ചെന്നൈ: തമിഴ്നാടിന്റെ വിളവെടുപ്പ് ഉത്സവമായ പൊങ്കൽ ആഘോഷത്തിൽ പങ്കെടുത്ത് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി എം.പി. ഇന്നലെ മധുരയിലെ അവനിയാപുരത്ത് നടന്ന ജെല്ലിക്കെട്ട് കാണാനെത്തിയ രാഹുലിനെ ആരതി ഉഴിഞ്ഞും കുങ്കുമം അണിയിച്ചുമാണ് നാട്ടുകാർ വരവേറ്റത്. ഡി.എം.കെ യൂത്ത് വിംഗ് നേതാവ് ഉദയനിധി സ്റ്റാലിനും ഒപ്പമുണ്ടായിരുന്നു. പൊങ്കൽ ചടങ്ങുകൾ കൗതുകപൂർവം വീക്ഷിച്ച രാഹുൽ പൊങ്കൽ നിവേദ്യം തയ്യാറാക്കുന്നതിലും പങ്കുചേർന്നു. സ്ത്രീകൾ നിർദ്ദേശിച്ചതനുസരിച്ച് രാഹുൽ അരിയും ശർക്കരയും കലത്തിലേക്ക് ഇട്ടു. ശേഷം പാകമായ പൊങ്കൽ ആസ്വദിക്കുകയും പ്രദേശവാസികൾക്കൊപ്പം തൂശനിലയിൽ സദ്യയുണ്ണുകയും ചെയ്തു.
തമിഴ് ജനതയിൽനിന്നും അകമഴിഞ്ഞ സ്നേഹവും പിന്തുണയുമാണ് തനിക്ക് ലഭിച്ചതെന്ന് രാഹുൽ പറഞ്ഞു.
''തമിഴ്നാട്ടിലെ ജനങ്ങൾക്കൊപ്പം നിൽക്കേണ്ടതും അവരുടെ ചരിത്രം, സംസ്കാരം, ഭാഷ എന്നിവ സംരക്ഷിക്കേണ്ടതും എന്റെ കടമയാണ്. ഇന്ത്യ തമിഴ് സംസ്കാരത്തെ ബഹുമാനിക്കണം. തമിഴ് ജനതയുടെ വികാരത്തെ മാനിക്കാതിരിക്കുകയും തമിഴ് ഭാഷയെയും സംസ്കാരത്തെയും ഒതുക്കി നിറുത്താമെന്ന് കരുതുന്നവർക്ക് മറുപടി നൽകാൻ കൂടിയാണ് താൻ ഇവിടെ എത്തിയതെന്നും രാഹുൽ വ്യക്തമാക്കി.
ജെല്ലിക്കെട്ടിനായി നടത്തിയ ഒരുക്കങ്ങളിൽ രാഹുൽ സംതൃപ്തി രേഖപ്പെടുത്തി. മത്സരത്തിൽ പങ്കെടുക്കുന്നവരുടെ സുരക്ഷ പൂർണമായും ഉറപ്പാക്കുന്ന രീതിയിലായിരുന്നു ജെല്ലിക്കെട്ടിനുള്ള ഒരുക്കങ്ങൾ.
മധുര വിമാനത്താവളത്തിലെത്തിയ രാഹുലിനെ കോൺഗ്രസ്-ഡി.എം.കെ നേതാക്കൾ ചേർന്നാണ് സ്വീകരിച്ചത്.
നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുമായി രാഹുൽ ഗാന്ധിയുടെ സന്ദർശനത്തിന് ബന്ധമില്ലെന്ന് തമിഴ്നാട് കോൺഗ്രസ് അദ്ധ്യക്ഷൻ കെ.എസ്. അഴഗിരി വ്യക്തമാക്കി. ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദയും ഇന്നലെ തമിഴ്നാട്ടിലെത്തി.