25th-amendment

വാഷിംഗ്ടൻ: കാപ്പിറ്റോൾ കലാപവുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പുറത്താക്കാൻ ഭരണഘടനയുടെ 25ാം ഭേദഗതി പ്രയോഗിക്കണമെന്ന ആവശ്യത്തിന് യു.എസ് ജനപ്രതിനിധി സഭയിൽ ഭൂരിപക്ഷം. പ്രമേയം 205 നെതിരെ 223 വോട്ടുകൾക്കാണ് പാസായത്. എന്നാൽ ഈ ആവശ്യത്തെ പിന്തുണയ്ക്കില്ലെന്ന് വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് അറിയിച്ചു.

‘ട്രംപിന്റെ കാലാവധി അവസാനിക്കാൻ ഒരാഴ്ച മാത്രം ശേഷിക്കെ, 25ാം ഭേദഗതി പ്രയോഗിക്കണമെന്നാണ് നിങ്ങൾ ആവശ്യപ്പെടുന്നത്. എന്നാൽ അത്തരമൊരു പ്രവർത്തി രാജ്യത്തിന്റെ താൽപര്യത്തിന് യോജിച്ചതാണെന്നു വിശ്വസിക്കുന്നില്ല.’ – സ്പീക്കർ നാൻസി പെലോസിക്ക് അയച്ച കത്തിൽ ‌പെൻസ്

 25ാം ഭേദഗതി

കാപ്പിറ്റോൾ കലാപത്തിന്റെ സാഹചര്യത്തിൽ പ്രസിഡന്റ് പദവിയിൽ ശേഷിക്കുന്ന ദിവസങ്ങളിൽ ട്രംപ് അധികാര ദു‍ർവിനിയോഗം നടത്തുമെന്ന ആശങ്കയെ തുടർന്നാണ് 25–ാം ഭേദഗതിയിലെ നാലാം സെക്‌ഷൻ പ്രയോഗിച്ച് ട്രംപിനെ വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് പുറത്താക്കണമെന്ന ആവശ്യമുയരുന്നത്.

പ്രസിഡന്റ്, വൈസ് പ്രസിഡന്റ് പദങ്ങൾ ഒഴിഞ്ഞുകിടക്കുന്ന സാഹചര്യം വന്നാൽ അത് എങ്ങനെ നികത്തണം എന്നതിലെ അവ്യക്തതകൾ നീക്കുന്ന ഭേദഗതിയാണിത്.

പ്രസിഡന്റ് പദത്തിലിരിക്കുന്നയാൾ ആ ചുമതല നിറവേറ്റാൻ പ്രാപ്തനല്ല എന്നു ബോദ്ധ്യപ്പെട്ടാൽ പ്രസിഡന്റിനെ നീക്കി സ്വയം ചുമതല ഏറ്റെടുക്കാൻ വൈസ് പ്രസിഡന്റിന് അധികാരം നൽകുന്നതാണ് നാലാം സെക്‌ഷൻ. മന്ത്രിസഭയിലെ ഭൂരിഭാഗം പേരുടെ പിന്തുണ ഇതിനു വേണം. തുടർന്ന് തീരുമാനം പാർലമെന്റിനെ അറിയിക്കുകയും ഒപ്പം വൈസ് പ്രസിഡന്റിന് പ്രസിഡന്റിന്റെ ചുമതല ഏറ്റെടുക്കുകയും ചെയ്യാം.എന്നാൽ, ഈ നിർദ്ദേശം പാർലമെന്റ് തള്ളിയാൽ ചുമതല ഏറ്റെടുക്കാനാവില്ല.

 20ന് വാഷിംഗ്ടണിൽ അടിയന്തരാവസ്ഥ

അമേരിക്കൻ പ്രസിഡന്റായി ജോ ബൈഡൻ 20ന് സ്ഥാനമേൽക്കാനിരിക്കെ വാഷിംഗ്ടണിൽ അന്നേദിവസം ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സുരക്ഷാകാരണങ്ങൾ മുൻനിറുത്തിയാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയതെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു.
അനിഷ്‌ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാനാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്ന് അധികൃതർ പറഞ്ഞതായി റിപ്പോർട്ടുണ്ട്. ട്രംപ് അനുകൂലികൾ കാപ്പിറ്റോളിൽ നടത്തിയ അതിക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് വാഷിംഗ്ടണിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ ഫെഡറൽ ഏജൻസികൾക്ക് പ്രത്യേക സുരക്ഷാ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. അടിയന്തര പ്രത്യാഘാതങ്ങൾ തടയാനുള്ള നടപടികൾ ഏജൻസികൾക്ക് സ്വീകരിക്കാവുന്നതാണ്.

വാഷിംഗ്ടണിലും സമീപ പ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കും. ഭീഷണിയുയർത്തുന്ന തരത്തിലുള്ള അവസ്ഥ സംജാതമായാൽ ഉടനടി നടപടി സ്വീകരിക്കാൻ ഏജൻസികൾക്ക് അധികാരം നൽകിയിട്ടുണ്ട്.