തിരുവനന്തപുരം: സംസ്ഥാനത്ത് വിതരണം നടത്താനുള്ള കൊവിഡ് വാക്‌സിന്റെ രണ്ടാമത്തെ ബാച്ച് തിരുവനന്തപുരത്ത് എത്തി.
വാക്‌സിൻ കൊണ്ടുപോയ വാഹനങ്ങൾക്ക് വിമാനത്താവളത്തിന് പുറത്ത് ബിജെപി പ്രവർത്തകർ പുഷ്പവൃഷ്‌ടി നടത്തി. വൈകിട്ട് ആറു മണിയോടെയാണ് വാക്‌സിനുമായി വിമാനം തിരുവനന്തപുരത്ത് എത്തിയത്. 1.34 ലക്ഷം ഡോസുകളാണ് തിരുവനന്തപുരത്ത് എത്തിച്ചത്.
ജില്ലാ കളക്ടറും ജില്ലാ മെഡിക്കൽ ഓഫീസറും ചേർന്നാണ് വാക്‌സിൻ ഏറ്റുവാങ്ങിയത്. നിശ്ചിത ഊഷ്മാവിൽ സൂക്ഷിക്കാൻ കഴിയുന്ന തരത്തിലുള്ള വാനിലാണ് വാക്സിൻ മേഖലാ സംഭരണകേന്ദ്രത്തിലേക്ക് കൊണ്ടുപോയത്. കൊവിഷീൽഡ് വാക്‌സിൻ ആണ് ഇത്. ആദ്യഘട്ട കൊവിഡ് വാക്‌സിൻ രാവിലെ കൊച്ചിയിലെത്തിയിരുന്നു.ഗോ എയർ വിമാനത്തിലാണ് ആദ്യഘട്ട വാക്‌സിൻഎത്തിയത്. ഇത് ജില്ലാ കളക്‌ടറുടെ നേതൃത്വത്തിലുള്ള സംഘം ജില്ലാ സംഭരണ കേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നു.ആദ്യബാച്ചിൽ 25 ബോക്‌സുകളാണ് ഉണ്ടായിരുന്നത്.
പൂനെ സിറം ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയിൽ നിന്നുള്ള കൊവിഷീൽഡ് വാക്‌സിനുകൾ വിമാനമാർഗമാണ് കൊച്ചി എയർപോർട്ടിലും തിരുവനന്തപുരം എയർപോർട്ടിലും എത്തിച്ചത്. കൊച്ചിയിലെത്തിച്ച 1,80,000 ഡോസ് വാക്സിനുകൾ എറണാകുളം റീജിയണൽ വാക്സിൻ സ്റ്റോറിലും 1,19,500 ഡോസ് വാക്സിനുകൾ കോഴിക്കോട് റീജിയണൽ വാക്സിൻ സ്റ്റോറിലും തിരുവനന്തപുരത്തെത്തിച്ച 1,34,000 ഡോസ് വാക്സിനുകൾ തിരുവനന്തപുരത്തെ റീജിയണൽ വാക്സിൻ സ്റ്റോറിലും എത്തിച്ചിട്ടുണ്ട്. കോഴിക്കോട് വന്ന വാക്സിനിൽ നിന്നും 1,100 ഡോസ് വാക്‌സിനുകൾ മാഹിക്കുള്ളത്.
റീജിയണൽ സംഭരണ കേന്ദ്രങ്ങളിൽ വാക്സിൻ എത്തിയ ഉടൻ തന്നെ നടപടിക്രമങ്ങൾ പാലിച്ച് ജില്ലകളിലേക്ക് വിതരണം ചെയ്തു തുടങ്ങിയിട്ടുണ്ട്. റീജിയണൽ വാക്സിൻ സ്റ്റോറിൽ സ്റ്റോറിൽ നിന്നും അതത് ജില്ലാ വാക്സിൻ സ്റ്റോറുകളിലാണ് എത്തിക്കുന്നത്. അവിടെ നിന്നാണ് ബന്ധപ്പെട്ട വാക്സിനേഷൻ കേന്ദ്രങ്ങളിൽ ആവശ്യാനുസരണം വാക്സിൻ എത്തിക്കുന്നത്.
തിരുവനന്തപുരം 64,020, കൊല്ലം 25,960, പത്തനംതിട്ട 21,030, ആലപ്പുഴ 22,460, കോട്ടയം 29,170, ഇടുക്കി 9,240, എറണാകുളം 73,000, തൃശൂർ 37,640, പാലക്കാട് 30,870, മലപ്പുറം 28,890, കോഴിക്കോട് 40,970, വയനാട് 9,590, കണ്ണൂർ 32,650, കാസർഗോഡ് 6,860 എന്നിങ്ങനെ ഡോസ് വാക്സിനുകളാണ് ജില്ലകളിൽ വിതരണം ചെയ്യുന്നത്.
സംസ്ഥാനത്ത് ആദ്യഘട്ടമായി 133 കേന്ദ്രങ്ങളിലാണ് ശനിയാഴ്ച വാക്സിനേഷൻ നടക്കുന്നത്. എല്ലാ കേന്ദ്രങ്ങളിലും കൊവിഡ് വാക്സിനേഷനായി വിപുലമായ സംവിധാനങ്ങളാണ് സജ്ജമാക്കി വരുന്നത്. കൊവിഡ് വാക്സിനേഷനായി ഇതുവരെ 3,68,866 പേരാണ് രജിസ്റ്റർ ചെയ്തത്. സർക്കാർ മേഖലയിലെ 1,73,253 പേരും സ്വകാര്യ മേഖലയിലെ 1,95,613 പേരുമാണ് രജിസ്റ്റർ ചെയ്‌തിട്ടുള്ളത്.