വയനാടിന്റെ പ്രിയ കഥാകാരി പി. വത്സല 'നെല്ലി"ന്റെ പിറവിയെ കുറിച്ചോർക്കുന്നു
അഞ്ചാം ക്ളാസിൽ തുടങ്ങിയ വായനശീലമാണ്. ഹൈസ്കൂളിൽ പഠിക്കുമ്പോൾ തന്നെ കഥയും കവിതയും എഴുതി തുടങ്ങി. തിരുനെല്ലി എന്ന് ഒാർക്കുമ്പോൾ തന്നെ മനസിന് പറഞ്ഞറിയിക്കാൻ പറ്റാത്ത അനുഭൂതി. അടിയോരുടെ പെരുമന് (നക്സലൈറ്റ് നേതാവ് എ. വർഗീസ് ) വേണ്ടി തിരുനെല്ലി കാട്ടിൽ വെടി മുഴക്കം തുടങ്ങുന്നതിന് മുമ്പ് തന്നെ ഇവിടെയെത്തി പ്രകൃതിയെയും മണ്ണിനെയും ഇവിടെയുള്ള കാടിന്റെ മക്കളായ മനുഷ്യരെയും കുറിച്ച് പഠിച്ചു. 'വയനാട്ടിൽ ആദിവാസികൾ നരക ജീവിതം നയിക്കുന്നു, അവർക്ക് പറയാൻ ഏറെയുണ്ട്. വത്സലക്ക് ആവുമോ അവരെക്കുറിച്ച് പറയാൻ?" സഞ്ചാര സാഹിത്യകാരൻ എസ്.കെ. പൊറ്റക്കാടിന്റെയും എം.ടി. വാസുദേവൻ നായരുടെയും ഇൗ ചോദ്യം ഒരു വെല്ലുവിളി പോലെ ഏറ്റെടുത്തു. പഠനം നടത്താൻ പറ്റിയ ഇടം തിരുനെല്ലിയാണെന്ന് വയനാട്ടിലെ ട്രൈബൽ ഡെവലപ്പ്മെന്റ് ഒാഫീസർ കെ.പാനൂരാണ് പറഞ്ഞത്. പിന്നെ ഒട്ടും ആലോചിച്ചില്ല.
കെ.പാനൂരിന്റെ കത്തുമായി തിരുനെല്ലിയിലെ രാഘവൻ മാഷിനെ തേടിയിറങ്ങി. ദുർഘടം പിടിച്ച യാത്ര. ഘോര വനം. എങ്ങും വന്യമൃഗങ്ങൾ. മാനന്തവാടിയിൽ നിന്ന് ഹംസയുടെ ജീപ്പിലായിരുന്നു യാത്ര. ആറ് മാസം പ്രായമായ മൂത്ത മകൾ മിനിയെയും കൊണ്ടാണ് ഭർത്താവ് അപ്പുക്കുട്ടൻ മാസ്റ്റർക്കൊപ്പം ആദ്യത്തെ തിരുനെല്ലി യാത്ര. ബേഗൂർ പാലം പോലും അന്നില്ല. ഏറെ ബുദ്ധിമുട്ടി പുഴ കടന്നാണ് തിരുനെല്ലിയിലെത്തിയത്. എവറസ്റ്റ് കീഴടക്കിയത് പോലെ തോന്നി. ഇന്നത്തെപ്പോലെ വാഹന സൗകര്യമോ റോഡോ യാതൊന്നും ഇല്ലാത്ത കാനനഭൂമി. രാഘവൻ മാസ്റ്ററെ കണ്ടു. കാര്യങ്ങൾ അവതരിപ്പിച്ചു. കുറെ ദിവസത്തേക്ക് കഴിയാനുള്ള ഭക്ഷ്യ വസ്തുക്കളുമായാണ് ആ യാത്ര. തിരുനെല്ലിയുടെ മണ്ണിനെയും മനുഷ്യരെയും കുറിച്ച് പഠിക്കാൻ മാസത്തിൽ മൂന്നും നാലും തവണകളായി നിരന്തരമായി യാത്ര ചെയ്തു. കാനന മദ്ധ്യത്തിൽ ദിവസങ്ങളോളം താമസിച്ചു. കാടിനെയും കാടിന്റെ മക്കളെയും തൊട്ടറിഞ്ഞു. കാലാവസ്ഥയെക്കുറിച്ച് പഠിക്കാനായി വർഷ കാലത്തും അവിടെയെത്തി. 'നെല്ല്" പിറവിയെടുത്തത് അങ്ങനെയാണ്.