ബ്രിസ്ബേൻ : നാലാം ടെസ്റ്റ് നാളെ ആരംഭിക്കാനിരിക്കേ ഇന്ത്യയെ മാത്രമല്ല ആസ്ട്രേലിയയെയും പരിക്ക് അലട്ടുന്നു.സിഡ്നി ടെസ്റ്റിനിടെ ഓപ്പണർ വിൽ പുക്കോവ്സ്കിക്ക് പരിക്കേറ്റതാണ് ആതിഥേയരെ അലട്ടുന്ന പ്രധാന പ്രതിസന്ധി.
പുക്കോവ്സ്കി ഇന്നലെ നെറ്റ്സിൽ ബാറ്റിംഗ് പ്രാക്ടീസിന് ഇറങ്ങിയില്ല. ചെറിയ രീതിയിൽ ഫീൽഡിംഗ് പരിശീലനം മാത്രമാണ് നടത്തിയത്. പുക്കോവ്സ്കിയുടെ തോളിനാണ് പരിക്കേറ്റിരിക്കുന്നത്. അതേസമയം മുൻനിര പേസർമാരായ മിച്ചൽ സ്റ്റാർക്ക്, ഹേസൽവുഡ്,പാറ്റ് കമ്മിൻസ് എന്നിവരും ഇന്നലെ പരിശീലനത്തിന് ഇറങ്ങാതിരുന്നത് പരിക്കിന്റെ ഭീഷണി ഉള്ളതുകൊണ്ടാണെന്ന് അറിയുന്നു.
അതേസമയം പരിക്കിന്റെ വലിയ ഭീഷണി നേരിടുന്ന ഇന്ത്യ ഇന്നലെ ബ്രിസ്ബേനിൽ പരിശീലനത്തിന് ഇറങ്ങി.പരിക്കേറ്റവരെ ഒഴിവാക്കി പ്ളേയിംഗ് ഇലവനിൽ എത്താൻ സാദ്ധ്യതയുള്ളവരെയാണ് പരിശീലനത്തിന് ഇറക്കിയത്. ജസ്പ്രീത് ബുംറ,രവീന്ദ്ര ജഡേജ,ഹനുമ വിഹാരി,രവിചന്ദ്രൻ അശ്വിൻ എന്നിവരാണ് സിഡ്നി ടെസ്റ്റ് കഴിഞ്ഞതോടെ പരിക്കേറ്റവരുടെ പട്ടികയിലേക്ക് കൂട്ടിച്ചേർക്കപ്പെട്ടത്. ഇതിൽ വിഹാരിയും ജഡേജയും കളിക്കില്ലെന്ന് ഉറപ്പാണ്.നടുവേദന അനുഭവപ്പെടുന്ന അശ്വിൻ പൂർണമായും ഫിറ്റാണെങ്കിൽ മാത്രമേ കളിക്കാനിറങ്ങൂ. കഴിഞ്ഞ ടെസ്റ്റിൽ നിന്ന് ഒഴിവാക്കപ്പെട്ട മായാങ്ക് അഗർവാളും പരിക്കിന്റെ ഭീഷണിയിലാണ്.
പകരക്കാരെ പരീക്ഷിക്കുന്നതിനെക്കുറിച്ച് തലപുകയ്ക്കുകയാണ് കോച്ച് രവിശാസ്ത്രിയും നായകൻ അജിങ്ക്യ രഹാനെയും.ഹനുമ വിഹാരി,ജഡേജ എന്നിവർക്ക് പകരം പൃഥ്വി ഷാ,സാഹ എന്നിവരാണ് പരിഗണിക്കാനുള്ളത്. അശ്വിന് പകരം കുൽദീപിനെയോ വാഷിംഗ്ടൺ സുന്ദറിനെയോ ഉൾപ്പെടുത്താം. ബാറ്റിംഗ് ശേഷിക്കാണ് പ്രാധാന്യം നൽകുന്നതെങ്കിൽ സുന്ദറിനാകും ചാൻസ്. ബുംറയ്ക്ക് പകരം ടി.നടരാജൻ അരങ്ങേറ്റം കുറിച്ചേക്കാം.