിക്കുമ്പോൾ അതിലേക്ക് മാറി മാറി നോക്കാതിരിക്കുക, ചെറിയ വസ്‌തുക്കൾ ശ്രദ്ധിക്കാതിരിക്കുക എന്നിവ കണ്ടാൽ നേത്രരോഗ വിദഗ്ദ്ധന്റെ വിശദമായ പരിശോധന ആവശ്യമായി വരും.

മാസം തികയാതെ ജനിച്ച കുഞ്ഞുങ്ങൾക്കും കടുത്ത അണുബാധ നേരിടേണ്ടി വരുന്ന കുഞ്ഞുങ്ങൾക്കും കേൾവിക്കുറവിന് സാദ്ധ്യതയുണ്ട്. കുഞ്ഞിന് ശരിയായ രീതിയിൽ കേൾവിയില്ലേ എന്നു സംശയമുണ്ടെങ്കിൽ ഒരു ഡോക്‌ടറെ കണ്ട് പരിശോധിപ്പിച്ച് ചികിത്സ തേടണം. കുഞ്ഞിൽ നിന്ന് നാലടി അകലത്തിൽ മറഞ്ഞുനിന്ന് പ്രത്യേകതയുള്ള എന്തെങ്കിലും ശബ്ദമുണ്ടാക്കുക, ശബ്ദമുള്ള ഭാഗത്തേക്ക് കുഞ്ഞ് തിരിഞ്ഞു നോക്കുന്നുവെങ്കിൽ കേൾവിക്ക് തകരാറുണ്ടാകില്ല. പെട്ടെന്ന് ഉച്ചത്തിലുള്ള ശബ്ദം കേട്ട് കുഞ്ഞ് ഞെട്ടുന്നുണ്ടോ എന്നും ശ്രദ്ധിക്കണം.

എല്ലാ കുഞ്ഞുങ്ങളും ഒരേ പ്രായത്തിൽ സംസാരിച്ചു തുടങ്ങില്ല. സാധാരണ ഗതിയിൽ മൂന്നുമാസം പ്രായമാകുമ്പോഴാണ് കുഞ്ഞുങ്ങൾ പ്രത്യേകതരത്തിലുള്ള ശബ്‌ദങ്ങളുണ്ടാക്കുന്നത്. പ്രത്യേകിച്ച് അർത്ഥമൊന്നും ഇത്തരം ശബ്‌ദങ്ങൾക്കുണ്ടാവില്ല. ആറ് മാസം കഴിയുന്നതോടെ അൽപ്പം കൂടി ശബ്‌ദങ്ങളുണ്ടാക്കിയേക്കും. പത്ത് മാസമാകുമ്പോഴേക്കും അവരുടേതായ ആവശ്യങ്ങൾക്കു വേണ്ടി ശബ്ദമുണ്ടാക്കിത്തുടങ്ങും. അവരുടെ വിചാരങ്ങൾ അമ്മമാർക്ക് കൃത്യമായി മനസിലാക്കാനും സാധിക്കും. രണ്ട് വയസിനുള്ളിൽ കുഞ്ഞുങ്ങൾ കൊഞ്ചലോടെ സംസാരിച്ചു തുടങ്ങും. ചില കുഞ്ഞുങ്ങൾ വൈകിയേ സംസാരിക്കൂ.