ബംഗളൂരു: ബ്രിട്ടനിൽ നിന്ന് തിരിച്ചെത്തിയ നടി ലെനയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ബംഗളൂരു വിമാനത്താവളത്തിൽവച്ച് നടത്തിയ ആർടി പിസിആർ പരിശോധനയിലാണ് വൈറസ് ബാധ കണ്ടെത്തിയത്. നടിക്ക് രോഗലക്ഷണങ്ങൾ ഇല്ല.
ഇപ്പോൾ ബംഗളൂരു മെഡിക്കൽ കോളജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ട്രോമ കെയർ സെന്ററിൽ നിരീക്ഷണത്തിൽ കഴിയുകയാണ് താരം. പൂനെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പരിശോധന ഫലം വന്നതിന് ശേഷം മാത്രമേ കൊവിഡിന്റെ വകഭേദം കണ്ടെത്താനാകൂ. 'ഫൂട്ട്പ്രിന്റ്‌സ് ഓൺ ദ് വാട്ടർ' എന്ന ഇന്തോ ബ്രിട്ടീഷ് സിനിമയുടെ ചിത്രീകരണത്തിനുവേണ്ടിയായിരുന്നു ലെന ബ്രിട്ടനിൽ പോയത്.
കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതിന് പിന്നാലെ ബ്രിട്ടനിൽ നിന്നെത്തുന്നവരെയെല്ലാം ആർടി പിസിആർ പരിശോധനയ്ക്കു വിധേയരാക്കുന്നുണ്ട്. ഫലം വരുന്നതുവരെ യാത്രക്കാരോട് വിമാനത്താവളത്തിൽ കാത്തിരിക്കാനും അധികൃതർ നിർദേശം നൽകുന്നുണ്ട്.