മത്സ്യങ്ങളുടെ സൗന്ദര്യം ആസ്വദിക്കാത്തവരായി ആരാണുള്ളത്. പല നിറത്തിലും രൂപത്തിലുമുള്ള നിരവധി മത്സ്യങ്ങളെ നമുക്കറിയാം. കുഞ്ഞൻ ഗോൾഡ് ഫിഷ് മുതൽ കൂറ്റൻ തിമിംഗലം വരെ അക്കൂട്ടത്തിൽപ്പെടും. കണ്ടാൽ ആരും നോക്കിനിന്നു പോകുന്ന രൂപവും ഉള്ളിൽ നിറയുന്ന ഉഗ്രവിഷവും ആക്രമണോത്സുകതയുമുള്ള ചില ഭീകര മത്സ്യങ്ങളെ അടുത്തറിഞ്ഞാലോ?
ടൈഗർ ഫിഷ്
കടുവയുടെ നിറമായതിനാലാണ് ഇവയെ കടുവ മത്സ്യങ്ങൾ എന്നു വിളിക്കുന്നത്. ഇവയുടെ ഭാരം 57 കിലോ വരെയാണ്. ഒരൊറ്റ കടിയിൽ തന്നെ വളരെ ആഴത്തിൽ മുറിവുണ്ടാക്കിയാണ് അവ ശത്രുക്കളെ അകറ്റുന്നത്. മൂർച്ചയേറിയ പല്ലുകളാണ് ഇവയുടെ പ്രധാനായുധം.
ബോക്സ് ജെല്ലി ഫിഷ്
വിഷാംശമുള്ള ബോക്സ് ജെല്ലി മത്സ്യം വളരെ അപകടകാരിയാണ്. ഓസ്ട്രേലിയയിലെ വടക്ക് ഭാഗത്തും ഇൻഡോ - പസഫിക് കടൽ തീരത്തുമാണ് ഇവയെ കാണുന്നത്. വേഗത്തിൽ വേട്ടയാടുന്ന ഈ മത്സ്യങ്ങളുടെ വിഷമേറ്റാൽ ജീവൻ തന്നെ അപകടത്തിലായേക്കാം. ഹൃദയത്തെയും നാഡീകോശത്തെയും സാരമായി ബാധിച്ചായിരിക്കും ആളുകൾ മരണപ്പെടുന്നത്.
പിരാന
രൂപത്തിൽ ഇത്തിരിക്കുഞ്ഞനാണെങ്കിലും ഇവയോട് ഏറ്റുമുട്ടിയാൽ മരണം നിശ്ചയമാണ്. തെക്കേ അമേരിക്കയിലെ ശുദ്ധജല തടാകങ്ങളിലാണ് ഈ മത്സ്യങ്ങൾ ജീവിക്കുന്നത്. ഇവയുടെ പല്ലുകൾ ഭയാനകമാണ്. ഇവ കൂട്ടത്തോടെ മാത്രമെ ആക്രമിക്കാറുള്ളൂ. ആക്രമണ ശേഷം അസ്ഥി മാത്രം അവശേഷിക്കുന്ന അവസ്ഥയിൽ ഇരയുടെ മരണം സുനിശ്ചിതമാണ്.
സ്റ്റാർ ഗേസർ മത്സ്യം
ഇരയെ മറഞ്ഞ് നിന്ന് ആക്രമിക്കുന്ന ഈ മത്സ്യങ്ങൾ മാരകമായ വിഷം ഏൽപ്പിച്ച് മരണത്തിന് അടിപ്പെടുത്തും. അതിവിദഗ്ദ്ധമായി മണ്ണിൽ ചുരുണ്ട് കിടന്നാണ് ഇവ ഇരയെ പിടിക്കുന്നത്. പക്ഷെ സ്റ്റാർ ഗേസർ മത്സ്യത്തെ ആഹാരമാക്കുന്ന ആളുകളുമുണ്ട്. വിദേശരാജ്യങ്ങളിൽ ഇവയ്ക്ക് നല്ല ഡിമാന്റുണ്ട്.
റെഡ് ലയൺ ഫിഷ്
ചുവന്ന മത്സ്യങ്ങൾ എന്നാണ് ഇവ അറിയപ്പെടുന്നത്. സമുദ്റത്തിൽ ഇവയെ നേർക്കുനേർ കണ്ടാൽ നിങ്ങൾക്ക് ബോധം പേടിച്ച് പോകാൻ സാദ്ധ്യതയുണ്ട്. ലയൺ ഫിഷിന്റെ ശക്തി അവയുടെ മുള്ളുകൾ തന്നെയാണ്. മുള്ളുകൾ വഴിയാണ് വിഷം ശരീരത്തിനകത്ത് എത്തുക. മുറിവുകൾ ആഴത്തിലേറ്റാൽ മരണം ഉറപ്പാണ്.
ഇലക്ട്രിക് ഈൽ
അപകടകാരികളായ ഈ മത്സ്യങ്ങളുടെ വാസസ്ഥലം തെക്കേ അമേരിക്കയാണ്. ഒഴുക്കു കുറഞ്ഞ ശുദ്ധ ജലത്തിലാണ് ഇവ ജീവിക്കുന്നത്. അവയവങ്ങളിൽ വൈദ്യുതി ഉദ്പാദിപ്പിച്ചാണ് ഇവ ആക്രമണം നടത്തുന്നത്.
മുറയ് ഈൽ
ഇലക്ട്രിക് ഈലിനേക്കാൾ അപകടകാരികളായ മത്സ്യങ്ങളാണിവ. ഇവയെയും അപകടകാരികളാക്കുന്നത് വായിൽ ഒളിപ്പിച്ച് വച്ചിരിക്കുന്ന പല്ലുകളാണ്. ഈ മത്സ്യങ്ങളുടെ 50ഓളം ഇനങ്ങൾ ലോകത്തുണ്ട്. കടലിലാണ് കൂടുതൽ ഉളളതെങ്കിലും ചിലത് മറ്റു ജലസ്രോതസുകളിലും കാണപ്പെടും.
ഗ്രേറ്റ് വൈറ്റ് ഷാർക്ക്
കടലിന്റെ അടിത്തട്ടിൽ കാണുന്ന ഭയാനകമായ മത്സ്യമാണ് ഗ്രേറ്റ് വൈറ്റ് ഷാർക്ക്. ആക്രമണം ആരംഭിച്ചാൽ താടിയെല്ലുകളാൽ കീഴ്‌പ്പെടുത്തുന്നത് വരെ ഈ മത്സ്യം അടങ്ങിയിരിക്കില്ല. ഒരു ജീവി ഇവയുടെ താടിയെല്ലിൽ കുടുങ്ങിയാൽ മരണം ഉറപ്പാണ്. ഈ ഷാർക്കിൽ നിന്നുണ്ടാകുന്ന ചെറിയ മുറിവ് പോലും മരണത്തിന് കാരണമാകും.
സ്റ്റോൺ ഫിഷ്
ഇൻഡോ പസഫിക് സമുദ്റത്തിലാണ് സ്റ്റോൺ ഫിഷ് കാണപ്പെടുന്നത്. ലോകത്തിലെ ഏറ്റവും വിഷമുള്ള മത്സ്യമാണിത്. വെള്ളത്തിന്റെ സാന്നിദ്ധ്യമില്ലാതെ 24 മണിക്കൂർ വരെ ഇവയ്ക്ക് ജീവിക്കാൻ കഴിയും. അതുകൊണ്ട് തന്നെ കല്ലുകളായോ പവിഴപ്പുറ്റുകളായോ തെറ്റിദ്ധരിക്കപ്പെടുന്ന സ്റ്റോൺഫിഷ് കടൽത്തീരങ്ങളിൽ വച്ച് ആക്രമിക്കാനുള്ള സാദ്ധ്യതയും തള്ളിക്കളയേണ്ട.