snowfall

മാഡ്രിഡ്: അപ്രതീക്ഷിതമായി എത്തിയ ഫിലോമിന ചുഴലിക്കാറ്റിനെ തുടർന്ന് 50 വർഷത്തിന് ശേഷം ആദ്യമായി സ്‌പെയിനിൽ കനത്ത മഞ്ഞ് വീഴ്ച. സ്പെയിനിലെ വിവിധ പ്രദേശങ്ങൾ മഞ്ഞുവീഴ്ച മൂലം ദുരിതത്തിലാണ്. 1971 നു ശേഷം സ്‌പെയിൻ കണ്ട ഏറ്റവും തീവ്രമായ മഞ്ഞുവീഴ്ച കാരണം റോഡ്, റെയിൽ വ്യോമഗതാഗതം എന്നിവ തടസപ്പെട്ടു. തലസ്ഥാന നഗരമായ മാഡ്രിഡിൽ 20 ഇഞ്ച് വരെ മഞ്ഞ് വീണു. നിറുത്തിയിട്ടിരിക്കുന്ന വാഹനങ്ങളും റോഡുകളും മഞ്ഞിൽ പുതഞ്ഞിരിക്കുകയാണ്. വെറും ഒറ്റരാത്രി കൊണ്ട് സ്‌പെയിനിന്റെ ചില ഭാഗങ്ങളിൽ താപനില- 8 സെൽഷ്യസ് (18 എഫ്) ലേക്ക് താഴ്ന്നു. ചിലയിടങ്ങളിൽ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും താപനില - 10 ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്നു. അതേസമയം, പ്രായഭേദമന്യേ നിരവധി പേരാണ് മഞ്ഞ്‌വീഴ്ച ആഘോഷമാക്കിയിരിക്കുന്നത്. സ്‌നോബോൾ പോരാട്ടവും സ്‌നോ സ്കേറ്റിംഗും പരിശീലിക്കുകയാണ്ജനങ്ങളുടെ പ്രധാന പരിപാടി.

എന്നാൽ, ആളുകളോട് വീടുകളിൽ കഴിയാനും യാത്രകൾ ഒഴിവാക്കാനും മാഡ്രിഡ് സിറ്റി കൗൺസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, മാഡ്രിഡിന്റെ വടക്ക് പടിഞ്ഞാറ് സർസാലെജോയിൽ മഞ്ഞുവീഴ്ചയെ തുടർന്ന് മൂടിപ്പോയ ഒരു കാറിനുള്ളിൽ 54 കാരനെ മരിച്ച നിലയിൽ കണ്ടെത്തി.