തിരുവനന്തപുരം : അടിസ്ഥാന യോഗ്യത നഷ്ടമായ ആളെ സ്റ്റാൻഡിംഗ് കമ്മറ്റിയിൽ തുടരാൻ അനുവദിക്കുന്നതായ പരാതിയിൽ നടപടിയെടുക്കാതിരുന്ന സംസ്ഥാന സ്പോർട്സ് കൗൺസിലിനെതിരെ മുഖ്യമന്ത്രിക്ക് പരാതി. പരാതിക്കാരന്റെ മൊഴിരേഖപ്പെടുത്തുന്നതടക്കമുള്ള തുടർനടപടികൾക്കായി കളമശേരി പൊലീസ് സ്റ്റേഷനിലേക്ക് കൈമാറിയിരിക്കുകയാണ് മുഖ്യമന്ത്രിയുടെ ഓഫീസ്.
കേരള അക്വാട്ടിക് അസോസിയേഷന്റെ പ്രതിനിധിയായി നാലുവർഷം മുമ്പ് സ്പോർട്സ് കൗൺസിൽ ജനറൽ ബോഡിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് സ്റ്റാൻഡിംഗ് കമ്മറ്റി അംഗമായ ആളുടെ കാലാവധി കഴിഞ്ഞവർഷം പൂർത്തിയായിരുന്നു. ഇതിന് ശേഷം അക്വാട്ടിക് അസോസിയേഷന്റെ തിരഞ്ഞെടുപ്പ് നടന്നിട്ടില്ല. ഇതോടെ ജനറൽ ബോഡിയിലേക്കുള്ള അംഗത്വവും സ്റ്റാൻഡിംഗ് കമ്മറ്റി അംഗത്വവും സ്പോർട്സ് ആക്റ്റ് അനുസരിച്ച് റദ്ദായതായും ഇദ്ദേഹത്തെ സ്റ്റാൻഡിംഗ് കമ്മറ്റിയിൽ പങ്കെടുപ്പിക്കരുതെന്നും നവംബറിൽ എറണാകുളം സ്വദേശിയായ ഗിരീഷ് ബാബു കൗൺസിലിനും കായിക മന്ത്രിയ്ക്കും പരാതി നൽകയിരുന്നു.എന്നാൽ ഇതിൽ നടപടികൾ ഒന്നും ഉണ്ടായില്ല. യോഗ്യത നഷ്ടമായ ശേഷവും ഇദ്ദേഹം സ്റ്റാൻഡിംഗ് കമ്മറ്റിയിൽ പങ്കെടുത്തിരുന്നു. ഇതിനെത്തുടർന്നാണ് മുഖ്യമന്ത്രിയെ സമീപിച്ചത്. ഇദ്ദേഹം പങ്കെടുത്ത സ്റ്റാൻഡിംഗ് കമ്മിറ്റുകളുടെ തീരുമാനം റദ്ദാക്കണമെന്നും മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയിൽ പറയുന്നു.
മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെ വിജിലൻസിൽ പരാതി നൽകിയത് ഗിരീഷ് ബാബുവാണ്.