pravasi

കൊടുങ്ങല്ലൂർ: കളഞ്ഞുപോയ ആറ് പവൻ സ്വർണം അഞ്ച് വർഷത്തിനു ശേഷം ഉടമയെ തേടിയെത്തി. അഞ്ച് വർഷം മുമ്പ് ഖത്തറിൽ വച്ച് കളഞ്ഞുപോയ തമിഴ്നാട് സ്വദേശിയുടെ മാലയും രത്ന മോതിരവുമാണ് കൊടുങ്ങല്ലൂർ ശ്രീനാരായണപുരം സ്വദേശിയായ മാമ്പി ബസാർ പുതിയവീട്ടിൽ ഷെഫീർ ബാബു കണ്ടെത്തി നൽകിയത്.

തമിഴ്നാട്ടുകാരനായ കാർത്തിക് കൃഷ്ണകുമാറിന്റെ അഞ്ചു പവൻ തൂക്കമുള്ള മാലയും ഒരു പവന്റെ മോതിരവും അടങ്ങുന്ന ജ്വല്ലറി ബോക്സാണ് ഖത്തറിൽ നഷ്ടപ്പെട്ടത്. ഷെഫീറിന്റെ കാറിൽ യാത്ര ചെയ്യുന്നതിനിടയിലാണ് സ്വർണം നഷ്ടപ്പെട്ടത്. ഏറെ തിരഞ്ഞെങ്കിലും ആഭരണങ്ങൾ കണ്ടെത്താനായില്ല. കഴിഞ്ഞ വർഷം മാർച്ചിൽ അന്ന് കാർത്തിക് യാത്ര ചെയ്ത കാർ വിൽക്കുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനക്കിടയിലാണ് ഡിക്കിയിലെ സ്റ്റെപ്പിനി ടയറിനടിയിൽ നിന്ന് സ്വർണപ്പെട്ടി ഷെഫീറിന് ലഭിച്ചത്.

തുടർന്ന് കാർത്തികിനെക്കുറിച്ച് അന്വേഷിച്ചെങ്കിലും വിവരം ലഭിച്ചില്ല. ഒടുവിൽ ഷെഫീർ മാലയുടെയും മോതിരത്തിന്റെയും ചിത്രം ഉൾപ്പടെയുള്ള കുറിപ്പ് ഫേസ്ബുക്കിൽ പ്രസിദ്ധപ്പെടുത്തി. മാസങ്ങൾക്ക് ശേഷം ബഹറിനിലുള്ള കാർത്തിക് വിവരം അറിയുകയായിരുന്നു. ചൊവ്വാഴ്ച മതിലകം പൊലീസ് സ്റ്റേഷനിൽ എസ്.ഐയുടെ സാന്നിദ്ധ്യത്തിൽ കാർത്തികിന്റെ സുഹൃത്തും മലയാളിയുമായ മിഥുന് ഷെഫീർ ആഭരണങ്ങൾ കൈമാറി.