ഭോപ്പാൽ : വിവാഹപ്രായം ഉയർത്തുന്നതിനെചൊല്ലിയിുള്ള കോൺഗ്രസ് എം.എൽ.എയുടെ പരാമർശം വിവാദത്തിൽ. മദ്ധ്യപ്രദേശ് മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായി സജ്ജൻ വെർമയുടേതാണ് പരാമർശം. പതിനഞ്ചാം വയസിൽ പെൺകുട്ടികൾക്ക് പ്രസവിക്കാൻ കഴിയും. പിന്നെ എന്തിനാണ് പെൺകുട്ടികളുടെ വിവാഹപ്രായം 21 ആയി ഉയർത്തുന്നത് എന്നായിരുന്നു സജ്ജൻ കുമാറിന്റെ ചോദ്യം. മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനുള്ള മറുപടിയാണ് വിവാദമായത്. ശിവരാജ് സിംഗ് ഡോക്ടറാണോ എന്നും എം.എൽ.എ പരിഹസിച്ചു.
നാരി സമ്മാൻ പദ്ധതിയുടെ ഭാഗമായി നടന്ന പരിപാടിയിൽ പെൺകുട്ടികളുടെ വിവാഹപ്രായം 18ൽ നിന്ന് 21 ആയി ഉയർത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. സംസ്ഥാനത്തെ പെൺകുട്ടികൾക്ക് സുരക്ഷ നൽകുന്നതിൽ സർക്കാർ പരാജയമാണെന്നും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിക്കുന്ന കേസുകൾ സംസ്ഥാനത്ത് വർദ്ധിക്കുന്നുവെന്നും സജ്ജൻകുമാർ ആരോപിച്ചു.
അതേസമയം പരാമർശത്തിനെതിരെ സംസ്ഥാന ബി.ജെ..പി നേതൃത്വം രംഗത്തെത്തി. രാജ്യത്തിലെ പെൺകുട്ടികളെ അപമാനിക്കുകയാണ് ഇത്തരം പരാമർശത്തിലൂടെ കോൺഗ്രസ് ചെയ്തതെന്ന് ബി.ജെ.പി വക്താവ് നേഹ ബഗ്ഗ പറഞ്ഞു. തന്റെ പാർട്ടിയുടെ പ്രസിഡന്റ് ഒരു സ്ത്രീയാണെന്ന കാര്യം എം.എൽ.എ മറന്നോ എന്നും അവർ ചോദിച്ചു. അതേസമയം കോൺഗ്രസ് വക്താവ് ഭൂപിന്ദർ ഗുപ്ത് എം.എൽ.എയെ ന്യായീകരിച്ചു രംഗത്തുവന്നു. വിഷയത്തിലെ ശാസ്ത്രീയ വശങ്ങൾ ചൂണ്ടിക്കാട്ടുക മാത്രമാണ് സജ്ജൻകുമാർ ചെയ്‌തതെന്ന് ഗുപ്ത പറഞ്ഞു.