പനാജി.നാളെ ഗോവയിൽ ആരംഭിക്കുന്ന അമ്പത്തിയൊന്നാമത് രാജ്യാന്തര ചലച്ചിത്രോത്സവം വിഖ്യാത സംവിധായകൻ സത്യജിത് റേയ്ക്ക് ആദരവ് അർപ്പിക്കും. റേയുടെ ജന്മശതാബ്ദി കണക്കിലെടുത്താണിത് .റേയുടെ അഞ്ച് ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കും. പഥേർ പാഞ്ചലി, ചാരുലത, സോണാർ കെല്ല,
ശത് രഞ്ജ് കേ ഖിലാരി, ഗരേ ബെയ് രേ എന്നീ ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. അടുത്തിടെ അന്തരിച്ച എസ്.പി. ബാലസുബ്രഹ്മണ്യം അടക്കം 19 ചലച്ചിത്രകാരന്മാർക്കും മേള ഇതിനു പുറമെ ആദരവ് അർപ്പിക്കും. എസ്.പി.ബി സംഗീതസംവിധാനം നിർവഹിച്ച് പാടി അഭിനയിച്ച അനന്തു സംവിധാനം ചെയ്ത സിഗാരം എന്ന ചിത്രമാണ് മേളയിൽ പ്രദർശിപ്പിക്കുക. മലയാളത്തിൽ നിന്ന് ആരും ഇൗ പട്ടികയിൽ ഇടംപിടിച്ചിട്ടില്ല.
ഇക്കുറി കൺട്രി ഫോക്കസ് ബംഗ്ലാദേശ് ചിത്രങ്ങളാണ്. തോമസ് വിന്റർബെർഗ് സംവിധാനം ചെയ്ത ഡെൻമാർക്ക് ചിത്രം അനദർ റൗണ്ടാണ് മേളയിലെ ഉദ്ഘാടന ചിത്രം .ഇതാദ്യമായി വിർച്വൽ-ഫിസിക്കൽ ഫോർമാറ്റിലാണ് ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നത്.
അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ ജൂറി സ്കരീനിംഗ് ഇന്ന് തുടങ്ങും.അർജന്റീനിയൻ ചലച്ചിത്രകാരനായ പാബ്ളോ സീസറാണ് ജൂറി ചെയർമാൻ.പ്രശസ്ത സംവിധായകൻ പ്രിയദർശൻ ( ഇന്ത്യ ), പ്രസന്ന വിതായംഗെ (ശ്രീലങ്ക )അബൂബേക്കർ ഷാക്കി ( ആസ്ട്രിയ ), റുബയാത് ഹുസൈൻ ( ബംഗ്ളാദേശ് ) എന്നിവരാണ് മറ്റു ജൂറി അംഗങ്ങൾ.ലോക സിനിമ വിഭാഗത്തിൽ അമ്പതിലധികം ചിത്രങ്ങൾ പ്രദർശിപ്പിക്കും.
മത്സര വിഭാഗത്തിലേക്ക് മൂന്ന് ഇന്ത്യൻ ചിത്രങ്ങൾ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്..
ഗണേഷ് വിനായകന്റെ തമിഴ് ചിത്രം തായേൻ,കൃപാൽ കാലിത സംവിധാനം ചെയ്ത ആസാമീസ് ചിത്രം
ബ്രിഡ്ജ് ,സിദ്ധാർത്ഥ് ത്രിപാതിയുടെ എ ഡോഗ് ആൻഡ് ഹിസ് മാൻ എന്നിവയാണ് അവ.
മത്സര വിഭാഗത്തിലേക്ക് മൊത്തം 15 ചിത്രങ്ങളാണ് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.പോർച്ചുഗൽ, ഇറാൻ, ഡെൻമാർക്ക്, ഫ്രാൻസ്,തയ്‌വാൻ, സ്പെയിൻ, ദക്ഷിണകൊറിയ അടക്കമുള്ള രാജ്യങ്ങളിൽ നിന്നാണ് മറ്റ് എൻട്രികൾ.