who

ബീജിംഗ്: കൊവിഡിന്റെ ഉത്ഭവം കണ്ടെത്താനായി ലോകാരോഗ്യസംഘടനയുടെ പത്തംഗ വിദഗ്ദ്ധ സംഘം ചൈനയിലെ വുഹാനിൽ എത്തി. ഏറെ പരിശ്രമങ്ങൾക്കൊടുവിലാണ് സംഘത്തിന് ചൈനയിലേക്ക് പ്രവേശനം ലഭിച്ചത്. അമേരിക്ക, ആസ്ട്രേലിയ, ജർമ്മനി, ജപ്പാൻ, ബ്രിട്ടൻ, റഷ്യ, നെതർലൻഡ്‍സ്‍, ഖത്തർ, വിയറ്റ്‍നാം എന്നീ രാജ്യങ്ങളിൽ നിന്നുള്ള വൈറോളജിസ്റ്റുകളാണ് ചൈനയിൽ എത്തിയത്. ഇവർ ചൈനീസ് ശാസ്ത്രജ്ഞരുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. എന്നാൽ ഗവേഷകർക്ക് തെളിവ് ശേഖരിക്കാൻ അനുമതിയുണ്ടോ എന്ന് വ്യക്തമല്ല. സുതാര്യമായ അന്വേഷണത്തിന് ചൈന തയാറാകണം എന്നതാണ് ലോകാരോഗ്യ സംഘടനയുടെ ആദ്യത്തെ ആവശ്യം.

എന്നാൽ, ഇത് അസാദ്ധ്യമാണെന്നാണ് നിലവിലെ സാഹചര്യങ്ങളിൽ നിന്ന് മനസിലാകുന്നത്. വിദഗ്ദ്ധർക്ക് രണ്ടാഴ്ച ക്വാറന്റൈൻ നിർബന്ധമാക്കിയിട്ടുണ്ട്. ഈ കാലയളവിൽ വീഡിയോ കോൺഫറൻസിലൂടെ ഗവേഷകർ ചൈനീസ് ശാസ്ത്രജ്ഞരോട് സംവദിക്കണം. കഴിഞ്ഞ ആഴ്‍ച്ച സംഘം ചൈനയിൽ എത്തേണ്ടതായിരുന്നു. എന്നാൽ, വിസ ഇല്ലെന്ന് കാണിച്ച് ചൈന ഇതനുവദിച്ചില്ല. സ്വതന്ത്രമായ അന്വേഷണം തടയാനുള്ള ശ്രമമാണ് ഇതെന്നാണ് നിരീക്ഷകർ സംശയിക്കുന്നത്.

 തുറക്കുമോ വുഹാൻ ലാബ്?

വിദഗ്ദ്ധ സംഘത്തിന് മുന്നിൽ ചൈന വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജി തുറക്കുമോ എന്നത് ആകാംഷയുണ്ടാക്കുന്നുണ്ട്. ഈ ലാബിൽ നിന്നാണ് കൊറോണ വൈറസ് പുറത്ത് ചാടിയതെന്നും റിപ്പോർട്ടുണ്ട്. എന്നാൽ, ലാബ് തുറക്കുന്ന കാര്യം അജണ്ടയിൽ ഇല്ലെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. പക്ഷേ, വൈറോളജി ലാബിലെ റെക്കോഡുകൾ വിദഗ്ദ്ധ സംഘത്തിന് പരിശോധിക്കാൻ അവസരം നൽകണം. എന്നാൽ, ചൈന ഇതിന് തയ്യാറാകുമോ എന്നും ഉറപ്പില്ല.

 വിമർശന ശരമേറ്റ് ചൈന: രാജ്യത്ത് വീണ്ടും കൊവിഡ്

പാശ്ചാത്യ രാജ്യത്ത് നിന്നാണ് കൊവിഡ് വന്നതെന്നാണ് ചൈന ഇപ്പോഴും വാദിക്കുന്നത്. സമുദ്രോത്പ്പന്നങ്ങളുടെ ഇറക്കുമതിയിലൂടെയാണ് രാജ്യത്തേക്ക് കൊവിഡ് വന്നതെന്നാണ് പ്രധാന വാദം. ഇത് ലോകാരോഗ്യ സംഘടന അംഗീകരിക്കുന്നില്ല. കൊവിഡ് വ്യാപനത്തെക്കുറിച്ച് തുറന്ന് സംസാരിക്കുന്നവരെയെല്ലാം അടിച്ചമർത്തുകയാണ് ചൈനയെന്നും വിദേശരാജ്യങ്ങൾ വാദിക്കുന്നു.

കൊവിഡിന്റെ ഉത്ഭവത്തെക്കുറിച്ച് മനസിലാക്കാൻ ഗവേഷകർക്ക് വർഷങ്ങൾ വേണ്ടി വന്നേക്കും. വിവരശേഖരണത്തിന് ചൈനീസ് സർക്കാരിന്റെ സഹായം അത്യാവശ്യമാണ്. എന്നാൽ, ചൈന ഇതിന് സഹകരണമനോഭാവമല്ല കാണിക്കുന്നത്.

ചൈനയ്‍ക്ക് എതിരെ ആഗോള അന്വേഷണം വേണമെന്ന് ആസ്ട്രേലിയ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ആസ്ട്രേലിയയിൽ നിന്നുള്ള ഇറക്കുമതി ചൈന നിറുത്തി. സമാനമായ ആവശ്യം ഉന്നയിച്ച അമേരിക്കയോടും ചൈന എതിർപ്പ് പ്രകടിപ്പിച്ചു.

അതേസമയം, ചൈനയിൽ വീണ്ടും കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ലാങ്‍ഫാങ് നഗരം ചൈന പൂർണമായും അടച്ചു.