thomas-isaac

കൊച്ചി: പ്രളയാനന്തര കേരളത്തെ ഉണർ‌വിലേക്ക് നയിക്കുകയെന്ന വെല്ലുവിളികൾക്കും പരിമിതികൾക്കും നടുവിൽ നിന്നാണ് കഴിഞ്ഞവർഷം ധനമന്ത്രി ഡോ.ടി.എം. തോമസ് ഐസക് ബഡ്‌ജറ്റ് അവതരിപ്പിച്ചത്. ഇക്കുറിയും ഐസക്കിന്റെ സാഹചര്യം വ്യത്യസ്‌തമല്ല. ഇത്തവണ പക്ഷേ, വില്ലൻ കൊവിഡ് ആണെന്ന് മാത്രം.

പുതുവർഷത്തിൽ പുത്തൻ ബഡ്‌ജറ്റിലേക്ക് കടക്കുമ്പോൾ സംസ്ഥാനത്തെ ഏതാണ്ട് എല്ലാ മേഖലകളും ആനുകൂല്യങ്ങൾ ആവശ്യപ്പെടുന്നുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിലിൽ വന്നുനിൽക്കുന്നതിനാൽ ജനപ്രിയ പ്രഖ്യാപനങ്ങൾ ഐസക് വാരിക്കോരി നടത്തുമെന്ന് പ്രതീക്ഷിക്കാം.

പ്രളയാനന്തരം ഏർപ്പെടുത്തിയ സെസ് ജൂലായോടെ പിൻവലിക്കുമെന്ന് ധനമന്ത്രി സൂചിപ്പിച്ചു കഴിഞ്ഞു. അതുകൊണ്ട് തന്നെ, കൊവിഡ് സെസ് ഏർപ്പെടുത്തില്ലെന്ന് കരുതാം. പരമാവധി കടമെടുത്ത് പദ്ധതികൾ നടപ്പാക്കാനാകും ഐസക്ക് ശ്രമിക്കുക. ഈ ബാദ്ധ്യത അടുത്ത സർക്കാരിന്റെ മേലാകും വരിക.

അധികാരത്തിൽ വന്നാൽ പാവപ്പെട്ടവരുടെ അക്കൗണ്ടിൽ മാസന്തോറും 6,000 രൂപവീതം നൽകുമെന്ന് യു.ഡി.എഫ് പ്രഖ്യാപിച്ചിട്ടുണ്ട്. സമാനമായൊരു പദ്ധതി ഐസക് നടപ്പാക്കാൻ സാദ്ധ്യത കാണുന്നവരുമുണ്ട്. ഐസക് ബഡ്‌ജറ്റിൽ വിവിധ മേഖലകളുടെ പ്രതീക്ഷ ഇങ്ങനെ:

ടൂറിസം

''കൊവിഡിൽ ഏറ്റവും വലിയ തിരിച്ചടി നേരിട്ട മേഖലയാണ് ടൂറിസം. 50,000 കോടി രൂപയുടെ വരുമാനം പ്രതീക്ഷിച്ചപ്പോൾ 25,000 കോടിയോളം രൂപയുടെ നഷ്‌ടമാണ് കൊവിഡ് മൂലമുണ്ടായത്. ഏറ്റവുമധികം തൊഴിലവസരം, വരുമാനം, വിദേശനാണയം എന്നിവ സംസ്ഥാനത്തിന് നൽകുന്നത് ടൂറിസമാണ്.

ടൂറിസത്തെ ഉണർവിലെത്തിക്കാനുള്ള പ്രഖ്യാപനങ്ങൾ ബഡ്‌ജറ്റിൽ വേണം. സംരംഭർക്കും തൊഴിലാളികൾക്കും ബാങ്ക് വായ്പ പ്രഖ്യാപിച്ചെങ്കിലും തുടർനടപടി ഉണ്ടായില്ല. ഇതു പരിഹാരം വേണം. അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തണം. മാർക്കറ്റിംഗിനും പിന്തുണ വേണം"

- ഇ.എം. നജീബ്,

ചെയർമാൻ, എ.ടി.ഇ ഗ്രൂപ്പ്

റിയൽ എസ്‌റ്റേറ്റ്

''രജിസ്ട്രേഷൻ ഫീസ് കുറയ്ക്കണം. സിമന്റ്, സ്‌റ്റീൽ തുടങ്ങിയവയ്ക്ക് വില കൂടിയത് വൻ തിരിച്ചടിയാണ്. ഇതുപരിഹരിക്കാൻ വില നിയന്ത്രണ ബോർ‌ഡ് രൂപീകരിക്കണം. അഫോർഡബിൾ ഹൗസിംഗിന് കൂടുതൽ പ്രാധാന്യം കൊടുക്കണം. റെറയിലെ രജിസ്‌ട്രേഷൻ ഫീസ് കുറയ്ക്കണം. കൊവിഡിൽ സംസ്ഥാന റിയൽ എസ്‌റ്റേറ്റ് മേഖലയുടെ നഷ്‌ടം 7,000 കോടി രൂപയോളമാണ്""

- എസ്.എൻ. രഘുചന്ദ്രൻ നായർ,

ക്രെഡായ് മുൻ അദ്ധ്യക്ഷൻ

കാർഷികം

''പ്ളാന്റേഷനുകളിൽ മറ്റു വിളകളുടെ കൃഷിക്കും അനുമതി നൽകണം. കർഷകർ എന്ത് കൃഷി ചെയ്യണമെന്ന് സർക്കാർ നിർബന്ധിക്കരുത്. തോട്ടവിളകൾക്ക് ഇപ്പോൾ വില കുറവാണ്. ഇതു പരിഹരിക്കാൻ മറ്റു വിളകളുടെ കൃഷി സഹായിക്കും. കേന്ദ്ര മാതൃകയിൽ ഡയറക്‌ട് ബെനഫിറ്റ് ട്രാൻസ്ഫർ പദ്ധതി വേണം. ഉത്പന്നങ്ങൾക്ക് മികച്ച മാർക്കറ്റിംഗ് സൗകര്യവും വേണം""

- ശിവദാസ് ബി. മേനോൻ

മാനേജിംഗ് ഡയറക്‌ടർ, സ്‌റ്റെർലിംഗ്

നികുതി

''ജി.എസ്.ടി സമാഹരണം ഉയരുന്നുണ്ടെങ്കിലും സംസ്ഥാനത്തിന്റെ സമ്പദ്സ്ഥിതി മെച്ചപ്പെട്ടിട്ടില്ല. എന്നിരുന്നാലും കൊവിഡ് പശ്ചാത്തലത്തിൽ അധിക നികുതി ബാദ്ധ്യത ധനമന്ത്രി ജനങ്ങൾക്കുമേൽ ഏർപ്പെടുത്തിയേക്കില്ല. തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ജനപ്രിയ പ്രഖ്യാപനങ്ങൾക്കാണ് സാദ്ധ്യത. പുതിയ നികുതികൾ ഉണ്ടാവില്ല. എന്നാൽ, സ്റ്റാമ്പ് ഡ്യൂട്ടി കൂട്ടിയേക്കും""

- ബാബു എബ്രഹാം കള്ളിവയലിൽ,

ഐ.സി.എ.ഐ കേന്ദ്ര കൗൺസിൽ അംഗം

സ്വർണം

''വാറ്റ് കുടിശിക പിടിക്കാനുള്ള ആംനെസ്‌റ്റി യഥാർത്ഥ തുകയ്ക്കുമേൽ നടപ്പാക്കുകയോ വാറ്റ് കുടിശിക പൂർണമായി എഴുതിത്തള്ളുകയോ വേണം. പെരുപ്പിച്ച് കാട്ടിയുള്ള സർക്കാരിന്റെ കണക്കുമൂലം പലരും കച്ചവടം തന്നെ അവസാനിച്ച സാഹചര്യമുണ്ട്""

- എസ്. അബ്ദുൽ നാസർ,

ട്രഷറർ, എ.കെ.ജി.എസ്.എം.എ

വ്യവസായം

''വ്യവസായ മേഖലയ്ക്ക് കൂടുതൽ പരിഗണന പ്രതീക്ഷിക്കുന്നു. പലിശ സബ്‌വെൻഷൻ പിന്തുണ വേണം. സംസ്ഥാന എം.എസ്.എം.ഇകളിൽ നിന്നുള്ള പർച്ചേസിംഗ് വർദ്ധിപ്പിക്കാൻ സർക്കാർ ശ്രമിക്കണം. ഇത്, കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഉണർവാകും. കൂടുതൽ തൊഴിലവസരവും സൃഷ്ടിക്കും""

- ദാമോദർ അവനൂർ,

മുൻ അദ്ധ്യക്ഷൻ, കെ.എസ്.എസ്.ഐ.എ