azar

54 പന്തുകളിൽ ഒൻപത് ഫോറും 11 സിക്സുമടക്കം പുറത്താകാതെ 137 റൺസ്, സെഞ്ച്വറി തികച്ചത് 37

പന്തുകളിൽ നിന്ന്

മുഷ്താഖ് അലി​ ട്രോഫി​യിൽ സെഞ്ച്വറി നേടുന്ന ആദ്യ കേരള താരം

മുംബയ് : സെയ്ദ് മുഷ്താഖ് അലി​ ട്രോഫി​ ട്വന്റി-20 ടൂർണമെന്റിൽ കേരളത്തിന് അത്യുജ്ജ്വല വിജയം സമ്മാനിച്ച് മുഹമ്മദ് അസ്ഹറുദ്ദീന്റെ അതിവേഗ സെഞ്ച്വറി. വാങ്കഡെ സ്റ്റേഡിയത്തിൽ മുംബയ് ഉയർത്തിയ196 /7 എന്ന സ്കോർ 25 പന്തുകളും എട്ടുവിക്കറ്റുകളും ബാക്കി നിൽക്കേ കേരളം മറികടന്നത് 54 പന്തുകളിൽ ഒൻപത് ഫോറും 11 സിക്സുമടക്കം പുറത്താകാതെ 137 റൺസ് അടിച്ചുകൂട്ടിയ അസ്‌ഹറുദ്ദീന്റെ ഗംഭീര പ്രകടനത്തിന്റെ മികവിലാണ്.

എതിരാളികളുടെ വലിപ്പം നോക്കാതെ ചേസിംഗ് ഓപ്പൺ ചെയ്യാനിറങ്ങിയ അസ്‌ഹർ റോബിൻ ഉത്തപ്പയ്ക്കൊപ്പം തകർത്തടിക്കാൻ തുടങ്ങി.നേരിട്ട 20-ാമത്തെ പന്തിൽത്തന്നെ അർദ്ധസെഞ്ച്വറി കടന്നു.മുംബയ് ബൗളർമാരെ നിർദാക്ഷിണ്യം പ്രഹരിക്കുകയായിരുന്നു അസ്ഹർ. ഒന്നാം വിക്കറ്റിൽ 9.3 ഓവറിൽ ഉത്തപ്പയ്ക്കൊപ്പം കൂട്ടിച്ചേർത്തത് 129 റൺസാണ്. ഇതിൽ 33 റൺസ് മാത്രമായിരുന്നു ഉത്തപ്പയുടെ സംഭാവന. നേരിട്ട 37-ാമത്തെ പന്തിൽ മൂന്നക്കം തികച്ച അസ്‌ഹർ സഞ്ജുവിനെക്കൂട്ടി മിന്നൽവേഗത്തിൽ ലക്ഷ്യത്തിലുമെത്തി.

മുഷ്താഖ് അലി​ ട്രോഫി​യിൽ സെഞ്ച്വറി നേടുന്ന ആദ്യ കേരള താരമായി അസ്ഹർ ചരിത്രം കുറിച്ചു. 2012/13 സീസണിൽ 92 റൺസ് നേടിയിരുന്ന രോഹൻ പ്രേമിന്റേതായിരുന്നു ഇതിന് മുമ്പുള്ള ഉയർന്ന സ്കോർ.

ട്വന്റി-20യിലെ ഏറ്റവും വേഗതയേറിയ നാലാമത്തെ സെഞ്ച്വറിക്ക് ഉടമയും അസ്ഹറായി. 32 പന്തുകളിൽ മൂന്നക്കം കണ്ട റിഷഭ് പന്താണ് ഇക്കാര്യത്തിൽ ഒന്നാമൻ.രോഹിത്ശർമ്മ(35 പന്തുകളിൽ ),യൂസഫ് പഠാൻ(37 പന്തുകളിൽ ) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.

മുഷ്താഖ് അലി​ ട്രോഫി​യിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്കോറും അസ്ഹറുദ്ദീന്റേതായി മാറി.

ഇന്നലെ ആദ്യം ബാറ്റുചെയ്ത മുംബയ് ഏഴുവിക്കറ്റ് നഷ്ടത്തിലാണ് റൺസടിച്ചുകൂട്ടിയത്.

യശ്വസി​ ജയ്സ്വാളും (40), ആദിത്യ താരേയും (42)ചേർന്ന് 9.5 ഓവറിൽ 88 റൺസിന്റെ മികച്ച ഓപ്പണിംഗ് കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. പത്താം ഓവറിൽ ജലജ് സക്സേനയാണ് സഖ്യം പൊളിച്ചത്. 31 പന്തുകളിൽ നാലുഫോറും ഒരു സിക്സുമടിച്ച താരേയെ ഉത്തപ്പയുടെ കയ്യിലെത്തിക്കുകയായിരുന്നു ജലജ്. വൈകാതെ യശ്വസിയെ നിതീഷ് മടക്കി അയച്ചു. എന്നാൽ നായകൻ സൂര്യകുമാർ യാദവും (38), സിദ്ദേശ് ലാഡും (21) ചേർന്ന് 26 പന്തുകളിൽ 49 റൺസ് കൂട്ടിച്ചേർത്തു. 16-ാം ഓവറിൽ ഇരുവരെയും ജലജ് പുറത്താക്കി.

നാലോവറിൽ 47 റൺസ് വഴങ്ങിയ ശ്രീശാന്തിന് ഇന്നലെ വിക്കറ്റുകൾ ഒന്നും വീഴ്ത്താനായില്ല.

പേരിൽ മാത്രമല്ല അസ്ഹർ

മുൻ ഇന്ത്യൻ നായകൻ മുഹമ്മദ് അസ്ഹറുദ്ദീന്റെ അതേപേരാണ് ഈ കാസർകോട് തളങ്കരക്കാരന്റെ പ്രധാന ആകർഷണം.വിക്കറ്റ് കീപ്പർ ബാറ്റ്സ്മനായ അസ്ഹർ 2015ൽ ഗോവയ്ക്കെതിരെയാണ് ഫസ്റ്റ്ക്ളാസ് ക്രിക്കറ്റിൽ അരങ്ങേറിയത്.