ബ്രസിലീയ: ചൈനീസ് കമ്പനിയായ സിനോവാക് നിർമ്മിക്കുന്ന കൊവിഡ് വാക്സിന് ഫലപ്രാപ്തി കുറവാണെന്ന് ബ്രസീലിയൻ ഗവേഷകർ. വാക്സിന്റെ ഫലപ്രാപ്തി വെറും 50.4 ശതമാനം മാത്രമാണെന്നാണ് കണ്ടെത്തൽ. ബ്രസീൽ ഭരണകൂടം ജനങ്ങൾക്ക് വിതരണം ചെയ്യാൻ കരുതിവച്ച രണ്ട് വാക്സിനുകളിൽ ഒന്നാണിത്. വാക്സിൻ അംഗീകാരത്തിന് പര്യാപ്തമല്ലെന്നും കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ച നിരക്കിനേക്കാൾ വളരെ കുറവാണെന്നും ഗവേഷകർ വ്യക്തമാക്കി.
ഫലപ്രാപ്തിയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നതോടെ ബ്രസീലിലെ ബ്യൂട്ടന്റാൻ ഇൻസ്റ്റിറ്റ്യൂട്ടിനെതിരെ വിമർശനവും ശക്തമാകുന്നുണ്ട്.
ചൈനീസ് വാക്‌സിനെക്കുറിച്ച് ബ്രസീൽ ജനതയ്ക്ക് ആശയക്കുഴപ്പങ്ങൾ ഉണ്ടാക്കിയേക്കാമെന്ന് ഗവേഷകർ പറയുന്നു.എന്നാൽ, ഗവേഷകർ കഴിഞ്ഞ ആഴ്ച ഇതിന് വിരുദ്ധമായ ഫലമാണ് പുറത്തുവിട്ടിരുന്നത്. അന്ന് 78 ശതമാനം ഫലപ്രാപ്തിയാണ് ഗവേഷകർ കണ്ടെത്തിയത്. പിന്നീട് ഇത്, ക്ലിനിക്കൽ ഫലപ്രാപ്തിയാണെന്ന് വ്യക്തമാക്കിയിരുന്നു.
അതേസമയം, അന്ന് നടത്തിയ പരീക്ഷണത്തിൽ ചെറിയ അണുബാധകൾ കണ്ടെത്തിയെങ്കിലും അത് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നില്ലെന്നാണ് വിവരം. മറ്റ് വാക്സിനുകളെപ്പോലെ ചൈനീസ് വാക്സിൻ പൊതു പരിശോധനയ്ക്ക് വിധേയമാക്കിയിട്ടില്ലെന്നത് ആശങ്ക ഉയർത്തുന്നുണ്ട്.
അതേസമയം, വാക്സിൻ സ്വീകരിച്ച സന്നദ്ധ പ്രവർത്തകരാരും തന്നെ കൊവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടിട്ടില്ല എന്ന വിവരവും പറത്തു വരുന്നുണ്ട്. ഗവേഷണ ഫലം ബ്യൂട്ടന്റാൻ ഇൻസ്റ്റിറ്റ്യൂട്ട് വൈകിപ്പിച്ചതായും ആരോപണങ്ങൾ ഉയരുന്നുണ്ട്. മൂന്ന് വട്ടമാണ് ഇത്തരത്തിൽ പ്രഖ്യാപനം മാറ്റിവച്ചത്. സിനോവാക്കുമായുള്ള കരാറിലെ വിശ്വസ്തതയാണ് ഇത്തരത്തിൽ ഫലം വൈകിപ്പിക്കാനുള്ള കാരണമായി പറയുന്നത്.