കൊച്ചി:നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, തുടർഭരണം ഉറപ്പാക്കാൻ ഇടതുസർക്കാർ വിഭാവനം ചെയ്യുന്ന ക്ഷേമ, വികസന, സാമൂഹ്യസുരക്ഷാ പദ്ധതികളും ജനപ്രിയ പ്രഖ്യാപനങ്ങളും ധനമന്ത്രി ഡോ.ടി.എം. തോമസ് ഐസക് ഇന്ന് അവതരിപ്പിക്കുന്ന സമ്പൂർണ ബഡ്‌ജറ്റിൽ പ്രതീക്ഷിക്കാം. വികസനത്തിന്റെ സാമ്പത്തിക നട്ടെല്ലായ കിഫ്‌ബി വഴി അടിസ്ഥാനസൗകര്യ മേഖലയിൽ കുതിച്ചുചാട്ടത്തിനുള്ള പദ്ധതികൾ പ്രതീക്ഷിക്കുന്നു. അഞ്ചു വർഷം പ്രതിസന്ധികൾക്കു നടുവിലും ഇച്ഛാശക്തിയോടെ നടപ്പാക്കിയ ബൃഹദ് പദ്ധതികളുടെ തുടർച്ചയായിരിക്കും ഇന്ന് പ്രഖ്യാപിക്കുക. കൊവിഡ് സൃഷ്‌ടിച്ച സാമ്പത്തിക ഞെരുക്കത്തിൽ നിന്ന് കേരളത്തെ കരകയറ്റുന്നതിനൊപ്പം യുവജനങ്ങളുൾപ്പെടെ എല്ലാ വിഭാഗങ്ങളുടെയും ഉന്നമനത്തിനുള്ള പ്രഖ്യാപനങ്ങൾ ഉണ്ടാകും.
പ്രതീക്ഷയുടെ വഴി
മുതിർന്ന പൗരന്മാർ
ക്ഷേമ പെൻഷൻ കൂട്ടും. ഇപ്പോൾ 1,500 രൂപ. ഇത് 1,750 ആക്കാൻ സാദ്ധ്യത. ഇടതു സർക്കാർ ഭരണത്തിലേറുമ്പോൾ പെൻഷൻ വെറും 600 രൂപയിരുന്നു. വോട്ടർമാരിൽ 20 ശതമാനം (60 ലക്ഷം ) പെൻഷൻകാർ.
യുവാക്കളും തൊഴിലും
തൊഴിലില്ലായ്‌മ പരിഹരിക്കാൻ പദ്ധതി. യുവാക്കളെയും തൊഴിൽ നഷ്‌ടപ്പെട്ട് തിരിച്ചെത്തിയ പ്രവാസികളെയും സംരംഭക മേഖലയിലേക്ക് ആകർഷിക്കാൻ പാക്കേജ്. ചെറുകിട, ഇടത്തരം സംരംഭങ്ങൾ ആധുനികവത്കരിക്കും. അതുവഴി തൊഴിലവസരങ്ങൾ കൂട്ടും.
കുടുംബം
എല്ലാവർക്കും വീട്. ലൈഫ് മിഷൻ ശക്തമാക്കും. സൗജന്യ ഭക്ഷ്യ കിറ്റ് തുടർന്നേക്കും. കൊവിഡ് പശ്ചാത്തലത്തിൽ ആരോഗ്യ സുരക്ഷാ നടപടികൾ.
സ്‌ത്രീകൾ
കഴിഞ്ഞ ബഡ്ജറ്റിൽ മൊത്തം ചെലവിന്റെ 18% സ്‌ത്രീ ശാക്തീകരണത്തിനായിരുന്നു. ഇക്കുറിയും അത് പ്രതീക്ഷിക്കാം. കുടുംബശ്രീ കേന്ദ്രീകരിച്ച് പ്രഖ്യാപനപ്പെരുമഴ ഉണ്ടായേക്കും.
വിദ്യാഭ്യാസം
ഹൈടെക് വിദ്യാഭ്യാസം. സ്‌കൂൾ, കോളേജ് സൗകര്യങ്ങൾ മെച്ചപ്പെടുത്തും. വിദ്യാർത്ഥികൾക്ക് സൗജന്യ ഇന്റർനെറ്റും ലാപ്‌ടോപ്പും പ്രഖ്യാപിച്ചേക്കും.
കിഫ്ബി
നടപ്പുവർഷത്തെ ആദ്യപാദത്തിൽ കിഫ്ബി വഴി 54,391 കോടിയുടെ 679 പദ്ധതികളാണ് 23 വകുപ്പുകളിലായി നടപ്പാക്കുന്നത്. സംസ്ഥാന പാതകൾ, ശബരി റെയിൽ, ലൈറ്റ് മെട്രോ, ശബരിമല വിമാനത്താവളം, വാട്ടർ മെട്രോ പദ്ധതികൾക്ക് സാമ്പത്തിക പിന്തുണ.
ടൂറിസം
കൊവിഡിൽ തകർന്ന ടൂറിസം മേഖലയ്ക്കായി പ്രത്യേക പാക്കേജ്. ടൂറിസം മാർക്കറ്റിംഗിന് ഊന്നൽ. പുതിയ ടൂറിസം പദ്ധതികൾ.
കാർഷികം
കേന്ദ്ര കാർഷിക നിയമ വിവാദത്തിന്റെ പശ്ചാത്തലത്തിൽ കർഷക പിന്തുണ ഉറപ്പാക്കാനുള്ള പദ്ധതികൾ. റബറിന്റെ താങ്ങുവില കിലോയ്‌ക്ക് 200 രൂപയാക്കിയേക്കും. ഇപ്പോൾ 150 രൂപയാണ്. നാളികേരത്തിനും നെല്ലിനും കൈത്താങ്ങ് പ്രതീക്ഷിക്കാം.
റിയൽ എസ്‌റ്റേറ്റ്
നികുതിഭാരം ഒഴിവാക്കണമെന്ന അപേക്ഷ ധനമന്ത്രി പരിഗണിക്കുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ ബഡ്‌ജറ്റിൽ ഭൂമിയുടെ ന്യായവില, പോക്കുവരവ് ഫീസ് എന്നിവ ഉയർത്തിയിരുന്നു.
വ്യവസായ സൗഹൃദ കേരളം
കേരളത്തെ വ്യവസായ, നിക്ഷേപക സൗഹൃദമാക്കാനുള്ള തുടർ പദ്ധതികൾ. കേരളത്തെ പത്തുവർഷത്തിനകം ഏറ്റവും മികച്ച അഞ്ച് വ്യവസായ സൗഹൃദ സംസ്ഥാനങ്ങളിലൊന്നാക്കുമെന്ന് കഴിഞ്ഞ ബഡ്ജറ്റിൽ ഐസക് പറഞ്ഞിരുന്നു. ഇതിനുള്ള പ്രഖ്യാപനം ഉണ്ടാകും.
ബഡ്ജറ്റ് വിലയിരുത്താം; സമ്മാനം നേടാം
സംസ്ഥാന ബഡ്ജറ്റിനെക്കുറിച്ച് വായനക്കാർക്കും 'കേരളകൗമുദി'യിലൂടെ വിലയിരുത്താം. മികച്ച പ്രതികരണങ്ങൾ നാളത്തെ ബഡ്ജറ്റ് സ്പെഷ്യൽ പേജിൽ ഫോട്ടോ സഹിതം പ്രസിദ്ധീകരിക്കും. മികച്ച മൂന്ന് പ്രതികരണങ്ങൾക്ക് സമ്മാനം.
ചെയ്യേണ്ടത്: ബഡ്ജറ്റ് പ്രഖ്യാപനത്തിനു ശേഷം കേരളകൗമുദി ഫേസ് ബുക്ക് പേജിലെ ഇന്നത്തെ ഒന്നാം പേജിനു താഴെ കമന്റായി അഭിപ്രായങ്ങൾ രേഖപ്പെടുത്തുക. കമന്റിനൊപ്പം ഫോൺ നമ്പർ കൂടി ചേർക്കുക.