വാഷിംഗ്ടൺ: ഫേസ്ബുക്കിനും ട്വിറ്ററിനും ഇൻസ്റ്റഗ്രാമിനും വീഡിയോ പ്ലാറ്റ്ഫോമായ യൂട്യൂബിനും പിന്നാലെ ട്രംപിനെ കൈവിട്ട് സ്നാപ്ചാറ്റും. അനിശ്ചിതകാലത്തേക്കാണ് ട്രംപിന്റെ അക്കൗണ്ടിന് സ്നാപ്ചാറ്റ് വിലക്ക് ഏർപ്പെടുത്തിയത്. പൊതുസുരക്ഷ സംബന്ധിച്ച മാർഗ നിർദ്ദേശങ്ങളുടെ വ്യക്തമായ ലംഘനങ്ങൾ ട്രംപിന്റെ ഭാഗത്ത് നിന്നുണ്ടായി. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനും വിദ്വേഷ പ്രഭാഷണം നടത്തുന്നതിനും അക്രമത്തെ പ്രേരിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങൾ ട്രംപ് നടത്തിയെന്നും സ്നാപ്ചാറ്റ് വക്താവ് അറിയിച്ചു.
ട്രംപിന്റെ വിലക്ക് ശരിയായ തീരുമാനം
അതേസമയം, ട്രംപിന് വിലക്കിയത് ശരിയായ തീരുമാനമായിരുന്നുവെന്ന് ട്വിറ്റർ സി.ഇ.ഒ ജാക്ക് ഡോർസി. ഇതാദ്യമായാണ് വിഷയത്തിൽ ട്വിറ്റർ സി.ഇ.ഒ പ്രതികരണം നടത്തുന്നത്. എന്നാൽ, ട്രംപിനെ വിലക്കിയതിൽ അഭിമാനമില്ലെന്ന് വ്യക്തമാക്കിയ ജാക്ക് ആരോഗ്യപരമായ ആശയവിനിമയം സാദ്ധ്യമാക്കുന്നതിൽ ട്വിറ്റർ പരാജയപ്പെട്ടുവെന്ന് സമ്മതിച്ചു. ശരിയായ നടപടിയാണ് ഉണ്ടായത്. ട്വിറ്ററിനെ ദുരുപയോഗം ചെയ്യുന്നവർക്കുള്ള മുന്നറിയിപ്പാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊതുസുരക്ഷക്കായി പ്രവർത്തിക്കുന്നത് ട്വിറ്ററിന്റെ കടമയാണെന്നും ജാക്ക് ഓർമിപ്പിച്ചു. അസാധാരണമായ സാഹചര്യത്തെയാണ് നേരിടുന്നത്. ചർച്ചകളുടെ ചെറിയൊരു ഭാഗം ട്വിറ്ററിലും നടക്കുന്നുണ്ട്. പക്ഷേ ട്വിറ്ററിന്റെ നിയമങ്ങളും നയങ്ങളും അംഗീകരിക്കാൻ സാധിക്കാത്തവർക്ക് വേറെ ആപ്ലിക്കേഷൻ ഉപയോഗിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.