ദോഹ: കൊവിഡ് വാക്സിന്റെ രണ്ടാം ഡോസിന്റെ വിതരണം ആരംഭിച്ച് ഖത്തർ. ഫൈസർ വാക്സിനാണ് ഖത്തർ നൽകുന്നത്. 2020 ഡിസംബർ 23 മുതലാണ് വാക്‌സിനേഷൻ ആരംഭിച്ചത്. ആദ്യ ഡോസ് എടുത്ത് 21 ദിവസത്തിന് ശേഷമാണ് രണ്ടാമത്തെ ഡോസ് നൽകുന്നത്. ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി, ഒളിംപിക് കമ്മിറ്റി പ്രസിഡന്റ് ഷെയ്ഖ് ജൊആൻ, പൊതുജനാരോഗ്യ മന്ത്രാലയം അധികൃതർ എന്നിവർ ആദ്യ ഘട്ടത്തിൽ വാക്സിൻ സ്വീകരിച്ചിരുന്നു. വാക്‌സിൻ ആദ്യം സ്വീകരിച്ച സ്വദേശിയായ ഖത്തർ സർവകലാശാല മുൻ പ്രസിഡന്റ് ഡോ.അബ്ദുല്ല അൽ ഖുബെയ്‌സിയും പ്രവാസികളിൽ ആദ്യ ഡോസ് സ്വീകരിച്ച സിറിയൻ സ്വദേശി മുഹമ്മദ് ഫ്രസാത്തും രണ്ടാമത്തെ ഡോസും സ്വീകരിച്ചു. 70 ന് മുകളിലുള്ളവർ, വിട്ടുമാറാത്ത ഗുരുതര രോഗമുള്ളവർ, മുൻനിര ആരോഗ്യ പ്രവർത്തകർ എന്നിവർക്കാണ് 31 വരെ നീളുന്ന ആദ്യ ഘട്ടത്തിൽ വാക്സിൻ നൽകുന്നത്. ക്യാംപെയ്ൻ തുടങ്ങി ഒരാഴ്ച പിന്നിട്ടപ്പോൾ പ്രായപരിധി എഴുപതിൽ നിന്ന് 65 ആക്കി കുറച്ചിരുന്നു. രണ്ടാഴ്ച കൂടുമ്പോൾ മുൻഗണനാ പട്ടിക പുതുക്കും. 10 ഹെൽത്ത് സെന്ററുകളിലാണ് വാക്‌സിനേഷൻ പുരോഗമിക്കുന്നത്. മുൻഗണനാ പട്ടികയിലുള്ളവരെ അധികൃതർ വിവരം അറിയിക്കും. പല ഘട്ടങ്ങളായി നടത്തുന്ന ക്യാംപെയ്‌നിലൂടെ 16ന് മുകളിലുള്ള, അലർജിയില്ലാത്തവർക്ക് വാക്‌സിൻ നൽകും. അതേസമയം, അടുത്ത ആഴ്ചകളിലായി മോഡേണയുടെ വാക്‌സിനും എത്തുമെന്നാണ് പ്രതീക്ഷ.