rape-case

മധുബനി: ബീഹാറിലെ മധുബനിയിൽ ആടുമേയ്ക്കാനായി പോയ മൂകയും ബധിരയുമായ പതിനഞ്ചുകാരിയെ ബലാത്സംഗം ചെയ്ത് കണ്ണുകൾ കുത്തിപ്പൊട്ടിച്ച കേസിൽ മൂന്നു പേർ അറസ്റ്റിൽ. ബീഹാറിലെ ഹർലാഖി പൊലീസ് സ്‌റ്റേഷൻ പരിധിയിലുളള കൗവാഹ ഹർഹി ഗ്രാമത്തിലാണ് സംഭവം. പെൺകുട്ടി തങ്ങളെ തിരിച്ചറിയാതിരിക്കാനാണ് അക്രമികൾ മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് പെൺകുട്ടിയുടെ കണ്ണുകളിൽ കുത്തി പരിക്കേല്പിച്ചത്. രണ്ടു കണ്ണുകൾക്കും സാരമായി പരിക്കേറ്റതിനാൽ പെൺകുട്ടിയുടെ കാഴ്ച നഷ്ടപ്പെട്ടേക്കാമെന്ന് ഡോക്ടർമാർ പറയുന്നു.

സംഭവത്തിൽ ഗ്രാമവാസികളായ മൂന്നുപേരെ അറസ്റ്റ് ചെയ്തതായി എസ്.പി.സത്യപ്രകാശ് പറഞ്ഞു.

അക്രമത്തിനിരയായ പെൺകുട്ടിക്കൊപ്പം വേറെയും കുട്ടികൾ ആടുമേയ്ക്കാനുണ്ടായിരുന്നു. ഇവരാണ് പെൺകുട്ടിയെ കാണാനില്ലെന്ന് വീട്ടിൽ അറിയിക്കുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അയൽഗ്രാമമായ മനോഹർപൂരിലെ തരിശുഭൂമിയിൽ നിന്നാണ് പെൺകുട്ടിയെ അവശനിലയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടി ഗുരുതരാവസ്ഥയിൽ തുടരുകയാണ്.