വാഷിംഗ്ടൺ: ഏഴ് പതിറ്റാണ്ടുകൾക്ക് ശേഷം സ്ത്രീയ്ക്ക് വധശിക്ഷ നടപ്പാക്കി അമേരിക്ക. ഗർഭിണിയെ കൊന്ന് വയറ് കീറി കുട്ടിയെ മോഷ്ടിച്ച ലിസ മോണ്ട്ഗോമറിയുടെ വധശിക്ഷയാണ് നടപ്പാക്കിയത്.
ഇന്നലെ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12:01 ന് ഇന്ത്യാനയിലെ ടെറാ ഹൗട്ടയിൽ ഫെഡറൽ കറക്ഷണൽ കോംപ്ലക്സിൽവച്ച് മാരകമായ വിഷം കുത്തിവച്ചാണ് ശിക്ഷ നടപ്പിലാക്കിയത്.
ഇതിന് മുൻപ് 1953ൽ ബോണി ബ്രൗൺ ഹെഡി എന്ന വനിതയുടെ വധശിക്ഷയാണ് അമേരിക്കയിൽ അവസാനമായി നടന്നത്.
വധശിക്ഷ സ്റ്റേ ചെയ്തുകൊണ്ട് യു,എസ് സർക്യൂട്ട് കോടതി കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച സ്റ്റേ സുപ്രീം കോടതി റദ്ദാക്കിയിരുന്നു.
ലിസിയുടെ മാനസിക നില നിർണയിക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു ജഡ്ജി പാട്രിക് ഹാൻലോൻ വധശിക്ഷ സ്റ്റേ ചെയ്തത്.
2004ലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. മിസൗറി സ്വദേശിയായ ബോബി ജോ സ്റ്റിനെറ്റ് എന്ന ഗർഭിണിയായ 23 കാരിയെ അതിദാരുണമായി കൊലപ്പെടുത്തുകയായിരുന്നു ലിസ .
നായ്ക്കുട്ടികളെ വിൽക്കാനായി ബോബി ഓൺലൈനിലിട്ട പരസ്യം ശ്രദ്ധയിൽപ്പെട്ട ലിസ, നായ്ക്കുട്ടിയെ വാങ്ങാനെന്ന വ്യാജേന ബോബിയുടെ വീട്ടിലെത്തി.ബോബി ഗർഭിണിയാണെന്നും ലിസ മനസിലാക്കിയിരുന്നു.
ഒരു കയർ ഉപയോഗിച്ച് കഴുത്ത് മുറുക്കി ബോബിയെ ബോധം കെടുത്തി, കറിക്കത്തികൊണ്ട് വയറു പിളർന്ന് ലിസ കുഞ്ഞിനെ എടുത്തു. ബോബി പിന്നീട് മരിച്ചു.
കുഞ്ഞുമായി കടന്നു കളഞ്ഞ ലിസയെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു.
2007ൽ കേസിൽ ലിസ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തുകയും വധശിക്ഷ വിധിക്കുകയും ചെയ്തു.