വാഷിംഗ്ടൺ: സ്വന്തം ശരീരത്തിനും സൗന്ദര്യത്തിനും പെൺകുട്ടികൾ കൂടുതൽ പ്രാധാന്യം നൽകുന്ന കൗമാരപ്രായത്തിലാണ് അന്റോണിയ ലിവേഴ്സിന് വെള്ളപ്പാണ്ട് ബാധിക്കുന്നത്. എന്നാൽ, നിശ്ചയദാർഢ്യം കൂടപ്പിറപ്പായ അന്റോണിയ തോറ്റുപിന്മാറാൻ തയ്യാറായിരുന്നില്ല.
അമേരിക്കയിലെ യൂട്ടാ സ്വദേശിയായ അന്റോണിയ ഇന്ന് ലോകമറിയുന്ന ഒരു ബോഡിബിൽഡറാണ്.
പതിനാല് വയസുളപ്പോഴാണ് അന്റോണിയയുടെ ശരീരത്തിൽ വെള്ളപ്പാണ്ടുകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്.
തുടർന്ന്, നടത്തിയ പരിശോധനയിലാണ് മെലാനിന്റെ അഭാവം മൂലമുണ്ടാകുന്ന വെള്ളപ്പാണ്ട് ആണെന്ന് സ്ഥിരീകരിക്കുന്നത്. തുടക്കത്തിൽ തളർന്നുപോയെങ്കിലും അത് മറികടക്കാനായി അന്റോണിയ വർക്കൗട്ടിലും ബോഡിബിൽഡിംഗിലും ശ്രദ്ധ കേന്ദ്രീകരിച്ചു.
തന്റെ ശരീരത്തെ സ്നേഹിക്കാനും അവൾ പഠിച്ചു.
ബോഡിബിൽഡിംഗിന് യോജ്യമായ ഇറക്കം കുറഞ്ഞ വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നതും തുടക്കത്തിൽ അന്റോണിയയെ ആശങ്കപ്പെടുത്തിയിരുന്നു.
അത്തരം ഔട്ട്ഫിറ്റുകളിൽ തന്റെ ശരീരത്തിലെ വെള്ളപ്പാണ്ടുകൾ ആളുകൾ കാണുമല്ലോയെന്നതായിരുന്നു അന്റോണിയയെ അലട്ടിയിരുന്നത്.
എന്നാൽ, തനിക്കിഷ്ടമുള്ളത് ചെയ്യാൻ യാതൊന്നും ഭയക്കേണ്ടെന്ന് അന്റോണിയ തിരിച്ചറിഞ്ഞു. പല ബോഡിബിൽഡിംഗ് മത്സരങ്ങളിലും പങ്കെടുത്ത് വിജയിച്ച ഈ 27 കാരി മികച്ചൊരു ഫിറ്റ്നസ് ട്രെയിനർ കൂടിയാണ്.