തിരുവനന്തപുരം: കേരളത്തിലെ പ്രധാന ടൂറിസം കേന്ദ്രമായ കോവളത്ത് തീരം കൈയേറി തട്ടുകടക്കാർ നടത്തുന്ന കച്ചവടം വിനോദസഞ്ചാരികൾക്ക് തലവേദനയാകുന്നു. ഹവ്വാ ബീച്ചിന് സമീപത്തെ സീ റോക്ക് ബീച്ചിലാണ് ഒരു കിലോമീറ്ററോളം ദൂരത്തിൽ ഇരുപതോളം കച്ചടവടക്കാർ തീരം കൈയേറി അനധികൃത കച്ചവടം നടത്തുന്നത്. ഇതുസംബന്ധിച്ച് അധികൃതർക്കും പൊലീസിനും നിരവധി തവണ പരാതി നൽകിയിട്ടും ഒരു ഫലവും ഉണ്ടായിട്ടില്ല. തീരത്തിന് സമീപത്തുള്ള സ്ഥലങ്ങളിൽ കച്ചവടം നടത്താനാണ് ടൂറിസം അധികൃതർ അനുമതി നൽകിയിരിക്കുന്നത്. എന്നാൽ, സീസൺ അല്ലാത്ത സമയങ്ങളിൽ കച്ചവടം കുറവാണെന്ന് ചൂണ്ടിക്കാട്ടി കച്ചടവടക്കാർ തങ്ങളുടെ കടകൾ തീരത്തേക്ക് മാറ്റി സ്ഥാപിക്കുകയായിരുന്നു. പിന്നീട് സീസൺ ആയപ്പോഴും കടകൾ പഴയ സ്ഥലത്തേക്ക് മാറ്റാൻ കച്ചവടക്കാർ തയ്യാറായില്ല.
കടകൾ ഇത്തരത്തിൽ പ്രവർത്തിക്കുന്നത് കാരണം വിനോദസഞ്ചാരികൾക്ക് സ്വതന്ത്രമായി തീരത്തു കൂടി നീങ്ങാൻ കഴിയാത്ത സ്ഥിതിയാണുള്ളത്. ഈ കടകൾ കാരണം പലപ്പോഴും ബീച്ച് പൂർണമായി കാണാൻ പോലും കഴിയില്ല. ഇപ്പോൾ തന്നെ തീരത്ത് കടകളുടെ ബാഹുല്യമാണുള്ളത്. ഇതൊക്കെയാണെങ്കിലും കടകൾ സ്ഥാപിക്കുന്നതിന് ആവശ്യപ്പെടുന്നവർക്കെല്ലാം ലൈസൻസ് നൽകുന്നത് അധികൃതർ നിർബാധം തുടരുകയാണെന്ന് നാട്ടുകാർ പറയുന്നു. 2500 രൂപ മാത്രമാണ് ലൈസൻസിന് നൽകേണ്ടതെന്നതിനാൽ തന്നെ ദിവസവും നിരവധി പേരാണ് ലൈസൻസിന് അപേക്ഷിക്കുന്നത്. ഒരാളിന്റെ പേരിൽ തന്നെ അഞ്ച് കടകൾക്ക് വരെ ലൈസൻസ് ഉണ്ട്. അധികൃതർ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ വിനോദസഞ്ചാരികൾ തീരത്തെ ഉപേക്ഷിക്കുമെന്നാണ് നാട്ടുകാർ പറയുന്നത്.സാധാരണക്കാരായ സഞ്ചാരികൾ ഒരിക്കൽ കോവളത്ത് വന്നാൽ പിന്നെ ഇവിടേക്കു വരില്ലെന്ന് ഇവിടത്തെ വ്യാപാരികളും പറയുന്നു.
വസ്ത്രം മാറാനും ഇടമില്ല
ഗ്രോവ്, ലൈറ്റ്ഹൗസ്, ഹവ്വ, ഈവ്സ്, ചെറുമണൽ അടക്കമുള്ള ബീച്ചുകളിൽ വിനോദ സഞ്ചാരികൾക്കും നാട്ടുകാരായ സ്ത്രീകൾക്കോ പുരുഷൻമാർക്കോ പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാൻ സൗകര്യങ്ങളില്ല.കടലിൽ കുളിച്ചു കഴിഞ്ഞതിന് ശേഷം വിനോദസഞ്ചാരികൾ അടക്കമുള്ളവർക്ക് വസ്ത്രം മാറാനുള്ള സൗകര്യങ്ങളും ഇല്ല. ഗസ്റ്റ് ഹൗസിന് സമീപത്ത് ടോയ്‌ലെറ്റുകൾ നിർമ്മിച്ചിട്ടുണ്ടെങ്കിലും അവ ഉദ്യോഗസ്ഥർക്കും മറ്റും ഉപയോഗിക്കാനാണെന്ന കാരണം ചൂണ്ടിക്കാട്ടി അനുമതി നിഷേധിക്കുകയാണ് അധികൃതരുടെ രീതി. മാത്രമല്ല, കടലിലോ കരയിലോ ആരെങ്കിലും അപകടത്തിൽപ്പെട്ടാൽ അടിയന്തരരക്ഷാപ്രവർത്തനം നടത്തുന്നതിനോ പ്രാഥമിക ശുശ്രൂഷ നൽകുന്നതിനോ ഉള്ള സൗകര്യങ്ങളും ഇവിടെ അപര്യാപ്തമാണ്.
നടപ്പാതകളിൽ 49 ലക്ഷം രൂപ ചെലവാക്കി സ്ഥാപിച്ച സോളാർ ലൈറ്റുകളിൽ പലതും കത്താറായിട്ട് നാളുകളേറെയായി. ഇവിടെ സ്ഥാപിച്ചിട്ടുള്ള അലങ്കാരവിളക്കുകൾ നാശാവസ്ഥയിലാണ്. ഇവയുടെ എർത്തിംഗുമായി ബന്ധപ്പെട്ട അറ്റകുറ്റപ്പണികളും നടത്തിയിട്ടില്ല. വൃത്തിഹീനമായ ചുറ്റുപാടും മലിനജലം ഒഴുക്കിവിടുന്നതും ക്യത്യമായ മാലിന്യസംസ്‌കരണ സംവിധാനവുമില്ലാത്തതും കോവളത്ത് നിന്ന് സഞ്ചാരികളെ അകറ്റുകയാണ്. കുടിക്കാൻ ശുദ്ധജലമിലം ലഭിക്കാത്തതും തിരിച്ചടിയാണ്.