പ്രേം നസീർ എന്ന സഹപ്രവർത്തകനെ കുറിച്ച് നല്ല ഓർമ്മകൾ മാത്രമേയുള്ളൂ. എനിക്ക് മാത്രമല്ല അന്ന് അദ്ദേഹത്തോടൊപ്പം ജോലി ചെയ്ത എല്ലാവർക്കും അങ്ങനെ തന്നെയായിരിക്കും. മഹാനായ ഒരു നടൻ എന്നതിനൊപ്പം ആരുടെ കാര്യത്തിലും അനാവശ്യമായി തലയിടാത്ത എളിമയും കൃത്യനിഷ്ഠയുമുള്ള മനുഷ്യൻ കൂടിയായിരുന്നു നസീർ സാർ. ഒരുപാട് ആളുകളെ സഹായിച്ചിട്ടുണ്ട്. വലതു കൈ കൊണ്ട് കൊടുക്കുന്നത് ഇടതു കൈ അറിയരുതെന്നായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. സെറ്റിലൊക്കെ സഹായം ചോദിച്ച് വരുന്നവരെ ദൂരെ മാറ്റി നിറുത്തിയാണ് പണം കൊടുക്കുക. ഇത് ഞാൻ നേരിട്ട് കണ്ടിട്ടുള്ളതാണ്. ഏതെങ്കിലും സിനിമ പരാജയപ്പെട്ടാലുടൻ നിർമ്മാതാവിനെ വിളിക്കും. എത്രയും വേഗം അടുത്ത സിനിമ തുടങ്ങാനാവും വിധം ഡേറ്റ് കൊടുക്കും. എന്നോടും ചില നിർമ്മാതാക്കൾക്ക് വേണ്ടി സംസാരിച്ചിട്ടുണ്ട്. അയാളെ നമുക്കെല്ലാം ചേർന്ന് സഹായിക്കണമെന്ന് പറയും.
വളരെ അച്ചടക്കമുള്ള ജീവിതമായിരുന്നു. ആരോടും ഒരു ഉപദ്രവത്തിനും പോകില്ല. പ്രശ്നങ്ങളിൽ നിന്ന് മാറി നടക്കും. മറ്റുള്ളവരെ കുറിച്ചുള്ള വാർത്തകൾ പറയുകയോ മറ്റുള്ളവർ പറയുന്നത് കേൾക്കാൻ സമയം കൊടുക്കുകയോ ചെയ്യില്ല. ഞങ്ങൾ ഏതാണ്ട് 130 ഓളം സിനിമകളിൽ നായികാനായകന്മാരായി. കണക്കുകൂട്ടി നോക്കിയാൽ എത്രയോ ദിവസങ്ങൾ ഒരുമിച്ച് ജോലി ചെയ്തിട്ടുണ്ടെന്ന് ആലോചിച്ച് അദ്ഭുതം തോന്നാറുണ്ട്. അന്നൊക്കെ ഞങ്ങൾക്ക് രണ്ടുപേർക്കും തിരക്കാണ്. ഒരേ സമയം അഞ്ചോ ആറോ സിനിമകളിൽ അഭിനയിക്കുന്നുണ്ടാകും. നസീർ സാർ അഭിനയിക്കുന്ന ഫൈറ്റ് സീനുകളിലൊക്കെ എന്റെ മുഖത്തെ ചില റിയാക്ഷൻസ് കാണിക്കും. അതായത് അദ്ദേഹം ശത്രുക്കളെ ഇടിച്ച് നിലംപരിശാക്കുമ്പോൾ ഞാൻ അയ്യോ അമ്മേ എന്നൊക്കെ പറയണം. ഫൈറ്റിന്റെ കൂടെ അതൊന്നും ഷൂട്ട് ചെയ്തിട്ടുണ്ടാവില്ല. ഞാൻ സത്യന്റെ ഏതെങ്കിലും സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴായിരിക്കും നസീർ സിനിമയുടെ കാമറാമാൻ വന്ന് എന്റെ ഈ മുഖഭാവങ്ങളൊക്കെ ചിത്രീകരിക്കുക. ഇതൊക്കെ ഫൈറ്റിനിടയിൽ ആവശ്യാനുസരണം ഇട്ടുകൊടുക്കും.
ഏറ്റവും കൂടുതൽ സിനിമകളിൽ നായികാനായകന്മാരായതിന്റെ പേരിൽ ഞങ്ങൾ ഗിന്നസ് ബുക്കിൽ ഇടംപിടിച്ചിട്ടുണ്ടെന്ന് കേൾക്കുന്നു. അന്നും ഇന്നും അതേക്കുറിച്ചൊന്നും ചിന്തിച്ചിട്ടില്ല. ചില രംഗങ്ങൾ ടിവിയിൽ കാണുമ്പോൾ ഏത് സിനിമയിലേതാണെന്ന് പോലും പിടികിട്ടാറില്ല. എല്ലാത്തിലും ഒരേ ആർട്ടിസ്റ്റുകൾ തന്നെയല്ലേ. അന്ന് അഭിനയിച്ച ചില സിനിമകൾ ആദ്യമായി കാണുന്നതു തന്നെ ഇപ്പോഴാണെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ. പിൽക്കാലത്ത് സാറിന്റെ മകന്റെ കൂടെ ഞാനൊരു സീരിയലിൽ അഭിനയിച്ചു. ആന്റി ഡാഡിയുടെ കൂടെ അഭിനയിച്ച സിനിമകൾ കാണാൻ ഇഷ്ടമാണെന്നൊക്കെ പറഞ്ഞു. നസീർ സാറിനെ കുറിച്ച് ആലോചിക്കുമ്പോൾ ഷീലാമ്മയെയും ഓർമ്മ വരുമെന്ന് പറയുന്നവരുണ്ട്. അത് കേൾക്കുമ്പോൾ സന്തോഷം.
നസീർ സാറിനോട് മലയാളികൾക്ക് എത്ര സ്നേഹമുണ്ടെന്ന് തെളിയിക്കുന്നതാണ് അദ്ദേഹത്തെ അനുകരിക്കുന്ന മിമിക്രിക്കാർക്ക് കിട്ടുന്ന കൈയടി. അവർ അദ്ദേഹത്തെ കളിയാക്കുന്നതായി തോന്നിയിട്ടില്ല. എന്തെങ്കിലും പ്രത്യേകതയുള്ള ആളുകളെയല്ലേ അനുകരിക്കാൻ കഴിയൂ. നസീർ സാറിന്റെ ഒരു സിനിമ പോലും കാണാത്ത കൊച്ചുകുട്ടികൾക്ക് പോലും ആ ഭാവാഭിനയം സുപരിചിതമാകാൻ കാരണം മിമിക്രിയാണ്. നസീർ സാറിന്റെ പേരിൽ കേരളത്തിൽ ഇപ്പോൾ ഒരു സ്മാരകമുണ്ടാകുന്നുവെന്നു കേൾക്കുന്നു. വൈകിയാണെങ്കിലും നന്നായി. മലയാള സിനിമയുള്ളിടത്തോളം നിത്യഹരിത നായകനായി ജീവിക്കേണ്ട മഹാനടനെ മാറിമാറി വന്ന സർക്കാരുകൾ പരിഗണിക്കാൻ വൈകിയത് നിർഭാഗ്യകരമെന്നേ പറയേണ്ടു. പത്മഭൂഷണും പത്മശ്രീയുമടക്കം നിരവധി പുരസ്കാരങ്ങൾ ഏറ്റുവാങ്ങിയെങ്കിലും അവയോ, അദ്ദേഹത്തിന്റെ ഓർമ്മച്ചിത്രങ്ങളോ പ്രദർശിപ്പിക്കാൻ ഒരിടമില്ല. ജീവിതവും സിനിമയുമായി ഒതുങ്ങിനിന്ന ആളായിരുന്നില്ല നസീർ സാർ. സമൂഹത്തെയും രാഷ്ട്രീയത്തെയും കുറച്ച് വ്യക്തമായ കാഴ്ചപ്പാടുകളുണ്ടായിരുന്നു. എത്ര തിരക്കുണ്ടായാലും പത്രവായന മുടക്കാറില്ല.
ജന്മനാട്ടിൽ അദ്ദേഹത്തിന് അർഹിക്കുന്ന രീതിയിൽ സ്മാരകം ഒരുക്കാൻ ഇനി വൈകരുത്. പള്ളിയിൽ കാടുപിടിച്ചു കിടക്കുന്ന ഒരു കബറിടം മാത്രമായി നസീർ സാറിന്റെ ഓർമ്മകൾ അവശേഷിക്കരുത്. സ്മാരകം നിർമ്മാണം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തുവെന്ന് കേട്ടിരുന്നു. നല്ലത്. എത്രയും വേഗം പൂർത്തിയാവട്ടെയെന്ന് പ്രാർത്ഥിക്കുന്നു. ചലച്ചിത്ര വിദ്യാർത്ഥികൾക്ക് അദ്ദേഹത്തെ കുറിച്ച് പഠിക്കാനുള്ള സൗകര്യവും ഒരുക്കണം.