നിരവധി ചിത്രങ്ങളിൽ പ്രേംനസീറിനൊപ്പം നായികയായി അഭിനയിച്ച ശാരദ എഴുതുന്നു
1965ൽ പുറത്തിറങ്ങിയ ഇണപ്രാവുകളാണ് ഞാൻ അഭിനയിച്ച ആദ്യ മലയാള സിനിമ. ചാക്കോച്ചൻ (കുഞ്ചാക്കോ) സംവിധാനം ചെയ്ത ആ ചിത്രത്തിൽ നസീർ സാറായിരുന്നു നായകൻ. അതിന് മുൻപ് തമിഴിൽ ശിവാജി ഗണേശൻ സാറിന്റെയും തെലുങ്കിൽ നാഗേശ്വര റാവു സാറിന്റെയും നായികയായിരുന്നു.എന്നാൽ ഇണപ്രാവുകളിൽ അഭിനയിക്കാനെത്തുമ്പോൾ എനിക്ക് മലയാളം ഒട്ടും അറിയില്ല.അതു കൊണ്ട് തന്നെ ഇത്രയും വലിയ നായകനൊപ്പം എങ്ങനെ അഭിനയിക്കുമെന്നോർത്ത് നല്ല പേടിയുണ്ടായിരുന്നു. പക്ഷേ, നസീർ സാർ നന്നായി തമിഴ് സംസാരിക്കും. പേടിക്കേണ്ടെന്ന് പറഞ്ഞ് അദ്ദേഹം ആശ്വസിപ്പിച്ചു. ആദ്യ ഷോട്ട് തന്നെ ഞങ്ങൾ ഒന്നിച്ചുള്ളതായിരുന്നു. ഓരോ സീനിലും അദ്ദേഹം ക്ഷമയോടെ സഹകരിച്ചു. വളരെ കുറച്ച് ദിവസങ്ങൾ കൊണ്ട് ഞാൻ മലയാളം വായിക്കാൻ പഠിച്ചു.
നസീർ സാർ എല്ലാ മനുഷ്യരെയും ഒരുപോലെ കണ്ടു. അവിടെ ജാതി, മതം, ഭാഷ ഭേദമൊന്നും ഉണ്ടായിരുന്നില്ല. അദ്ദേഹത്തിനൊപ്പം അഭിനയിച്ച തുലാഭാരം എന്ന സിനിമയ്ക്കാണ് എനിക്ക് മികച്ച നടിക്കുള്ള ആദ്യ ദേശീയ അവാർഡ് ലഭിച്ചത്. അവാർഡ് ലഭിച്ച വിവരം അറിയുമ്പോൾ സാർ ചെന്നൈയിലില്ല. എന്നിട്ടും ശാരദ എവിടെയുണ്ടെങ്കിലും കേക്ക് വാങ്ങി നൽകി ആഘോഷിക്കാൻ അദ്ദേഹം ആളിനെ ഏർപ്പെടുത്തി. ഞാനന്ന് കൃഷ്ണൻനായർ സാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ലൊക്കേഷനിലായിരുന്നു. അവിടെ നസീർ സാറിന്റെ നിർദ്ദേശ പ്രകാരം വലിയ ആഘോഷം തന്നെ സംഘടിപ്പിച്ചു. മറ്റുള്ളവരുടെ സന്തോഷങ്ങളെയും അദ്ദേഹം സ്വന്തമായി കരുതി. ഈഗോ എന്ന വാക്കിന്റെ അർത്ഥം പോലും അറിയില്ലായിരുന്നു. സിനിമാ മേഖലയിൽ ജോലി ചെയ്യുമ്പോൾ എല്ലാവരെക്കൊണ്ടും നല്ലതുമാത്രം പറയിക്കുന്നത് നടക്കാത്ത കാര്യമാണ്. പക്ഷേ, മനശുദ്ധിയുള്ള പെരുമാറ്റം കൊണ്ട് നസീർ സാറിന് അത് സാധിച്ചു.അതുപോലെ നസീർ സാറിൽ നിന്ന് കണ്ടുപഠിക്കേണ്ട മറ്റു ഗുണങ്ങൾ അച്ചടക്കവും കൃത്യനിഷ്ഠയുമാണ്. ഏത് മനുഷ്യർക്കും ആവശ്യമുള്ള കാര്യമാണ് അച്ചടക്കം. പ്രത്യേകിച്ചും അഭിനേതാക്കൾക്ക്. പ്രൊഡ്യൂസറെ കഷ്ടപ്പെടുത്താതെ ഒരു പടം വിചാരിച്ച സമയത്ത് തീർക്കണമെങ്കിൽ അഭിനേതാക്കൾ നന്നായി സഹകരിക്കണം. ഏറ്റെടുത്ത സിനിമകൾ കൃത്യസമയത്ത് പൂർത്തിയാക്കാൻ രാത്രിയും പകലുമില്ലാതെ നസീർ സാർ ജോലി ചെയ്തിരുന്നു. സാർ ഉണ്ടെങ്കിൽ സെറ്റിൽ ഒരു സമാധാനമാണ്.
എന്റെ സഹോദരൻ മോഹൻ റാവു നിർമ്മിച്ച ഭദ്രദീപം എന്ന സിനിമയിലും നസീർ സാർ ആയിരുന്നു നായകൻ.
നടനെന്ന നിലയിൽ അദ്ദേഹത്തിന്റെ കഴിവുകളെ കുറിച്ച് മലയാളികളോട് പറയേണ്ടതില്ല. അദ്ദേഹം അഭിനയിച്ച സിനിമകളിൽ ഏറ്റവും ഇഷ്ടം ഇരുട്ടിന്റെ ആത്മാവാണ്. ആ സിനിമ എത്ര തവണ കണ്ടാലും വേലായുധൻ എന്ന കഥാപാത്രം മുന്നിൽ വന്നു നിൽക്കുന്നതായേ നമുക്ക് തോന്നൂ. അതിസുന്ദരനായിരുന്നു നസീർ സാർ. ഔട്ട്ഡോർ ഷൂട്ടിംഗ് നടക്കുമ്പോൾ അദ്ദേഹത്തെ ദൂരെ നിന്നെങ്കിലും ഒരുനോക്ക് കാണാൻ ധാരാളം ആരാധകരെത്തും. സ്ത്രീകളാണ് കൂടുതൽ. ആരാധകരോട് ഒരിക്കലും അസഹിഷ്ണുത കാണിച്ചിട്ടില്ല.നിരവധി വർഷം കൂടെ അഭിനയിച്ചിട്ടും അദ്ദേഹത്തിന് ദേഷ്യം വരുന്നത് പോയിട്ട് ആരോടെങ്കിലും ശബ്ദം ഉയർത്തി സംസാരിക്കുന്നതു പോലും ഞാൻ കണ്ടിട്ടില്ല.ചെന്നൈയിൽ ഞങ്ങളുടെ വീടുകൾ അടുത്തടുത്തായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയുമായും എനിക്ക് നല്ല അടുപ്പമുണ്ടായിരുന്നു. മമ്മീ എന്നാണ് ഞങ്ങൾ വിളിക്കുക. മമ്മി നല്ല കേരള ഭക്ഷണം പാചകം ചെയ്ത് ലൊക്കേഷനിലേക്ക് കൊടുത്തുവിടും. അന്ന് ഞാൻ കഴിച്ചിരുന്ന ഒരേയൊരു നോൺവെജ് വിഭവം നസീർ സാറിന്റെ വീട്ടിൽ നിന്ന് കൊണ്ടുവരുന്ന കരിമീനാണ്.
പെട്ടെന്നാണ് അദ്ദേഹം അസുഖബാധിതനായത്. ചെന്നൈയിലെ വിജയാ ആശുപത്രിയിൽ അഡ്മിറ്റായ ശേഷമാണ് ഞാനിക്കാര്യം അറിയുന്നത്. ഉടൻ തന്നെ ഒരു തെലുങ്ക് സിനിമയുടെ ലൊക്കേഷനിൽ നിന്ന് ഓടിയെത്തി. പക്ഷേ, ഇത്രയും നല്ല മനുഷ്യൻ അവശനായി കിടക്കുന്നത് കണ്ട് സഹിക്കാൻ കഴിഞ്ഞില്ല. മുറിയിൽ നിന്ന് പുറത്തിറങ്ങിയപ്പോഴേക്കും പൊട്ടിക്കരഞ്ഞു പോയി. ഇത്ര വർഷം കഴിഞ്ഞിട്ടും സാറില്ലെന്ന വാക്ക് പറയാൻ പോലും എനിക്ക് സങ്കടമാണ്. മലയാള സിനിമയിൽ എന്തൊക്കെ മാറ്റങ്ങളുണ്ടായാലും ആരൊക്കെ വന്നുപോയാലും നസീർ സാറിനെ കുറിച്ചുള്ള ഓർമ്മകളുടെ തിളക്കം ഒരിക്കലും നഷ്ടപ്പെടില്ല.