കമ്പാല: ഉഗാണ്ടൻ രാഷ്രീയം സംഗീതമയമാക്കാൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിച്ച് പോപ്പ് ഗായകൻ ബോബി വൈൻ. റോബർട്ട് ക്യൂഗലാന്യി എന്നാണ് ബോബിയുടെ യഥാർത്ഥ പേര്. ആറാം വട്ടവും ജനവിധി തേടുന്ന പ്രസിഡന്റ് യോവേരി മുസേവെനിയാണ് 38കാരനായ ബോബിയുടെ മുഖ്യ എതിരാളി. രാജ്യത്തെ യുവതലമുറയുടെ പ്രതിനിധിയാണ് താനെന്ന് ബോബി പറയുമ്പോൾ, സ്ഥിരതയ്ക്കു വേണ്ടിയാണ് തന്റെ മത്സരമെന്നാണ് യോവേരി വ്യക്തമാക്കുന്നത്. കഴിഞ്ഞ 35 വർഷമായി യോവേരിയാണ് ഉഗാണ്ടയിലെ പ്രസിഡന്റ്. ബോബിയാകട്ടെ, ജനങ്ങളുടെ പ്രിയപ്പെട്ട ഗായകനാണ്. രാഷട്രീയ പ്രവർത്തകനെന്ന നിലയിൽ എം.പി കൂടിയായ ബോബിയ്ക്ക് ജനങ്ങൾ വൻ പിന്തുണ നൽകുന്നത്.ഇന്നലെയാണ് വോട്ടെടുപ്പ് നടന്നത്.
സമാധാനാന്തരീക്ഷമില്ല
തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഉഗാണ്ടയിൽ സംഘർഷ സാദ്ധ്യതയും നിലനിൽക്കുന്നുണ്ട്. പ്രചാരണങ്ങൾക്കിടെ നിരവധിപേർ കൊല്ലപ്പെട്ടിരുന്നു. ബോബി ഉൾപ്പെടെ നിരവധി സ്ഥാനാർത്ഥികളും അനുയായികളും പലതവണ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. 11 പേരാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്.തന്റെ പാർട്ടിയെ പിന്തുണക്കുന്നവരുടെ നിരവധി അക്കൗണ്ടുകൾ ഫേസ്ബുക്ക് ബ്ലോക്ക് ചെയ്തതിനു പിന്നാലെ രാജ്യത്ത് സാമൂഹ മാദ്ധ്യമങ്ങൾക്ക് യോവേരി നിരോധനം ഏർപ്പെടുത്തി.
തലസ്ഥാന നഗരമായ കമ്പാലയിലും മറ്റ് ജില്ലകളിലും പ്രചാരണങ്ങളും നിരോധിച്ചിട്ടുണ്ട്. എന്നാൽ, തങ്ങൾക്ക് മേധാവിത്വമുള്ള പ്രദേശങ്ങൾ ആയതിനാലാണ് നിരോധനമെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ വാദം. കൊവിഡ് വ്യാപനം തടയാനുള്ള മുൻകരുതലാണെന്നാണ് ഭരണകക്ഷിയുടെ വാദം. ഇന്നലെ തലസ്ഥാനത്താകമാനം പൊലീസ് സുരക്ഷ ശക്തമാക്കിയിരുന്നു.