indian-navy

സമാധാനത്തിനായി എന്നും നിലകൊണ്ടിരുന്ന രാജ്യമാണ് ഇന്ത്യ. അയൽ രാജ്യമായ പാകിസ്ഥാനിൽ നിന്നും തുടർച്ചയായി പ്രകോപനങ്ങളുണ്ടായിട്ടും സമാധാനത്തിന്റെ വാതിലുകൾ തുറന്നിട്ട് ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾ സൗമ്യമായി പരിഹരിക്കുന്നതിനുള്ള ചർച്ചകൾക്ക് എന്നും മുൻകൈ എടുത്തിട്ടുള്ള രാഷ്ട്രമാണ് ഇന്ത്യ. അടൽ ബിഹാരി വാജ്‌പേയ് ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന കാലത്താണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ചർച്ചകൾ ഏറെ പുരോഗമിച്ചത്. എന്നാൽ പാമ്പിന് പാല് കൊടുക്കുന്ന പോലെ പിന്നിൽ നിന്നും കുത്താനായിരുന്നു പാകിസ്ഥാന് അക്കാലത്തും താത്പര്യം. ലാഹോറിലേക്ക് ബസ് സർവീസ് ഉൾപ്പടെ തുടങ്ങി ഇന്ത്യ ബന്ധം ഊട്ടി ഉറപ്പിക്കുമ്പോൾ ചിരിച്ച മുഖവുമായി മുൻപിൽ നിന്ന ഷെരീഫ് പിന്നിലൂടെ സൈനിക മേധാവിയായിരുന്ന പർവേസ് മുഷറഫിന് കാർഗിൽ മലനിരകളിലെ തന്ത്രപ്രധാനമായ സ്ഥലങ്ങൾ കൈയ്യേറി ഇന്ത്യൻ സൈന്യത്തിന് ഭീഷണി ഉയർത്തുവാനുള്ള മൗനാനുവാദം നൽകുകയായിരുന്നു. മഞ്ഞുകാലത്ത് ഇരു സൈനികരും മാറി നിൽക്കുന്ന സമയത്ത് തീവ്രവാദികളെ മുൻനിർത്തിയുള്ള പാക് ചതി മനസിലാക്കുവാൻ ഇന്ത്യൻ സൈന്യം വളരെ വൈകിയിരുന്നു. എന്നാൽ വൈകി അറിഞ്ഞിട്ടും ഇന്ത്യൻ സൈന്യം യുദ്ധസമാനമായ നീക്കങ്ങളോടെ പാക് തീവ്രവാദികളോടും സൈനികരോടും പോരാടാൻ തീരുമാനിച്ചു.

തീവ്രവാദികളെ എളുപ്പത്തിൽ ഇന്ത്യൻ മണ്ണിൽ നിന്നും ആട്ടിപ്പായിക്കാം എന്ന് കരുതി തുടങ്ങിയ മുന്നേറ്റം എന്നാൽ ദിവസം കഴിയുന്തോറും ദുഷ്‌കരമാണെന്ന് ഇന്ത്യ മനസിലാക്കി. വേണ്ടത്ര മുന്നൊരുക്കം നടത്താൻ സമയം ലഭിക്കാഞ്ഞതും, അപ്രതീക്ഷിതമായി ഉണ്ടായ ചില തിരിച്ചടികളും കൂടുതൽ ആസൂത്രണം നടത്താൻ ഇന്ത്യയെ പ്രേരിപ്പിച്ചു. അമേരിക്ക അടക്കമുള്ള വിദേശ രാജ്യങ്ങളിൽ നിന്നടക്കം പ്രതീക്ഷിച്ച സഹായം അവസാനനിമിഷം ലഭിക്കാതായത് ഇന്ത്യയെ ചിന്തിപ്പിച്ചു. ഇസ്രായേലിൽ നിന്നും അളവറ്റ സഹായം ഇന്ത്യയെ തേടിവന്നു എന്നതായിരുന്നു ഏക ആശ്വാസം.

തീവ്രവാദികൾക്ക് പിന്നിൽ ശക്തമായ പിന്തുണയുമായി പാക് സൈന്യം പ്രത്യക്ഷ യുദ്ധത്തിലുണ്ടെന്ന് മനസിലാക്കിയ നിമിഷം ഇന്ത്യ തിരിച്ചടിക്ക് മൂർച്ച കൂട്ടുകയായിരുന്നു. അയൽരാജ്യവുമായുള്ള യുദ്ധമാണ് ഇതെന്ന ബോദ്ധ്യം വന്നതോടെ നിരവധി യുദ്ധം ജയിച്ച ഇന്ത്യൻ പ്രതിരോധം വിജയത്തിനായുള്ള പദ്ധതികൾ തയ്യാറാക്കി. ഇതിൽ പ്രധാന പങ്ക് വഹിച്ചത് ഇന്ത്യൻ നേവിയായിരുന്നു. ഇന്ത്യൻ നേവിയുടെ മുപ്പതോളം യുദ്ധക്കപ്പലുകൾ അറബി കടലിൽ പാകിസ്ഥാനെതിരെ നങ്കൂരമിട്ടു. എണ്ണയടക്കം പാകിസ്ഥാനിലേക്ക് ചരക്കുമായി എത്തിയ കപ്പലുകളെ നിയന്ത്രിക്കാൻ ഇതിലൂടെ ഇന്ത്യയ്ക്കായി. ഗൾഫ് രാഷ്ട്രങ്ങളിൽ നിന്നും എണ്ണയുമായി എത്തുന്ന കപ്പലുകൾക്ക് കറാച്ചിയിൽ എത്താനാവാതെ ദിവസങ്ങളോളം കാത്തു നിൽക്കേണ്ട അവസ്ഥയുമുണ്ടാക്കി. സൈനിക ഗാർഹിക ആവശ്യങ്ങൾക്കായി ഇന്ധനം എത്താതെ ശ്വാസം മുട്ടിയ പാകിസ്ഥാന് മുട്ടുമടക്കേണ്ട അവസ്ഥ താമസിയാതെ വന്നു. കടലിൽ പ്രതിരോധം നേവി തീർക്കുമ്പോൾ കാർഗിൽ മലനിരകളിൽ ഇന്ത്യൻ സൈന്യം വ്യോമസേനയുടെ സഹായത്തോടെ സംഹാര താണ്ഡവമാടുകയായിരുന്നു. ഇസ്രായേലിൽ നിന്നും എത്തിച്ച ലേസർ ഗൈഡഡ് മിസൈലുകളുമായി അത്യുന്നതങ്ങളിൽ നിന്നും ബോംബുകൾ വർഷിച്ച മിറാഷുകൾ ഇന്ത്യയെ വിജയത്തിലേക്ക് കൂട്ടിക്കൊണ്ട് പോവുകയായിരുന്നു.

യുദ്ധത്തിൽ ജയിക്കില്ലെന്ന് പൂർണ ബോദ്ധ്യം വന്നതോടെ പതിവ് രീതിയിൽ ആണവ ഭീഷണി ഉയർത്താൻ പാകിസ്ഥാൻ ആരംഭിച്ചു. എന്നാൽ ഇന്ത്യയ്ക്ക് നേരെ പാകിസ്ഥാൻ സാഹസത്തിന് മുതിർന്നാൽ പിന്നെ ലോക ഭൂപടത്തിൽ ഇങ്ങനെയൊരു അയൽ രാജ്യം ഇന്ത്യയ്ക്കുണ്ടാവില്ലെന്ന സന്ദേശമാണ് ഡൽഹിയിൽ നിന്നും വന്നത്. സ്വന്തം ജനതയ്ക്ക് മുന്നിൽ മുഖം രക്ഷിക്കാൻ ഒത്തു തീർപ്പ് ചർച്ച എന്ന നാടകമൊരുക്കാനായി പാക് പ്രധാനമന്ത്രിയുടെ അടുത്ത ശ്രമം. ഇതിനായി അമേരിക്കൻ പ്രസിഡന്റായിരുന്ന ബിൽ ക്ലിന്റന്റെ സഹായവും തേടി. അമേരിക്ക ചർച്ചയ്ക്ക് വേദിയാകാം എന്ന് ഇരു രാഷ്ട്ര തലവൻമാരെയും അറിയിച്ചതോടെ അടുത്ത വിമാനത്തിൽ ഷെരീഫ് അമേരിക്കയുടെ മണ്ണിൽ കാലുകുത്തി. എന്നാൽ സ്വന്തം സൈനികരെ വിശ്വാസത്തിലെടുത്ത ഇന്ത്യൻ പ്രധാനമന്ത്രി അമേരിക്കയിൽ ചർച്ചയ്ക്ക് പോയില്ല. പകരം പാകിസ്ഥാൻ തോൽവി സമ്മതിച്ച് ഇന്ത്യൻ മണ്ണിൽ അതിക്രമിച്ച് കയറിയവരിൽ ജീവനോടെ ബാക്കിയുള്ളവരെ തിരിച്ച് വിളിക്കാൻ പാകിസ്ഥാനോട് ആവശ്യപ്പെട്ടു. ഇതിനായി സമയവും നൽകി. അതോടൊപ്പം എൽ എ സി കടക്കരുതെന്ന നിർദ്ദേശവും ഡൽഹിയിൽ നിന്നും സൈനികരെ തേടിയെത്തി. അൽപ്പം വിഷമത്തോടെയാണെങ്കിലും അതിർത്തി കടക്കേണ്ട എന്ന സർക്കാരിന്റെ നിർദ്ദേശം സൈന്യം അനുസരിച്ചു. കാർഗിൽ മലനിരകളിൽ ഇന്ത്യൻ പതാക സൈനിക കരങ്ങളിൽ പാറിപ്പറന്നു.

ഇച്ഛാശക്തിയുള്ള സർക്കാരും മികച്ച യുദ്ധതന്ത്രവുമാണ് ഇന്ത്യയെ കാർഗിലിൽ വിജയം തൊടാൻ സഹായിച്ചത്. ആവശ്യമുള്ളപ്പോൾ സഹായിച്ച ഇസ്രായേലിനെ ഉറ്റ ചങ്ങാതിയാക്കാൻ പിന്നീടുവന്ന സർക്കാരുകൾ പ്രത്യേകം ശ്രദ്ധിച്ചു. അതോടൊപ്പം പാകിസ്ഥാനെ ശ്വാസം മുട്ടിക്കാൻ ഇന്ത്യൻ നേവി നടത്തിയ മുന്നേറ്റവും ഏറെ പ്രശംസിക്കപ്പെട്ടു. കാർഗിൽ യുദ്ധം കഴിഞ്ഞ് ഏറെ വർഷങ്ങൾക്ക് ശേഷം അന്നത്തെ പാക് പ്രധാനമന്ത്രി പറഞ്ഞത് കേവലം ആറ് ദിവസത്തേക്കുള്ള എണ്ണക്കരുതൽ മാത്രമായിരുന്നു പാകിസ്ഥാന് ഉണ്ടായിരുന്നത് എന്നാണ്.