manchester-united

ബേൺലിയെ തോൽപ്പിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇംഗ്ളീഷ് പ്രിമിയർ ലീഗിൽ ഒന്നാം സ്ഥാനത്ത്.

1-0

ലണ്ടൻ : ഏഴ് സീസണുകളായി കിരീടത്തിൽ നിന്ന് അകന്നുനിൽക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ഇംഗ്ളീഷ് പ്രിമിയർ ലീഗ് ഫുട്ബാൾ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. ഈ സീസണിൽ 17 മത്സരങ്ങൾ പിന്നിട്ടപ്പോഴാണ് ആദ്യമായി യുണൈറ്റഡ് പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനത്തേക്ക് ഉയർന്നത്. കഴിഞ്ഞ രാത്രി ബേൺലിയെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കുകയായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ്. ഇതോടെ നിലവിലെ ചാമ്പ്യന്മാരായ ലിവർപൂളിനേക്കാൾ മൂന്ന് പോയിന്റ് മാഞ്ചസ്റ്റർ യുണൈറ്റഡിന് കൂടുതൽ ലഭിച്ചു.

ബേൺലിയുടെ തട്ടകത്തിൽ നടന്ന മത്സരത്തിന്റെ 71-ാം മിനിട്ടിൽ പോൾ പോഗ്ബയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിജയഗോൾ നേടിയത്. മാർക്കസ് റാഷ്ഫോർഡിന്റെ ക്രോസിൽ നിന്നായിരുന്നു പോഗ്ബയുടെ ഗോൾ.ആദ്യ പകുതിയിൽ യുണൈറ്റഡിനായി ഹാരി മഗ്വെയർ പന്ത് ബേൺലിയുടെ വലയിലെത്തിച്ചിരുന്നുവെങ്കിലും റഫറി ഗോൾ അനുവദിച്ചിരുന്നില്ല.

ഈ വിജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡിന് 17 മത്സരങ്ങളിൽ നിന്ന് 36 പോയിന്റായി. ലിവർപൂളിന് 33 പോയിന്റാണുള്ളത്.32 പോയിന്റുള്ള ലെസ്റ്റർ സിറ്റിയാണ് മൂന്നാം സ്ഥാനത്ത്.

പ്രിമിയർ ലീഗിൽ കഴിഞ്ഞ രാത്രി നടന്ന മറ്റ് മത്സരങ്ങളിൽ എവട്ടൺ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് വോൾവർഹാംപ്ടണിനെയും ഷെഫീൽഡ് യുണൈറ്റഡ് മറുപടിയില്ലാത്ത ഒരു ഗോളിന് ന്യൂകാസിലിനെയും തോൽപ്പിച്ചു.

11

ഈ സീസണിലെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പതിനൊന്നാമത്തെ വിജയമായിരുന്നു ബേൺലിക്ക് എതിരെ. തുടർച്ചയായ മൂന്നാം മത്സരത്തിലാണ് യുണൈറ്റഡ് വിജയം കണ്ടത്.