army

ന്യൂഡൽഹി: വിവാഹേതര ലൈംഗികബന്ധം ക്രിമിനൽ കുറ്റമല്ലെന്ന വിധി സേനാവിഭാഗങ്ങളിൽ ബാധകമാക്കരുതെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. സൈന്യത്തിൽ വിവാഹേതര ലൈംഗിക ബന്ധം കുറ്റകൃത്യമായി തന്നെ നിലനിറുത്തണമെന്നാണ് സുപ്രീംകോടതിയുടെ 2018ലെ വിധിയിൽ വ്യക്തത തേടി കേന്ദ്രം സമർപ്പിച്ച ഹർജിയിലെ ആവശ്യം.

സേനാ അംഗങ്ങളിൽ ഭൂരിഭാഗവും ജോലിക്കായി കുടുംബത്തിൽ നിന്ന് അകന്നു കഴിയുന്നതിനാൽ സുപ്രീംകോടതിയുടെ വിധി വഴിവിട്ട ബന്ധങ്ങളിലേക്ക് അവരെ നയിച്ചേക്കാമെന്നാണ് കേന്ദ്രത്തിന്റെ ആശങ്ക. കേന്ദ്രത്തിന്റെ അപേക്ഷയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. വിഷയം അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ മുമ്പാകെ ലിസ്റ്റ് ചെയ്യാൻ ജസ്റ്റിസ് റോഹിന്റൺ നരിമാന്റെ അദ്ധ്യക്ഷതയിലുള്ള ബെഞ്ച് ചീഫ് ജസ്റ്റിസിനോട് അഭ്യർത്ഥിച്ചു. വിവാഹേതര ബന്ധത്തിന്റെ പേരിൽ സൈനികരെ കോർട്ട്മാർഷൽ ചെയ്യാൻ വ്യവസ്ഥയുള്ള സായുധ സേനാ നിയമം 2018ലെ സുപ്രീംകോടതി വിധിയിൽ കണക്കിലെടുത്തിട്ടില്ലെന്ന് അറ്റോർണി ജനറൽ കെ. കെ. വേണുഗോപാൽ ബെഞ്ചിനെ ധരിപ്പിച്ചു.

സഹപ്രവർത്തകരായ സൈനിക ഉദ്യോഗസ്ഥരുടെ ഭാര്യമാർ ഉൾപ്പെടെയുള്ള സ്ത്രീകളോട് വഴിവിട്ട ബന്ധം പുലർത്തിയാൽ കോർട്ട് മാർഷൽ ചെയ്ത് ജോലിയിയിൽ നിന്ന് പുറത്താക്കാമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തുടർന്നാണ് വിശാല ബെഞ്ചിന് വിടാൻ ചീഫ്ജസ്റ്റിസിനോട് അഭ്യർത്ഥിച്ചത്. കുടുംബത്തിൽ നിന്ന് അകന്ന് അതിർത്തിയിലും മോശമായ കാലാവസ്ഥയിലും മറ്റ് പ്രതികൂലസാഹചര്യങ്ങളിലും ജോലി ചെയ്യുന്ന സൈനികർ ചാഞ്ചല്യങ്ങൾക്ക് വഴിപ്പെട്ടേക്കാം. അതുപോലെ ജവാന്മാരെയും ഓഫീസർമാരെയും ദുർഘട പ്രദേശങ്ങളിലും യുദ്ധമുന്നണിയിലും മറ്റും പോസ്റ്റ് ചെയ്യുമ്പോൾ അവരുടെ കുടുംബങ്ങൾ ബേസ് ക്യാമ്പിൽ യൂണിറ്റ് ഓഫീസർമാരുടെ സംരക്ഷണത്തിലായിരിക്കും. ഈ ഓഫീസർമാർ അവരോട് മോശമായി പെരുമാറുമെന്ന തോന്നൽ പോലും മുന്നണിയിലെ സൈനികരുടെ മനസിൽ ഉണ്ടാവാൻ പാടില്ല. അതിന് വഴിവിട്ടബന്ധങ്ങൾ കുറ്റകൃത്യമാക്കുന്ന നിയമം അനിവാര്യമാണ്. അതിനാൽ സുപ്രീംകോടതി വിധിയുടെ പരിധിയിൽ നിന്ന് സേനയെ ഒഴിവാക്കണമെന്ന് കേന്ദ്രത്തിന്റെ ഹർജിയിൽ പറയുന്നു.

ചരിത്രം കുറിച്ച വിധി

വിവാഹേതര ലൈംഗിക ബന്ധം ക്രിമിനൽ കുറ്റമാക്കുന്ന ഐ.പി.സി 497 വകുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മലയാളിയായ ജോസഫ് ഷൈനിന്റെ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ഭരണഘടനാ ബെഞ്ചിന്റെ 2018ലെ ചരിത്രവിധി. വകുപ്പ് റദ്ദാക്കിയ കോടതി വിവാഹമോചനത്തിന് വിവേഹേതര ലൈംഗികബന്ധം കാരണമാകാമെന്നും എന്നാൽ അതൊരു ക്രിമിനൽ കുറ്റമല്ലെന്നും വിധിച്ചു. നിയമം റദ്ദാക്കിയാൽ വിവാഹം എന്ന സമ്പ്രദായം തന്നെ തകരുമെന്നും അന്ന് കേന്ദ്ര സർക്കാർ വാദിച്ചെങ്കിലും കോടതി അത് തള്ളുകയായിരുന്നു.