
ചണ്ഡീഗഢ്: ബോളിവുഡ് താരം ജാൻവി കപൂറിന്റെ സിനിമയുടെ ചിത്രീകരണ സ്ഥലത്ത് കർഷകരുടെ പ്രതിഷേധം.കാർഷിക നിയമങ്ങൾക്കെതിരെയുള്ള സമരത്തെ അനുകൂലിച്ച് ജാൻവി കപൂർ പ്രസ്താവന ഇറക്കണമെന്നായിരുന്നു കർഷകരുടെ ആവശ്യം.
സിദ്ധാർഥ് സെൻഗുപ്തയുടെ 'ഗുഡ്‌ലക്ക് ജെറി' എന്ന ചിത്രത്തിന്റെ ലൊക്കേഷനിലേക്ക് പ്രതിഷേധക്കാർ തള്ളിക്കയറുകയായിരുന്നു. ബോളിവുഡ് സമരത്തിന് അനുകൂലമായി സംസാരിക്കുകയോ, പ്രസ്താവന ഇറക്കുകയോ ചെയ്തിട്ടില്ലെന്ന് കർഷകർ സിനിമയുടെ അണിയറ പ്രവർത്തകരോട് പറയുകയും ചെയ്തു.
ഷൂട്ടിംഗ് തടസപ്പെടുത്തുകയും ചെയ്തു.ജാൻവി കപൂർ സമരത്തെ അനുകൂലിച്ച് പ്രസ്താവന ഇറക്കുമെന്ന ഉറപ്പ് സംവിധായകനിൽ നിന്ന് ലഭിച്ചതിന് ശേഷം മാത്രമാണ് പ്രതിഷേധക്കാർ ലൊക്കേഷനിൽ നിന്ന് പോയത്.ഇതിനുപിന്നാലെ നടി ഇൻസ്റ്റഗ്രാമിൽ കർഷകർക്ക് അനുകൂലമായ പ്രസ്താവന പോസ്റ്റ് ചെയ്തു. കർഷകർ രാജ്യത്തിന്റെ ഹൃദയമാണെന്നും, കർഷകർക്ക് അനുകൂലമായ തീരുമാനത്തിലേക്ക് എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നതായും നടി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.