വാഷിംഗ്ടൺ: ഇംപീച്ച്‌മെന്റിന് പിന്നാലെ ഐക്യത്തിന് ആഹ്വാനം ചെയ്ത് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. രാജ്യത്ത് സമാധാനം കൊണ്ടുവരണമെന്ന് ട്രംപ് വീഡിയോ സന്ദേശത്തിലൂടെ ജനങ്ങളോട് പറഞ്ഞു. അതോടൊപ്പം കാപിറ്റോൾ ആക്രമണത്തിന് കാരണക്കാരായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.
തന്നെ പിന്തുടരുന്നവർ കലാപത്തിന് മുതിരരുതെന്നും ട്രംപ് പറഞ്ഞു. ഇംപീച്ച്‌മെന്റിനെക്കുറിച്ചുള്ള പരാമർശമൊന്നും വീഡിയോ സന്ദേശത്തിലുണ്ടായിരുന്നില്ല. ജനപ്രതിനിധി സഭയില്‍ നടന്ന വോട്ടെടുപ്പില്‍ 197നെതിരെ 232 വോട്ടുകള്‍ക്കാണ് ട്രംപിനെതിരായ ഇംപീച്ച്മെന്റ് പ്രമേയം പാസായത്. 10 റിപ്പബ്ലിക്കന്‍ അംഗങ്ങളും ട്രംപിനെതിരെ വോട്ട് ചെയ്തു.
ഇതോടെ രണ്ട് തവണ ഇംപീച്ച് ചെയ്യപ്പെടുന്ന ആദ്യ അമേരിക്കൻ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് മാറി. കാപിറ്റോൾ കലാപത്തിന് അക്രമികളെ പ്രേരിപ്പിച്ചതിനാണ് നടപടി. ജനപ്രതിനിധി സഭയില്‍ ഇംപീച്ച്‌മെന്റ് പ്രമേയം പാസായതോടെ വിചാരണ ഇനി സെനറ്റിലേക്ക് നീങ്ങും.