
തിരുവനന്തപുരം: ജില്ലകളിലേയ്ക്കുള്ള കൊവിഡ് വാക്‌സിൻ വിതരണം ഇന്ന് ആരംഭിക്കും. നിലവിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് മേഖലാ കേന്ദ്രങ്ങളിലാണ് കൊവിഷീൽഡ് വാക്‌സിൻ സൂക്ഷിച്ചിരിക്കുന്നത്. തിരുവനന്തപുരം മേഖലാ കേന്ദ്രത്തിൽ നിന്ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലേക്ക് വാക്‌സിൻ കൊണ്ടുപോകും.
കൊച്ചിയിൽ നിന്ന് ഇടുക്കി, കോട്ടയം, പാലക്കാട്, തൃശൂർ ജില്ലകളിലേക്കും, കോഴിക്കോട് നിന്ന് കണ്ണൂർ, കാസർകോട്, മലപ്പുറം, വയനാട് ജില്ലകളിലേക്കുമാണ് വാക്‌സിൻ കൊണ്ടുപോകുക. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ ഡോസ് (73000 ഡോസ്) ഉപയോഗിക്കുക. കാസർകോട് ജില്ലയിലാണ് ഏറ്റവും കുറവ് ആരോഗ്യപ്രവർത്തകർ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
പൂനെ സീറം ഇൻസ്റ്റിറ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യയിൽ നിന്നുള്ള കൊവിഷീൽഡ് വാക്‌സിനുകൾ ഇന്നലെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിലും, തിരുവനന്തപുരം വിമാനത്താവളത്തിലും എത്തിച്ചത്. കൊച്ചിയിലെത്തിച്ച 1,80,000 ഡോസ് വാക്സിനുകൾ എറണാകുളം റീജിയണൽ വാക്സിൻ സ്റ്റോറിലും, 1,19,500 ഡോസ് വാക്സിനുകൾ കോഴിക്കോട് റീജിയണൽ വാക്സിൻ സ്റ്റോറിലും, തിരുവനന്തപുരത്തെത്തിച്ച 1,34,000 ഡോസ് വാക്സിനുകൾ തിരുവനന്തപുരത്തെ റീജിയണൽ വാക്സിൻ സ്റ്റോറിലും എത്തിച്ചിട്ടുണ്ട്.
മറ്റന്നാളാണ് കുത്തിവയ്പ് ആരംഭിക്കുന്നത്. സംസ്ഥാനത്ത് ആദ്യഘട്ടമായി 133 കേന്ദ്രങ്ങളിലാണ് വാക്സിനേഷൻ നടക്കുന്നത്. കൊവിഡ് വാക്സിനേഷനായി ഇതുവരെ 3,68,866 പേരാണ് രജിസ്റ്റർ ചെയ്തത്. ആദ്യ ഡോസ് സ്വീകരിച്ച് 28ാം ദിവസം അടുത്ത ഡോസ് എടുക്കണം.