godse

ഭോപ്പാൽ: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ വധിച്ച നാഥുറാം ഗോഡ്‌സെയുടെ സ്മരണാർത്ഥം മദ്ധ്യപ്രദേശിലെ ഗ്വാളിയറിൽ രണ്ട് ദിവസം മുമ്പ് ആരംഭിച്ച 'ഗോഡ്സെ ലൈബ്രറി പ്രതിഷേധത്തെ തുടർന്ന് അടച്ചുപൂട്ടി. ലൈബ്രറി അടച്ചുപൂട്ടി, പുസ്തകങ്ങളും മറ്റും പിടിച്ചെടുത്തതായി ജില്ലാ ഭരണകൂടം അറിയിച്ചു.

ഗോഡ്‌സെയുടെ ജീവിതവും 'പ്രത്യയശാസ്ത്രവും' ഭാവിതലമുറയ്ക്ക് പഠിക്കാൻ വേണ്ടിയാണ് അഖില ഭാരതീയ ഹിന്ദു മഹാസഭ 'ജ്ഞാനശാല' തുറന്നത്. മുമ്പ് ഇതേ സംഘടന ഗ്വാളിയറിൽ ഗോഡ്‌സെയ്ക്ക് വേണ്ടി അമ്പലം നിർമിക്കാൻ തീരുമാനിച്ചെങ്കിലും കോൺഗ്രസിന്റെയും മറ്റു പ്രതിപക്ഷ പാർട്ടികളുടെയും ശക്തമായ എതിർപ്പിനെ തുടർന്ന് ഒഴിവാക്കുകയായിരുന്നു.

ഗോഡ്‌സെയുടെ ലേഖനങ്ങളും പ്രസംഗവും ഗാന്ധിജിയെ വധിക്കാൻ നടത്തിയ പരിശ്രമങ്ങളെപ്പറ്റിയുള്ള വിവരങ്ങളും ഈ ലൈബ്രറിയിൽ ലഭ്യമായിരുന്നു. ഗ്വാളിയറിൽ വച്ചാണ് ഗാന്ധിജിയെ വധിക്കാൻ ഗോഡ്‌സെ ആസൂത്രണം നടത്തിയതും അതിനായി തോക്കു വാങ്ങിയതും. ഇക്കാരണത്താലാണ് ഗ്വാളിയറിൽ ലൈബ്രറി ആരംഭിച്ചത്. എന്നാൽ ഗോഡ്‌സെയായിരുന്നു യഥാർത്ഥ രാജ്യസ്‌നേഹിയെന്നും വിഭജനത്തിനെതിരെ നിന്നതുകൊണ്ട് ജീവൻ നഷ്ടമായ വ്യക്തിയാണ് ഗോഡ്‌സെ എന്നുമാണ് സംഘടനയുടെ പക്ഷം.

ഗാന്ധിഘാതകന്റെ ലൈബ്രറി അടച്ചു പൂട്ടണമെന്ന് ആവശ്യപ്പെട്ട് വൻ പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. 2019ൽ ഗ്വാളിയർ എം.പി പ്രജ്ഞാ സിംഗ് ഠാക്കൂർ ഗോഡ്‌സെയെ ദേശാഭിമാനിയായി വിശേഷിപ്പിച്ചതും വിവാദമായിരുന്നു.