tractor-rally

ന്യൂഡൽഹി: കാർഷിക ബില്ലുകൾക്കെതിരെ രാജ്യത്തെ കർഷകർ ഡൽഹി അതിർത്തിയിൽ നടത്തി വരുന്ന സമരം ഇന്ന് അൻപത് ദിവസം പിന്നിടുകയാണ്. റിപബ്ളിക് ദിനത്തിൽ നടത്താൻ തീരുമാനിച്ചിരിക്കുന്ന ട്രാക്‌ടർ റാലി റിപബ്ളിക് ദിന പരേഡിനെ തടസപ്പെടുത്തില്ലെന്നും ഡൽഹി-ഹരിയാന അതിർത്തിയിൽ മാത്രമായിരിക്കും റാലിയെന്നും കർഷക നേതാക്കൾ അറിയിച്ചു. ഭാരതീയ കിസാൻ യൂണിയൻ നേതാവ് ബൽബീർ രജേവാളാണ് ട്രാക്‌ടർ റാലിയെ സംബന്ധിച്ച് കർഷകർക്ക് കത്തെഴുതിയത്. കർഷക സമരത്തെ വഴിതെ‌റ്റിക്കാൻ ശ്രമിക്കുന്ന വിഘടനവാദികളിൽ നിന്നും കർഷകർ അകലം പാലിക്കണമെന്നും ബൽബീർ രജേവാൾ എഴുതിയ കത്തിൽ പറയുന്നു. അന്നേദിവസം ചെങ്കോട്ടയിൽ പ്രതിഷേധ സമരമുണ്ടാകില്ലെന്നും രജേവാൾ അറിയിച്ചു.

റിപബ്ളിക് ദിന പരേഡിനെ തടസപ്പെടുത്തുന്ന കർഷക സമരം തടയണം എന്നാവശ്യപ്പെട്ട് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ ഹർജി നൽകിയിരുന്നു. കേന്ദ്രത്തിന് വേണ്ടി ഡൽഹി പൊലീസാണ് ഹർജി നൽകിയത്. അതേസമയം റിപബ്ളിക് ദിന തലേന്ന് ഡൽഹി അതിർത്തിയിൽ കർഷകർ എത്തിച്ചേരണമെന്ന് ഓൾ ഇന്ത്യ കിസാൻ സംഘർഷ് കോ-ഓർഡിനേഷൻ കമ്മി‌റ്റി ആവശ്യപ്പെട്ടിട്ടുണ്ട്.

റിപബ്ളിക് ദിന പരേഡ് തടസപ്പെടുത്തുന്നത് രാജ്യത്തിന് മുഴുവൻ അപമാനമാണെന്ന സുപ്രീംകോടതിയിലെ കേന്ദ്ര സർക്കാരിന്റെ സത്യവാങ്‌മൂലത്തെ കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി വിമർശിച്ചു. 'ട്രാക്‌ടർ റാലി സർക്കാരിന് അപമാനമാണ് എന്നാൽ സമരം ചെയ്‌തിരുന്ന അറുപതോളം കർഷകർ മരിച്ചത് പ്രശ്‌നമല്ല.' രാഹുൽ പറഞ്ഞു.